HOME » NEWS » Kerala » MM HASSAN AGAINST CPM AND CPI ON MUTTIL TREE FELLING CASE NJ TV

നയപരമായ അഭിപ്രായഭിന്നത ഉണ്ടെങ്കിലും കള്ളക്കടത്തിൽ സിപിഎമ്മിനും സിപിഐക്കും ഒരു മനസ്സ്: എം എം ഹസ്സൻ 

മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസ് വന്നപ്പോൾ സിപിഐ പിന്തുണച്ചു. സിപിഐ മന്ത്രിമാർ അഴിമതി നടത്തിയപ്പോൾ മുഖ്യമന്ത്രിയും മൗനം പാലിക്കുന്നു.

News18 Malayalam | news18-malayalam
Updated: June 24, 2021, 2:55 PM IST
നയപരമായ അഭിപ്രായഭിന്നത ഉണ്ടെങ്കിലും കള്ളക്കടത്തിൽ സിപിഎമ്മിനും സിപിഐക്കും ഒരു മനസ്സ്: എം എം ഹസ്സൻ 
എംഎം ഹസൻ
  • Share this:
കോട്ടയം: സിപിഎമ്മിനും സിപിഐക്കുമെതിരെ കടുത്ത വിമർശനവുമായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. മുട്ടിൽ മരംമുറി കേസിൽ ഹൈക്കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ധർണ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എം ഹസ്സൻ.

മുട്ടിൽ മരംമുറി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും അന്ന് വനം മന്ത്രിയായിരുന്ന കെ രാജുവിനും  റവന്യൂ മന്ത്രി ആയിരുന്ന ഈ ചന്ദ്രശേഖരനും പങ്കുണ്ട് എന്നാണ് എം എം ഹസ്സന്റെ ആരോപണം. ഇത് സാധൂകരിക്കുന്ന തെളിവുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത് എന്ന് ഹസൻ ചൂണ്ടിക്കാട്ടി. റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മരം മുറി കേസിൽ പ്രതിസ്ഥാനത്തു നിന്ന ആളെ ഫോണിൽ വിളിച്ചത് ഇതിന് തെളിവാണ് എന്ന് എംഎം ഹസൻ ആരോപിച്ചു.

കർഷകർക്ക് എന്ന വ്യാജേന മരം മുറിച്ചത് മുഖ്യമന്ത്രി ന്യായീകരിക്കുന്നതായും ഹസൻ ആരോപിച്ചു. മന്ത്രിസഭ അറിയാതെ ഇങ്ങനെയൊരു ഉത്തരവിറക്കി എന്ന് പറയുന്നത് വിശ്വസിക്കാൻ ആകുമോ?. ഉത്തരവിനു പിന്നിൽ സദുദ്ദേശമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ഇതാണോ സത്യം? ഹസൻ ചോദിക്കുന്നു.

കുറ്റം ചെയ്തവരെ കൊണ്ട് അന്വേഷണം നടത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. അങ്ങനെ അന്വേഷിച്ചാൽ സത്യം പുറത്ത് വരുമോ എന്ന്  ഹസ്സൻ ചോദിച്ചു. ഉന്നതനാണ് ഉത്തരവ് പുറത്തിറക്കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ അന്വേഷണത്തെ ഹസ്സൻ പരിഹസിച്ചത്. നിലവിൽ 48 കേസുകൾ എടുത്തു എന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ എല്ലാ കേസുകളും ദുർബലമാണ്. ചെറിയ പിഴ അടച്ചാൽ ഉത്തരവാദികൾക്ക് രക്ഷപ്പെടാൻ ആകുന്ന സ്ഥിതിയാണുള്ളത്. ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല. പരിസ്ഥിതി വിഷയം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വന്ന സാഹചര്യത്തിൽ അത്തരത്തിലുള്ള കേസുകൾ എന്തുകൊണ്ടാണ് രജിസ്റ്റർ ചെയ്യാത്തത് എന്നും ഹസൻ ചോദിക്കുന്നു.

You may also like:മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതിയും മുൻ വനംമന്ത്രിയുടെ സ്റ്റാഫും പരസ്പരം ഫോണിൽ വിളിച്ചു; തെളിവുകൾ പുറത്ത്

സിപിഎമ്മും സിപിഐയും തമ്മിൽ നയപരമായ നിരവധി വിഷയങ്ങളിൽ ആശയ ഭിന്നതയുണ്ട്. എന്നാൽ കള്ളക്കടത്തിന്റെ കാര്യത്തിൽ ഇരു പാർട്ടികൾക്കും ഒരു മനസ്സാണ് എന്ന് ഹസ്സൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസ് വന്നപ്പോൾ സിപിഐ പിന്തുണച്ചു. സിപിഐ മന്ത്രിമാർ അഴിമതി നടത്തിയപ്പോൾ മുഖ്യമന്ത്രിയും മൗനം പാലിക്കുന്നു. നിലവിലെ അന്വേഷണത്തിലൂടെ കേസ് തേച്ചുമായ്ച്ചു കളയാൻ അനുവദിക്കില്ല എന്നും ഹസ്സൻ പറഞ്ഞു.

രാജ്യത്ത് കോവിഡ് മരണത്തിൽ കേരളം ഒന്നാമതെത്തുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് താൽപ്പര്യമില്ലാതായി. യുഡിഎഫ് സർക്കാരിന് നിരുപാധിക പിന്തുണയാണ് നൽകിയത്. എന്നാൽ ഈ പിന്തുണ ദുരുപയോഗം ചെയ്താണ് സർക്കാർ ഇപ്പോൾ പ്രവർത്തിക്കുന്നത്.

മരം മുറി കേസിനെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കുന്ന രീതി ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മരം മുറിയുടെ അഴിമതിപ്പണം എകെജി സെന്ററിലേക്കും എംഎൻ സ്മാരകത്തിലേക്കും എത്തി. ഇത് എത്രയാണ് എന്ന് വ്യക്തക്കണം എന്നും ഹസ്സൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തൊട്ടാകെ ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തിയെന്നും ഹസൻ അറിയിച്ചു.
Published by: Naseeba TC
First published: June 24, 2021, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories