മലപ്പുറം: സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് കഴിഞ്ഞമാസം മരണമടഞ്ഞ ഇമ്രാനുവേണ്ടി സമാഹരിച്ച തുകയുടെ മുക്കാൽ ഭാഗവും ഇതേ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി വിനിയോഗിക്കും. മങ്കട വലമ്പൂരിൽ ചികിത്സാ - സഹായകമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. മങ്കട ഗവൺമെൻറ് ആശുപത്രിയിൽ കുട്ടികളുടെ ചികിത്സയ്ക്കായി ഇമ്രാന്റെ പേരിൽ പ്രത്യേക ബ്ലോക്ക് നിർമിക്കാനും ചികിത്സാസഹായ സമിതി തീരുമാനിച്ചു.
16.61 കോടി രൂപയാണ് ഇമ്രാന്റെ ചികിത്സക്ക് വേണ്ടി സമാഹരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്. മഞ്ഞളാംകുഴി അലി എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന ചികിത്സ സഹായ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. തുക സമാന രോഗാവസ്ഥയിൽ ഉള്ളവരുടെ ചികിത്സക്ക് കൈമാറണം എന്ന് ആയിരുന്നു സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിയ സർവേയിൽ ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത്.
സർവേയിൽ പങ്കെടുത്ത 75 ശതമാനം പേർ ഇതേരോഗം ബാധിച്ച മറ്റു കുട്ടികൾക്ക് സഹായമായി നൽകണമെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേർ ഇമ്രാന് സ്മാരകമായി കുട്ടികളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രി നിർമിക്കണമെന്നും ആവശ്യപ്പെട്ടു. അതുപ്രകാരം 12 കോടി രൂപ സമാന രോഗത്തിന് ചികിത്സയിലുള്ള 6 പേർക്ക് നൽകും.
Also Read-ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് പിഴ; 2000 രൂപ പിഴ ഈടാക്കി 500 രൂപയുടെ രസീത് നല്‍കി പൊലീസ്
ക്രൗഡ് ഫണ്ടിംഗിലൂടെ 8 കോടി രൂപ സമാഹരിച്ചവർക്ക് ആകും 02 കോടി രൂപ വച്ച് നൽകുക. ബാക്കി തുക കൊണ്ട് മങ്കട സർക്കാർ ആശുപത്രിയിൽ ഇമ്രാന്റെ പേരിൽ കെട്ടിടം നിർമിക്കും.
2,86,000 ആളുകളാണ് സഹായം നൽകിയാണ് 16.61 കോടി രൂപ ലഭിച്ചത്. ദൗർഭാഗ്യവശാൽ ഇമ്രാന് മരുന്ന് എത്തിക്കും മുൻപ് കുഞ്ഞ് ലോകത്തോട് വിട പറഞ്ഞു. പിന്നെ ഈ തുക എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ ഓൺലൈൻ ആയി അഭിപ്രായ സർവേ നടത്തുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 12 കോടി രൂപ ചികിത്സ സഹായം ആയി നൽകാൻ തീരുമാനിച്ചു. കോടതിയുടെ കൂടെ തീരുമാനം വന്നതിന് ശേഷമേ മറ്റ് നടപടികൾ എടുക്കൂവെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.
Also Read-ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് രക്തം വാർന്ന് മരിച്ചു;10000 രൂപ മോഷണം പോയെന്നും ആരോപണം
മരുന്നിന്റെ വില 10 കോടിയായി കുറക്കാൻ ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ ഇടപെടൽ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അപ്പോൾ 8 കോടി രൂപ വരെ സമാഹരിച്ചവർക്ക് ബാക്കി 2 കോടി ഇതിൽ നിന്ന് നൽകും. അങ്ങനെ 6 പേർക്കാണ് നൽകുക. ബാക്കി തുക കൊണ്ട് മങ്കട ആശുപത്രിയിൽ ഇമ്രാന്റെ പേരിൽ കെട്ടിടം നിർമിക്കും. അദ്ദേഹം പറഞ്ഞു.
ഈ തീരുമാനം ഹൈക്കോടതിയെ അറിയിച്ച് കോടതിയുടെ നിർദേശം കൂടി പരിഗണിച്ച് ആകും തുടർനടപടികൾ സ്വീകരിക്കുക. ഫണ്ട് എങ്ങനെ വിനിയോഗിക്കുമെന്ന് അറിയിക്കാൻ ഹൈക്കോടതി ചികിത്സാസമിതിയോട് ആവശ്യപ്പെട്ടിരുന്നു. മങ്കട വലമ്പൂർ സ്വദേശി ആരിഫിന്റെ മകനായിരുന്നു ഇമ്രാൻ. ഭീമമായ ചികിത്സ ചെലവ് സർക്കാർ വഹിക്കണം എന്ന് ആവശ്യപ്പെട്ട് മുൻപ് ആരിഫ് ഹൈകോടതിയെ സമീപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: SMA Medicine Price, Spinal muscular atrophy, Spinal muscular atrophy Treatment Cost