കോഴിക്കോട് നടക്കാവിലെ വീടിനോട് ചേർന്നുള്ള ജുമാ മസ്ജിദ് പളളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മാതാപിതാക്കളുടെ കബറിടത്തിൽ പ്രാർത്ഥിച്ച് കൊണ്ട് എം.കെ. മുനീർ തൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. പാർട്ടി പ്രവർത്തകർക്കൊപ്പം അഞ്ച് മിനിറ്റോളം ഇവിടെ പ്രാത്ഥന നടത്തി. ഇക്കുറി കൊടുവള്ളി തിരിച്ച് പിടിക്കുമെന്നായിരുന്നു ആദ്യ പ്രതികരണം.
കൊടുവള്ളിയിൽ തനിക്കെതിരെ പ്രതിഷേധമില്ല, പ്രവർത്തകർ അവരുടെ ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. അടിസ്ഥാനപരമായി കൊടുവള്ളി ഐക്യജനാധിപത്യ മുന്നണിയുടെ സീറ്റാണ്. ചില പ്രത്യേക കാരണത്താൽ മാത്രമാണ് കഴിഞ്ഞ പ്രാവശ്യം മണ്ഡലം കൈവിട്ടു പോയത്. ഇക്കുറി അതല്ല സ്ഥിതി, കൊടുവള്ളിയിൽ ഇത്തവണ ലീഗിന് യാതൊരു വെല്ലുവിളിയുമില്ല. അട്ടിമറി സാധ്യത കാണുന്നില്ലെന്നും മുനീർ പറഞ്ഞു.
കോഴിക്കോട് സൗത്തിൽ തന്നെ മത്സരിക്കാനാണ് താൻ ആഗ്രഹിച്ചത്. പത്ത് വർഷക്കാലം പ്രതിനീധികരിച്ച മണ്ഡലം ഒഴിവാക്കുവാൻ ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല. ആ മണ്ഡലത്തിലെ ജനങ്ങൾ തന്നെ അത്രത്തോളം സ്നേഹിച്ചിരുന്നു. എന്നാൽ പ്രത്യേകമായ ചില കാരണങ്ങളാൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാൻ കൊടുവള്ളിയിലേക്ക് പോകണമെന്ന് നിർദേശിച്ചത് പാർട്ടിയാണ്. അതിനാൽ പാർട്ടി ഇക്കുറി സൗത്തിലും, കൊടുവള്ളിയിലും വിജയിച്ച് കയറുമെന്നും മുനീർ ന്യൂസ് 18 നോട് പറഞ്ഞു.
മണ്ഡലത്തിൽ എത്തിയ മുനീർ പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. പരമാവധി ജനങ്ങളെ ആദ്യ ഘട്ടത്തിൽ നേരിൽ കണ്ട് വോട്ട് ചോദിക്കുവാനാണ് ശ്രമം. ഇതിനിടയിൽ തിരഞ്ഞെടുപ്പ് കൺവൻഷൻ വിളിച്ച് ചേർത്ത് പ്രചരണ കമ്മറ്റിയും തിരഞ്ഞെടുത്തു. ഇനിയുള്ള ദിവസങ്ങളിൽ പൂർണ്ണ സമയം മണ്ഡലത്തിൽ തുടരുവാൻ തന്നെയാണ് മുനീറിൻ്റെ തീരുമാനം.
സിറ്റിങ് എം.എൽ.എ. കാരാട്ട് റസാക്കാണ് മുനീറിൻ്റെ പ്രധാന എതിരാളി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, കിഴക്കോത്ത്, മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കൊടുവള്ളി നിയമസഭാമണ്ഡലം. കൊടുവള്ളി നിയമസഭ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇതുവരെ രണ്ട് തവണയാണ് ഇടതുപക്ഷത്തിന് ഇവിടെ വിജയിക്കാനായത്.
2006ൽ പി.ടി.എ. റഹീം, 2016ൽ കാരാട്ട് റസാഖ് എന്നിവർ ഇവിടെ നിന്നും മത്സരിച്ചു ജയിച്ചിരുന്നു. രണ്ട് പേരും ലീഗിന്റെ മുൻ നേതാക്കൾ കൂടിയാണ്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായിരുന്ന എം. എ റസാഖിനെ 573 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാരാട്ട് റസാഖ് ഇടതുപക്ഷത്തിനായി കൊടുവള്ളി മണ്ഡലം പിടിക്കുന്നത്.
മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖിനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് രാജിവച്ചാണു വിമതനായി മത്സരിക്കാനിറങ്ങിയത്.
2011ൽ ലീഗിലെ വി.എം. ഉമ്മർ 16,552 വോട്ടിനു ജയിച്ച മണ്ഡലത്തിലാണ് 2016ൽ ഇടതു സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് വിജയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് നിഷേധത്തിന് പിന്നാലെയായിരുന്നു പാർട്ടിയെ ഞെട്ടിച്ച് ഇടതുപിന്തുണയിൽ റസാഖ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതും മണ്ഡലത്തിൽ വിജയിക്കുന്നതും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.