കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ മുക്കത്തെ പര്യടന പരിപാടിക്കിടെ വ്യാപക പോക്കറ്റടി. ഒന്‍പത് പേരാണ് പരാതിയുമായി മുക്കം പൊലീസ് സ്റ്റേഷനിലെത്തിയത്. പതിനഞ്ചിലധികം പേരുടെ പഴ്സ് നഷ്ടപ്പെട്ടതായാണ് വിവരം. ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയ്ക്കുള്ള പണം മൊത്തത്തില്‍ മോഷണംപോയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കുറഞ്ഞ പണം നഷ്ടപ്പെട്ട പലരും ഇക്കാര്യം പുറത്തുപറയാൻ മടിക്കുകയാണ്.
പണം മാത്രമല്ല, എടിഎം കാര്‍ഡ്, ലൈസന്‍സ് അടക്കമുള്ള രേഖകളും ഇതോടൊപ്പം നഷ്ടപ്പെട്ടിട്ടുണ്ട്. മുക്കം നഗരസഭയിലെ 31-ാം വാര്‍ഡ് കൗണ്‍സിലര്‍ റഹ്മത്തിന്റെ ഭര്‍ത്താവ് വി ടി ബുഷൈറിന്റെ 26,000 രൂപയടങ്ങിയ പഴ്സ്, മുന്‍ മുക്കം പഞ്ചായത്ത് മെംബര്‍ ആമിനയുടെ ഭര്‍ത്താവ് മുഹമ്മദ് പുല്ലംപാടിയുടെ 17,000 രൂപ, മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ മുത്താലം സ്വദേശി മുനീര്‍ എന്നിവരുടേതടക്കമുള്ള പഴ്സുകളാണ് മോഷ്ടിക്കപ്പെട്ടത്.
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ച പഴയ ഫയര്‍ സ്റ്റേഷന് പരിസരത്ത് നിന്നവരുടെ പഴ്സുകളാണ് മോഷ്ടിക്കപ്പെട്ടത്. ഈങ്ങാപ്പുഴയിൽ നിന്ന് എത്തിയ രാഹുൽ കാറിൽ നിന്നിറങ്ങി തുറന്ന വാഹനത്തിലേക്ക് കയറുമ്പോഴുണ്ടായ തിരക്കിനിടെയാണ് മോഷണം നടന്നത്. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rahul gandhi, രാഹുൽ ഗാന്ധി, വയനാട്