തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷനെ ഗവർണറാക്കുന്ന പതിവ് ആവർത്തിച്ച് ബി.ജെ.പി ദേശീയ നേതൃത്വവും കേന്ദ്ര സർക്കാരും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം അന്നത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ തേടിയാണ് ആദ്യമായി ഗവർണർ പദവിയെത്തിയത്. അതും മിസോറാം സംസ്ഥാനത്തിന്റെ ഗവർണർ പദവി. അതു തന്നെയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ നിലവിലെ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയെയും തേടിയെത്തിയിരിക്കുന്നത്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപാണ് പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നിരുന്ന കുമ്മനത്തെ ഗവർണറായി നിയമിച്ചത്. നിയമന ഉത്തരവ് കേട്ട് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ പോലും ഞെട്ടിയെന്ന വാർത്തയാണ് അന്ന് പുറത്തു വന്നത്. കുമ്മനത്തെ ഗവർണറാക്കിയതിനെതിരെ പാർട്ടി അണികളും രംഗത്തെത്തിയിരുന്നു. ഏതായാലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഗവർണർ സ്ഥാനം ഉപേക്ഷിച്ച കുമ്മനം തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയാകുകയും ചെയ്തു.
അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ശ്രീധരൻപിള്ളയെ ഗവർണറാക്കിയുള്ള ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. അതും കുമ്മനം ഗവർണറായ മിസോറാം സംസ്ഥാനത്തേക്ക്. ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാതകാത്തതിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉയരുന്നതിനിടയിലാണ് ഗവർണർ നിയമനമെന്നതും ശ്രദ്ധേയമാണ്.
കുമ്മനത്തിന്റെ നിയമനം പോലെ മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് ശ്രീധരൻപിള്ളയെ ഗവർണറാക്കിയതും പാർട്ടി സംസ്ഥാന നേതാക്കൾ പോലും അറിയുന്നത്. ഗവർണർ പദവി സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നതാണ് ആദ്യപ്രതികരണത്തിൽ ശ്രീധരൻപിള്ളയും വ്യക്തമാക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.