തൃശൂര്‍: മൊബൈല്‍ ഫോണ്‍ റിപ്പയറിങ്ങിന് വാങ്ങി വെച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നല്‍കാതിരുന്ന സംഭവത്തില്‍ പരാതിക്കാരന് അനുകൂല വിധി. മാന്ദാമംഗലം സ്വദേശി നെല്ലിക്കാമലയില്‍ വീട്ടില്‍ ജിബിന്‍ എന്‍ യു ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്.
തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഏക്സസ് ഇലക്ട്രോണിക്സ് ഉടമ, ഡല്‍ഹിയിലെ സോണി ഇന്ത്യാ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരെയാണ് ജിബിന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ജിബിന്‍ തൃശൂരിലെ സതേണ്‍ സ്മാര്‍ട്ട് ടച്ചില്‍ നിന്ന് 27000 രൂപ നല്കി ഫോണ്‍ വാങ്ങി. ഫോണിന്റെ സിം പ്രവര്ത്തനക്ഷമമാകാതായതോടെ ഫോണ്‍ വാങ്ങിയ കടയെ സമീപിച്ചു.
സതേണ്‍ സ്മാര്‍ട്ട് ടച്ചില്‍ പരാതിപ്പെട്ടപ്പോള്‍ സര്‍വ്വീസ് സെന്ററായ ഏക്സസ് ഇലക്ട്രോണിക്സിനെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. ഫോണ്‍ വാങ്ങി വെച്ച ഏക്സസ് ഇലക്ട്രാണിക്സ് തകരാര്‍ പരിഹരിച്ച് ഫോണ്‍ തിരിച്ച് നല്‍കിയില്ല.
തുടര്‍ന്ന് ഹര്‍ജി നല്‍കുകയായിരുന്നു. എന്നാല്‍ റിപ്പയറിങ്ങിനാവശ്യപ്പെട്ട 10380 രൂപ ജിബിന്‍ കൊടുത്തില്ലെന്നും തകരാറുകള്‍ ഹര്‍ജിക്കാരന്റെ പക്കല്‍ നിന്ന് സംഭവിച്ചതാണെന്നും കമ്പനി പറഞ്ഞു. എന്നാല്‍ ഹര്‍ജിക്കാരന്റെ പക്കല്‍ നിന്ന് സംഭവിച്ചതാണെന്ന് സാധൂകരിക്കുവാനുള്ള തെളിവുകള്‍ ഹാജരാക്കുകയോ ഫോണ്‍ കോടതി മുമ്പാകെ ഹാജരാക്കുകയോ എതൃകക്ഷികള്‍ ചെയ്തില്ല.
ഹര്‍ജി പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പര്‍ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃകോടതി, ഫോണിന്റെ നിര്‍മ്മാതാവായ സോണി ഇന്ത്യാ ലിമിറ്റഡിനോട് ഫോണിന്റെ വിലയായ 27000 രൂപ നല്കുവാനും സര്‍വ്വീസ് സെന്ററായ ഏക്സസ് ഇലക്ട്രോണിക്സ്, സോണി ഇന്ത്യാ ലിമിറ്റഡ് എന്നിവരോട് 3000 രൂപ വീതം നഷ്ട പരിഹാരം നല്കുവാനും ഉത്തരവ് പുറപ്പെടുവിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.