• HOME
  • »
  • NEWS
  • »
  • kerala
  • »
  • Monkeypox | കോട്ടയത്ത് രണ്ടു പേർ നിരീക്ഷണത്തിൽ; അഞ്ച് ജില്ലകളിൽനിന്നുള്ളവർ സമ്പർക്ക പട്ടികയിൽ

Monkeypox | കോട്ടയത്ത് രണ്ടു പേർ നിരീക്ഷണത്തിൽ; അഞ്ച് ജില്ലകളിൽനിന്നുള്ളവർ സമ്പർക്ക പട്ടികയിൽ

രോഗം സ്‌ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തില്‍ വന്നവരാണ് രണ്ട് പേരും. നിലവില്‍ ഇരുവര്‍ക്കും ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ഡിഎംഒ

  • Last Updated :
  • Share this:
    കോട്ടയം: മങ്കിപോക്‌സ് സ്‌ഥിരീകരിച്ച വ്യക്‌തിക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പേര്‍ കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍. രോഗം സ്‌ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തില്‍ വന്നവരാണ് രണ്ട് പേരും. നിലവില്‍ ഇരുവര്‍ക്കും ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ഡിഎംഒ അറിയിച്ചു.

    അതിനിടെ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ച ആളുമായി വിമാനത്തില്‍ സമ്പര്‍ക്കമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്‌ജമാക്കും. മെഡിക്കല്‍ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു

    കഴിഞ്ഞ 12ആം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ- തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് രോഗി എത്തിയത്. ഈ വിമാനത്തില്‍ യാത്ര ചെയ്‌തവര്‍ സ്വയം നിരീക്ഷണം നടത്തണം. രോഗിയുമായി സമ്ബര്‍ക്കം ഉണ്ടായ 16 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എമിഗ്രേഷന്‍ ക്ളിയറന്‍സ് ഉദ്യോഗസ്‌ഥരേയും രോഗിയുടെ ബാഗേജ് കൈകാര്യം ചെയ്‌തവരേയും നിരീക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. \

    മങ്കിപോക്സ് പകരാൻ സാധ്യത രോഗിയുമായി അടുത്ത സമ്പർക്കമുള്ളവർക്ക് മാത്രം; ആശങ്ക വേണ്ടെന്ന് IMA

    മങ്കിപോക്സിൽ (MoneyPox) ആശങ്ക വേണ്ടെന്ന് ഐഎംഎ (IMA). കോവിഡ് രോഗബാധ പോലെ ആശങ്ക വേണ്ട സാഹചര്യമല്ല നിലവിലുള്ളത്. രോഗിയുമായി അടുത്തിടപഴകുന്ന ആളുകളില്‍ മാത്രമാണ് മങ്കിപോക്‌സ് രോഗം പകരാന്‍ സാധ്യതയുള്ളത്. ശരീര ശ്രവങ്ങളില്‍ കൂടി രോഗിയില്‍ നിന്നും മറ്റുള്ളവരി ലേക്കു രോഗം പകരാം.

    അന്തരീക്ഷത്തില്‍ കൂടിയോ മറ്റ് മാര്‍ഗ്ഗങ്ങളില്‍ കൂടിയോ ഈ രോഗം പകരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഈ വൈറസ് വ്യാപകമായി വ്യാപിച്ചതിന്റെ ഒരു സൂചനയും നിലവിലില്ല. ഈ രോഗം നിലവിലുള്ള മറ്റു രാജ്യങ്ങളില്‍ ഈ വര്‍ഷം മങ്കി പോക്‌സ് മൂലം മരണം നടന്നതായി റിപ്പോര്‍ട്ടുകളില്ല.

    ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ കണ്ടുവരുന്ന വീര്യം കുറഞ്ഞ ഓര്‍ത്തോപോക്‌സ് വിഭാഗത്തില്‍പ്പെട്ട ഡി.എന്‍.എ. വൈറസുകളാണ് രോഗകാരണം. ചിക്കന്‍ പോക്‌സുമായി യാതൊരു ബന്ധവുമില്ലെങ്കിലും തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ചിക്കന്‍ പോക്‌സിനു തുല്യമാകാം.

    Also Read-മങ്കിപോക്സ്: എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം; 5 ജില്ലകളിൽ നിന്നുള്ളവര്‍ക്ക് ഫ്ലൈറ്റ് കോണ്ടാക്ട്

    പനി, തലവേദന, കഴലവീക്കം, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ഉള്ളവരുമായി അടുത്തു സമ്പര്‍ക്കം ഉണ്ടായാല്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ചകള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അവ പഴുത്തു പൊട്ടുകയും തുടര്‍ന്ന് ഉണങ്ങിത്തുടങ്ങുകയും ചെയ്യും. മിക്കവരിലും രോഗം തനിയെ ഭേദമാകും. അപൂര്‍വ്വമായി മാത്രമേ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാറുള്ളൂ. ചുണങ്ങുകള്‍ കരിയുന്നതുവരെ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്.

    Also Read-കുരങ്ങുപനി കൊറോണ വൈറസ് പോലെയല്ല, കാട്ടുതീ പോലെ പടരില്ല: ICMR

    കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് എന്നുള്ളത് കൊണ്ടാണ് ഈ രോഗം മങ്കിപോക്‌സ് എന്ന് അറിയപ്പെടുന്നത്. ഈ വൈറല്‍ പനി പകരാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് അകലം പാലിക്കുകയും സുരക്ഷാ രീതികള്‍ അവലംബിക്കുകയും ചെയ്യേണ്ടതാണ്. ഈ രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും ജാഗ്രത പാലിക്കണം.
    Published by:Anuraj GR
    First published: