പത്തനംതിട്ട: ലാവലിന്‍ അഴിമതി കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയാറായിട്ടും കേസ് മാറ്റിവയക്കണമെന്ന അഡീഷണല്‍ സേളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നിലപാട് പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡീഷണല്‍ സോളിറ്റര്‍ ജനറലിന്റെ നിലപാട് പിണറായിയെ രക്ഷിക്കാനുള്ള നരേന്ദ്രമോദിയുടെ ഒളിച്ചുകളിയാണ്. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രതികരിക്കാന്‍ പോളിറ്റ് ബ്യൂറോ നിയന്ത്രിക്കുന്ന പിണറായി വിജയനോ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ഇതുവരെ തയ്യാറായിട്ടില്ല. ഇതുവരും ഇതില്‍ പ്രതികരിക്കാത്തതും ഈ രഹസ്യധാരണയുടെ ഫലമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Also Read
പെരിയ ഇരട്ടക്കൊല: കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരൻകണ്ണൂരില് ആര്.എസ്.എസുകാരനായ ജയകൃഷ്ണന് മാസ്റ്ററുടെ വധത്തിലെ ഒന്നാം പ്രതിയായ അച്ചാരത്തില്‍ പ്രദീപിന് ശിക്ഷയിളവ് നല്കി രക്ഷപ്പെടുത്താനും സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ച് പ്രവര്‍ത്തിച്ചു. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെയാണ് പ്രദീപിന് ശിക്ഷയിളവ് നല്കി സ്വതന്ത്രനാക്കിയത്. 14 വര്‍ഷം നിര്‍ബന്ധിത ജീവപര്യന്തം ലഭിച്ച വ്യക്തികള്‍ക്ക് ശിക്ഷയിളവ് നല്‍കരുതെന്ന് കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അച്ചാരത്തില്‍ പ്രദീപന് സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജയകൃഷ്ണന് മാസ്റ്ററുടെ മാതാവ് ഹൈക്കോടതിയില്‍ നല്കിയ കേസിന്റെ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള ഹര്‍ജി പിന്‍വലിച്ചത് എന്തിനാണ്? സി.പി.എം -ബി.ജെ.പി. രഹസ്യധാരണ ഈ കേസില്‍ പ്രകടമായെന്നും മുല്ലപ്പള്ളി പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയുടനെ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതും തുടര്‍ന്ന് അദ്ദേഹത്തെ പ്രശംസിച്ച് വാര്‍ത്താസമ്മേളനം നടത്തിയതും കേരളീയ പൊതുസമൂഹം കണ്ടതാണ്. അന്ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി ആദ്യം ചെയ്തത് സീനിയോറിറ്റി മറികടന്ന് ലോക്നാഥ് ബഹറയെ ഡി.ജി.പിയായി നിയമിക്കുകയെന്നതാണ്. ഇതേക്കുറിച്ച് താന്‍ നേരത്തെ ഉന്നയിച്ച ആരോപണത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് എന്‍.എസ്.എസിനെ മാടമ്പിയെന്നു വിളിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എന്‍.എസ്.എസ്. സി.പി.എമ്മിന്റെ പോഷകസംഘടനയല്ല. നവോത്ഥാനം പറയുന്നവര്‍ മന്നത്തു പത്മനാഭനെ മറന്നു. സാമുദായ സംഘടനകളെ പരസ്യമായി വിമര്‍ശിക്കുകയും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തിണ്ണനിരങ്ങുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.