• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആപ്പുമായി വി കെ പ്രശാന്ത് എംഎൽ‌എ; യുവാക്കളെ ഉൾപ്പെടുത്തി 'ആർമി'യും വരുന്നു

ആപ്പുമായി വി കെ പ്രശാന്ത് എംഎൽ‌എ; യുവാക്കളെ ഉൾപ്പെടുത്തി 'ആർമി'യും വരുന്നു

വെബ്സൈറ്റിന്റെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

വി.കെ പ്രശാന്ത്

വി.കെ പ്രശാന്ത്

  • Share this:
    തിരുവനന്തപുരം: ഈ ടേമിൽ ഇനി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിന് മുന്നിലുള്ളത് 14 മാസമാണ്. ഇതിനിടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക എന്ന വെല്ലുവിളിയാണ് എംഎൽഎക്ക് മുന്നിലുള്ളത്. റോഡുകളുടെ നവീകരണം, മാലിന്യസംസ്കരണം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങി മണ്ഡലം നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. എംഎല്‍എ ഫണ്ടിന് പുറമെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള സി.എസ്.ആർ ഉൾപ്പെടെയുള്ള ഫണ്ടും സമാഹരിച്ച് സമഗ്ര വികസന പദ്ധതി നടപ്പാക്കാനാണ് വി കെ പ്രശാന്ത് ലക്ഷ്യമിടുന്നത്.

    പരാതികളും ആശയങ്ങളും പങ്കുവയ്ക്കാൻ വെബ്സൈറ്റും മൊബൈൽ ആപ്പും

    വട്ടിയൂർകാവ് മണ്ഡലത്തിന്റെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയാണ് വെബ്സൈറ്റ് തയാറാക്കിയിട്ടുള്ളത്. പൊതുജനങ്ങളുമായി സംവദിക്കാനും പദ്ധതികളുടെ നിർമാണ പുരോഗതി മനസിലാക്കാനും വെബ്സൈറ്റിൽ നിന്ന് കഴിയും. പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാനും വെബ്സൈറ്റ് ഉപയോഗിക്കാം. വെബ്സൈറ്റ് ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും. മൊബൈൽ ആപ്പും ഉടൻ ഉദ്ഘാടനം ചെയ്യും. മൊബൈൽ ആപ്പിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.

    വികസന പ്രവർത്തനങ്ങൾക്ക് യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ വട്ടിയൂർക്കാവ് ആർമി

    മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പഠനത്തിനും വികസന പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കാനും സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കും. വട്ടിയൂർക്കാവ് ആർമി എന്ന പേരിലാകും കൂട്ടായ്മ. ആവശ്യഘട്ടങ്ങളിൽ ആർമിയുടെ സേവനവും വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തും. പ്രൊഫഷണൽ കൊളജുകൾ ഉൾപ്പെടെയുള്ള കൊളജുകളിലെ വിദ്യാർഥികളെ വികസനത്തിന്റെ ഭാഗമാക്കാനാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. വട്ടിയൂര്‍ക്കാവ് ആർമിയുടെ രജിസ്ട്രേഷൻ വെബ്സൈറ്റ് വഴി പൂർത്തിയാക്കാനാകും.

    വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനത്തിനായി ഇന്റേൺഷിപ്പ് പ്രോഗ്രാം

    വിവിധ മേഖലകളിൽ ഉന്നത പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെ ഉൾപ്പെടുത്തി പരിശീലന പരിപാടി നടത്തും. ആറു മാസത്തിൽ കൂടാത്ത കാലയളവിൽ സൗജന്യ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് തയാറാക്കുന്നത്. വിജയകരമായി ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേറ്റും നൽകും. പ്രവർത്തിപരിചയക്കുറവ് ജോലി ലഭിക്കാൻ തടസമാകുന്ന സാഹചര്യത്തിലാണ് ഇന്റേൺഷിപ്പിന് എംഎല്‍എ തന്നെ അവസരം നൽകുന്നത്. വ്യാഴാഴ്ചയ്ക്ക് ശേഷം ഇന്റേൺഷിപ്പ് രജിസ്ട്രേഷൻ സൗകര്യവും വെബ്സൈറ്റിൽ ലഭ്യമാക്കും

    പ്രമൂഖരെ ഉൾപ്പെടുത്തി ഉപദേശക സമിതി

    യൂവാക്കൾക്കൊപ്പം വികസനത്തിന് മുതിര്‍ന്ന പരിചയസമ്പന്നരുടെയും സേവനം ഉറപ്പാക്കാനാണ് വി കെ പ്രശാന്തിന്റെ പദ്ധതി. വിദഗ്ദ്ധർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാകും ഉപദേശക സമതി രൂപീകരിക്കുക. സമിതി കൃത്യമായി യോഗം ചേർന്ന് വികസന പ്രവർത്തനങ്ങളും ആശയങ്ങളും ചർച്ചചെയ്ത് നടപ്പാക്കും.
    Published by:Rajesh V
    First published: