കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെതിരെ (Popular Front)രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ (MK Muneer). ആലപ്പുഴയില്‍ ഉയര്‍ന്നത് വിഷലിപ്തവും സാമൂഹ്യവിരുദ്ധവുമായ മുദ്രാവാക്യമാണെന്നും കുഞ്ഞുമനസ്സില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത വാക്കുകളാണിതെന്നും എം.കെ മുനീര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.
കുഞ്ഞ് ഹൃദയത്തില്‍ വിഷം കുത്തിവെച്ചവരോട് രാജിയാവാനാവില്ല. പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ത്തതിന്റെ പേരില്‍ എന്ത് നഷ്ടമുണ്ടായാലും മുന്നോട്ടുപോകും. സംഘപരിവാര അജണ്ടകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സഹായം ചെയ്യുകയാണെന്നും മുനീര്‍ വിമര്‍ശിച്ചു.
മുസ്ലിംലീഗും മതസംഘടനകളും ഉള്ളിടത്തോളം പോപ്പുലര്‍ ഫ്രണ്ട് ആശയങ്ങള്‍ കേരളത്തില്‍ ചിലവാകില്ല. സംഘ്പരിവാറിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും എതിര്‍ത്തതാണ് മുസ്ലിംലീഗ് ചരിത്രം. കോടിയേരിക്ക് ഈ ചരിത്രം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേക്കില്ല. തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വാങ്ങി കോടിയേരി ജയിച്ചിട്ടുണ്ടെന്നും മുനീര്‍ വ്യക്തമാക്കി.
എം.കെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപംപോപ്പുലര് ഫ്രണ്ട് പ്രോഗ്രാമില്‍ കുഞ്ഞു ബാലന് വിളിച്ച മുദ്രാവാക്യത്തോടുള്ള പ്രതികരണം ഒന്നേയുള്ളൂ.
ഒരു സമൂഹത്തിലും ഒരിക്കലും യോജിക്കാന്‍ കഴിയാത്ത അങ്ങേയറ്റം വിഷല്പിതവും സാമൂഹ്യ വിരുദ്ധവുമായ മുദ്രാവാക്യം.ഒരു കുഞ്ഞു മനസ്സില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഇത്തരം ജല്പനങ്ങള് ആ കുഞ്ഞിന്റെ ഹൃദയത്തില്‍ കുത്തി വെച്ചവരോട് ഒരിക്കലും രാജിയാവുന്ന പ്രശ്നമില്ല.
ഒരു ബ്രാന്‍ഡിലുള്ള വര്‍ഗീയതയുടെയും നേരെ ഒരു കാലത്തും മൗനമായിരിന്നിട്ടില്ല കേരളീയ സെക്ക്യുലര്‍ സമൂഹം.സംസ്ഥാനത്തിന്റെ ഈ മതേതര സന്തുലനത്തിന് അതുല്യമായ സംഭാവനകള്‍ അര്‍പ്പിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗ്.ചെറുത്തു നിന്നിട്ടേയുള്ളൂ ഞങ്ങളെന്നും എല്ലാ വര്‍ഗീയ ശക്തികളേയും. അത് സംഘപരിവാര്‍ ആണെങ്കിലും പോപ്പുലര്‍ ഫ്രണ്ട് ആണെങ്കിലും.
തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വാങ്ങി ജയിച്ചു ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗിച്ച് അതിജീവിക്കുന്ന കോടിയേരി ബാലകൃഷ്ണനെ പോലുള്ളവര്‍ക്ക് ഈ ചരിത്രം ഉള്കൊല്ലാനുള്ള മാനസിക വളര്‍ച്ച എത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ എല്ലാവരും അങ്ങനെയാണെന്ന് കരുതുന്നില്ല!
വ്യക്തിപരമായി എല്ലാ മനുഷ്യ വിരുദ്ധ,വെറുപ്പ് ഉത്പാദക സമീപനങ്ങളെയും അങ്ങേയറ്റം എതിര്‍ക്കുന്നു.അതിന്റെ പേരില്‍ എന്ത് നഷ്ടങ്ങളുണ്ടായാലും എത്രയൊക്കെ അപഹസിക്കപ്പെട്ടാലും പിറകോട്ട് പോകുന്ന പ്രശ്നമില്ല.
Also Read-
പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രവാക്യം സംഘപരിവാറിനെതിരെയെന്ന് കുട്ടിയുടെ പിതാവ്; അസ്കർ മുസാഫിർ പൊലീസ് കസ്റ്റഡിയിൽവേര്തിരിവില്ലാത്ത മഹത്തായ ഭൂത കാലം കൂടിയാണ് ചരിത്ര സൃഷ്ടിയെ സ്വാധീനിക്കുന്നതെന്ന് ബ്രിട്ടീഷ് ആധുനിക ചരിത്രകാരനായ കരോലിന് സ്റ്റീഡ്മാന്റെ നിരീക്ഷണം കേരളത്തിന്റെ സാംസ്കാരിക ചരിത്രവുമായി സാമ്യപ്പെടുന്നതാണ്.സഹിഷ്ണുതയോടെ തലമുറകള്‍ സഹവസിച്ചതിന്റെ വര്‍ത്തമാനം കൂടിയാണ് കേരളത്തിന്റെ സമകാലീന ചരിത്രം.
ഈ മനോഹരമായ പരസ്പര്യത്തെ ശിരോവധം നടത്താനുള്ള ഏത് ബ്രാന്‍ഡിലുള്ള അജണ്ടകളെയും എക്സ്പോസ് ചെയ്യുക തന്നെ ചെയ്യും.കേരളത്തെ മറ്റൊരു നോര്‍ത്തിന്ത്യ ആക്കി മാറ്റാനുള്ള സംഘപരിവാര്‍ അജണ്ടയെയും അതിന് വഴി തെളിയിച്ചു നല്കുന്ന പോപ്പുലര്‍ ഫ്രണ്ട് താല്പര്യങ്ങളും കേരളീയ സാമൂഹിക സഹജീവനത്തിന് ഭീഷണിയാണെന്ന യാഥാര്‍ത്ഥ്യം പറഞ്ഞു കൊണ്ടല്ലാതെ മുന്നോട്ട് പോകാനാവില്ല. അതിന് പോപ്പുലര്‍ ഫ്രണ്ടിന്റെയോ ആര്‍എസ്എസ്സിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
കുഞ്ഞു മനസ്സുകളില്‍ പോലും വര്‍ഗീയതയുടെ 'ബേണിങ് ഫയര്‍' കൊളുത്തി വെക്കുന്ന പോപ്പുലര്‍ ഫ്രണ്ട് മുന്നോട്ട് വെക്കുന്ന സന്ദേശം എന്താണെന്നും അതിന്റെ അനന്തര ഫലമെന്താണെന്നും കേരളത്തിലെ മുസ്ലിം സമൂഹത്തിന് കൃത്യമായ ബോധ്യമുണ്ട്.അതുകൊണ്ട് തന്നെ ഉത്തരേന്ത്യന്‍ മോഡല്‍ സംഘപരിവാര്‍ രീതികളെ ഇമിറ്റേറ്റ് ചെയ്യുന്ന ഇത്തരം വര്‍ഗീയ അശ്ലീലങ്ങള്‍ കേരളീയ മുസ്ലിം സമൂഹത്തിനകത്ത് വിറ്റു പോവില്ല. അക്കാര്യത്തില്‍ തികഞ്ഞ ജാഗ്രതയോടെ മുസ്ലിം ലീഗും മുസ്ലിം മത സംഘടനകളും ഇവിടെയുള്ളിടത്തോളം !
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.