• HOME
  • »
  • NEWS
  • »
  • kerala
  • »
  • അദ്വാനിക്കൊപ്പം ആഴ്ച തോറും ചായ സത്കാരം നടത്തിയവരാണ് ഇടത് നേതാക്കള്‍; ചിത്രങ്ങള്‍ പങ്കുവച്ച് എം.കെ മുനീര്‍

അദ്വാനിക്കൊപ്പം ആഴ്ച തോറും ചായ സത്കാരം നടത്തിയവരാണ് ഇടത് നേതാക്കള്‍; ചിത്രങ്ങള്‍ പങ്കുവച്ച് എം.കെ മുനീര്‍

"ഉത്സവപറമ്പില്‍ ആഭരണം പൊട്ടിച്ചോടുന്ന മോഷ്ടാവ് തന്നെ 'കള്ളന്‍, കള്ളന്‍'എന്ന് കൂവുന്നതു പോലെയാണ് ദേശാഭിമാനിയിലെ കോടിയേരിയുടെ ലേഖനം"

എം.കെ മുനീർ

എം.കെ മുനീർ

  • Last Updated :
  • Share this:
കോഴിക്കോട്: രമേശ് ചെന്നിത്തലക്കെതിരെ ആര്‍.എസ്.എസ് ബന്ധമാരോപിച്ച കോടിയേരി ബാലകൃഷ്ണനെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കൊപ്പം ആഴ്ച തോറും ചായ സത്കാരം നടത്തിയവരാണ് ഇടത് നേതാക്കളെന്ന് 'മൈ കണ്‍ട്രി മൈ ലൈഫ്' എന്ന അദ്വാനിയുടെ തന്നെ പുസ്തകത്തില്‍  വ്യക്തമാക്കുന്നുണ്ടെന്നും  മുനീര്‍ ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടുന്നു.

രമേശ് ചെന്നിത്തലക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് കോടിയേരി ഈ പുസ്തകം വായിക്കണമെന്നും മുനീര്‍ പറയുന്നു. വി പി സിങ് സര്‍ക്കാറിനെ നിലനിര്‍ത്തുന്നത് വേണ്ടിയായിരുന്നു കൂടിക്കാഴ്ചകളെന്നും ഉത്സവപ്പറമ്പില്‍ ആഭരണം മോഷ്ടിച്ചയാൾ തന്നെ കള്ളന്‍ കള്ളന്‍ എന്ന് വിളിച്ച് കൂവുന്നതിന് സമാനമാണ് കോടിയേരിയുടെ പ്രസ്താവനയെന്നും മുനീര്‍ പരിഹസിക്കുന്നു. അദ്വാനി, വാജ് പേയ് എന്നിവർക്കൊപ്പം  ഇ.എം.എസും ജ്യോതി ബസുവും നില്‍ക്കുന്ന ചിത്രങ്ങളും  മുനീര്‍ പങ്കുവെച്ചിട്ടുണ്ട്.
TRENDING:Tik Tok ban | അമേരിക്ക ടിക് ടോക് നിരോധിക്കുമെന്ന് ഡൊണാൾഡ് ട്രംപ്[NEWS]പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി[NEWS]'18 വയസുവരെ ഞാൻ SFI പ്രവർത്തകൻ; കോടിയേരിയുടെ ന്യായമനുസരിച്ച് CPM ജനറൽ സെക്രട്ടറിയാകാനുള്ള യോഗ്യത എനിക്കുണ്ട്': സദാനന്ദൻ മാസ്റ്റർ[NEWS]
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ഉത്സവപറമ്പില്‍ ആഭരണം പൊട്ടിച്ചോടുന്ന മോഷ്ടാവ് തന്നെ 'കള്ളന്‍, കള്ളന്‍'എന്ന് കൂവുന്നതും ഇന്നത്തെ ദേശാഭിമാനിയിലെ ലേഖനവും ഒരു പോലെ തോന്നുന്നത് സ്വാഭാവികം മാത്രമാണ്. ജന സംഘവുമായി ചേര്‍ന്ന്  കൂത്തുപറമ്പില്‍ നിന്ന് നേരത്തെ മത്സരിച്ച് ജയിച്ച് എംഎല്‍എ ആയ വ്യക്തി ഇപ്പോള്‍ പ്രതിസന്ധിയില്‍പെട്ട് ഉഴലുമ്പോള്‍ രക്ഷിക്കേണ്ട ബാധ്യത തീര്‍ച്ചയായും ലേഖകനുണ്ട്.  എല്ലാ പ്രയാസങ്ങളിലും പാര്‍ട്ടി സെക്രട്ടറിയെ സംരക്ഷിച്ചു നിര്‍ത്തിയതിന്റെ നന്ദി പ്രകടിപ്പിക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ട് . മറിച്ചായാല്‍ അത് നന്ദി കേടാവും.

My Country My Life എന്ന പുസ്തകത്തില്‍ ശ്രീ എല്‍.കെ.അദ്വാനി, സിപിഎം സൈദ്ധാന്തികനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ ജ്യോതി ബസുവുമൊത്തുള്ള  ആഴ്ചതോറുമുള്ള ചായ സല്‍ക്കാരത്തെക്കുറിച്ചും വി പി സിംഗ് സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിനെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ലേഖനം എഴുതുന്നതിനു മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി ആ ആത്മകഥ ഒന്ന് വായിക്കുന്നത് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക്  മുതല്‍ക്കൂട്ടാവും.

സ്വര്‍ണ്ണകള്ളക്കടത്ത്,  നിയമന അഴിമതികള്‍,  കണ്‍സള്‍ട്ടന്‍സി രാജ് എന്നിവയില്‍ നിന്നും  ജനശ്രദ്ധ തിരിച്ചു വിടാന്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്ന കോടിയേരിയുടെ കുതന്ത്രം കേരളത്തിലെ പൊതുസമൂഹത്തിന് നന്നായി അറിയാം. ശരിയായ ദിശയില്‍ NIA അന്വേഷണമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള മറുപടിയും കോവിഡ് കാലത്ത് സര്‍ക്കാരിനെ വിമര്‍ശിക്കരുത് എന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വാക്കും സാദൃശ്യം തോന്നുന്നുവെന്നതും സ്വാഭാവികം.

ആര്‍എസ്എസിന്റെ  സര്‍സംഘചാലകിന്  കൊടിയുയര്‍ത്താന്‍ മതേതര കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനം പാലക്കാട് തുറന്നുകൊടുത്ത,  കണ്ണൂര്‍ വിമാനത്താവളത്തില്‍  ഉദ്ഘാടനത്തിന് മുമ്പ് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന് പറന്നിറങ്ങാന്‍  പരവതാനി വിരിച്ചു കൊടുത്ത  സഖാവിന്റെയും സംഘിന്റെയും പിന്നിലുള്ള ചാലക ശക്തി എന്തായിരുന്നു.?

പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് ഭരിക്കാനുള്ള അവസരം നല്കിയതാരാണ് ? 2016 ലെ നിയമസഭ തെരെഞ്ഞെടുപ്പില്‍ വട്ടിയൂര്‍ കാവില്‍ ബിജെപി സാരഥി രണ്ടാം സ്ഥാനത്ത് എത്തിയതും എല്‍ ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും അവിടെ സിപിഎമ്മിന്റെ താല്പര്യം എന്തായിരുന്നുവെന്ന്  വ്യക്തമാക്കുന്നതാണ്.ബിജെപിയെ സംബന്ധിച്ച് ഇനി കേരളത്തില്‍ അക്കൗണ്ട് തുറന്നില്ലെങ്കില്‍ പോലും ഫലത്തില്‍ ഭരിക്കുന്നത് അവരുടെ പ്രതിനിധി തന്നെയാണ്.പാലത്തായിയിലെ പിഞ്ചു കുഞ്ഞിനു പോലും നീതി നിഷേധിച്ചു ബിജെപി നേതാവിനെ രക്ഷിക്കാന്‍ ഇവിടെയൊരു മുഖ്യനും ഭരണവുമുള്ളപ്പോള്‍ അവര്‍ക്കെന്തിന് വേറൊരു ഭരണം ?ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളോരോന്നും സംഘ് പരിവാറിന് വേണ്ടിയാണെന്ന് പാര്‍ട്ടിക്കാര്‍ക്ക് പോലും അടക്കം പറയേണ്ടി വരുന്ന ഒരു കാലം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.

NIA  അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരാതെ മറ്റൊരു ദിശയിലേക്ക് കടന്നു പോകുന്നു എന്നതാണ് ആശ്വാസം. ഈ സമയത്ത് ഉത്സവപറമ്പില്‍ യഥാര്‍ത്ഥ കള്ളന്‍ 'കള്ളന്‍ കള്ളന്‍' എന്ന് വിളിച്ചോടി ശ്രദ്ധ തിരിക്കുന്നതെന്തിനെന്ന് നമുക്ക് മനസ്സിലാക്കാം.ഏതെങ്കിലും കാരണവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി  സഖാവ് എസ്.ആര്‍.പി യെ കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കെട്ടിയിറക്കിയാല്‍ തടയിടാനുള്ള ഒരു ചെറിയ പൂഴിക്കടകന്‍  കൂടിയാണ് പ്രതിപക്ഷ നേതാവിന് നേരെയുള്ള ആര്‍എസ്എസ് ബന്ധമെന്ന പുതിയ നമ്പര്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മതേതര കേരളത്തിന്റെ ചാലക ശക്തിയാണ്. ഈ മഹാമാരിയുടെ കാലത്തും മതേതര കേരളത്തിനെ  ഒരുമിച്ചു നിര്‍ത്തുന്ന, കൊള്ളകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ചാലകശകതി.രമേശ് ചെന്നിത്തലയുടെ  രാഷട്രീയമെന്തെന്ന് ഇനിയും മനസ്സിലാകാത്തവര്‍ ഇന്ത്യയിലിനിയും ഫാഷിസം വന്നിട്ടിലെന്ന് പറയുന്ന പ്രകാശ് കാരാട്ടിന്റെ ഗ്രൂപ്പുകാരും പാര്‍ട്ടിക്കാറുമാണെന്നത്  തമാശ കലര്‍ന്ന വിരോധാഭാസമാണ്.
Published by:Aneesh Anirudhan
First published: