• HOME
 • »
 • NEWS
 • »
 • kerala
 • »
 • Monkeypox | മങ്കിപോക്സ്: രോഗി യാത്ര ചെയ്ത കാറിന്‍റെ ഡ്രൈവറെയും കണ്ടെത്തി; രോഗി നൽകിയ വിവരങ്ങളിൽ അവ്യക്തത

Monkeypox | മങ്കിപോക്സ്: രോഗി യാത്ര ചെയ്ത കാറിന്‍റെ ഡ്രൈവറെയും കണ്ടെത്തി; രോഗി നൽകിയ വിവരങ്ങളിൽ അവ്യക്തത

ടാക്സി ഡ്രൈവറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന തലത്തില്‍ നല്‍കുമെന്ന് കൊല്ലം ഡി.എം.ഒ അറിയിച്ചു

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചയാളെ കൊല്ലത്തുനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച ടാക്സി ഡ്രൈവറെ കണ്ടെത്തി. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞത്. രോഗി അധികൃതർക്ക് നൽകിയ വിവരങ്ങളിൽ അവ്യക്തത ഉണ്ടായിരുന്നതുകൊണ്ടാണ് ടാക്സി ഡ്രൈവറെ കണ്ടെത്താൻ വൈകിയതെന്നാണ് റിപ്പോർട്ട്. അതേസമയം ടാക്സി ഡ്രൈവറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന തലത്തില്‍ നല്‍കുമെന്ന് കൊല്ലം ഡി.എം.ഒ അറിയിച്ചു. വിവരങ്ങള്‍ നല്‍കാന്‍ തനിക്ക് അനുമതിയില്ലെന്നും ഡിഎം ഒ വ്യക്തമാക്കി.

  മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി യാത്ര ചെയ്ത ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ദുബായില്‍ നിന്ന് എത്തിയ യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വന്നതും തിരികെ പോയതും വ്യത്യസ്ത ഓട്ടോകളിലാണ്. ഈ രണ്ട് ഓട്ടോകളുടെയും ഡ്രൈവർമാരെ തിരിച്ചറിയുകയും, അവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ രോഗി സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല. കൊല്ലം കെ എസ് ആര്‍ ടി സി പരിസരത്ത് നിന്നും ടാക്‌സി വിളിച്ചായിരുന്നു ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് പോയത്.

  അതേസമയം, മങ്കി പോക്സുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കേരളത്തിലെത്തുന്ന കേന്ദ്ര വിദഗ്ധ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ സന്ദര്‍ശിക്കും. സംഘം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിക്കുന്നുണ്ട്. അതിനിടെ ആരോഗ്യവകുപ്പ് ഉന്നതരുമായും കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തും. മങ്കിപോക്സ് സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ള കൊല്ലം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങളില്ലെന്നാണ് സൂചന.

  മങ്കി പോക്സുമായി ബന്ധപ്പെട്ട് കളക്‌ടർ അഫ്‌സാന പർവീൻ നടത്തിയ വാർത്ത സമ്മേളനം മാധ്യമങ്ങൾ നൽകരുതെന്ന നിർദേശം വിവാദമായി. പി.ആർ.ഡി വഴിയാണ് കളക്ടർ നിർദേശം നൽകിയത്. മങ്കി പോക്‌സിൽ ആരോഗ്യ വകുപ്പിനുണ്ടായ ഗുരുതര വീഴ്ച്ച വാർത്ത ആയതിന് പിന്നാലെയാണ് നിർദേശം.

  കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സ്ഥിതി വിവരം പങ്കുവയ്ക്കുന്നതിന് മാത്രമായാണ് ജില്ലാ കളക്ടര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് രോഗി നിലവില്‍ ചികിത്സയിലുള്ളത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക വിവരങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളുമുള്‍പ്പെടെ സംസ്ഥാനതലത്തില്‍ ലഭ്യമാക്കും. മേല്‍ സാഹചര്യത്തില്‍ ജില്ലയില്‍ കളക്ടര്‍ നടത്തിയ വാര്‍ത്താ സമ്മേളന ദൃശ്യ മാധ്യമങ്ങള്‍ നല്‍കരുതെന്ന് ജില്ലാ കളക്ടര്‍ പിആർഡി വഴി അറിയിക്കുകയായിരുന്നു.

  രോഗം സ്ഥിരീകരിച്ച യുവാവിന്റെ അമ്മയെയും സഹോദരനെയും തിരുവനന്തപുരത്തുതന്നെ നിരീക്ഷണത്തിലാക്കിയതായും കൊല്ലം ജില്ലാ കളക്ടര്‍ അഫ്സാന പർവീൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകാനാണ് ഇയാള്‍ ടാക്‌സി വിളിച്ചതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

  എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 35 പേരുടെ സ്വദേശമായ അഞ്ചുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശവും നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

  മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കാന്‍ യോഗം തീരുമാനിച്ചു. കൊല്ലം സ്വദേശിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 16 പേരെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. വിമാനത്തില്‍ രോഗബാധിതന്റെ അരികില്‍ ഇരുന്ന 11 പേരെ ഹൈ റിസ്‌ക് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരോട് സ്വയം നിരീക്ഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 11 പേര്‍ അടക്കം വിമാനത്തിലുണ്ടായിരുന്ന 35 പേരോടും സ്വയം നിരീക്ഷണം നടത്താന്‍ നിര്‍ദേശിച്ചു. രാവിലെയും വൈകീട്ടും ഫോണില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ തിരക്കാന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. നമ്പര്‍ ലഭ്യമല്ലാത്തത് കൊണ്ട് ചിലരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഇവരെയും കണ്ടെത്തി നിര്‍ദേശങ്ങള്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു.

  മങ്കിപോക്സിന് 21 ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. 21 ദിവസമാണ് മങ്കി പോക്സിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ്. അതിനിടെ കൊല്ലം സ്വദേശി തിരുവനന്തപുരത്ത് എത്തിയ വിമാനത്തിന്റെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 12ന് ഷാര്‍ജ- തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് കൊല്ലം സ്വദേശി തിരുവനന്തപുരത്ത് എത്തിയത്. വിമാനത്തില്‍ 160ല്‍പ്പരം യാത്രകാര്‍ ഉണ്ടായിരുന്നു.
  Published by:Anuraj GR
  First published: