• HOME
 • »
 • NEWS
 • »
 • kerala
 • »
 • Sabarimala| ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ; ജലനിരപ്പ് താഴ്ന്നാൽ പമ്പാ സ്നാനം അനുവദിക്കും

Sabarimala| ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ; ജലനിരപ്പ് താഴ്ന്നാൽ പമ്പാ സ്നാനം അനുവദിക്കും

ശബരിമലയിൽ ഒരുദിവസം പ്രവേശിക്കാവുന്ന ഭക്തരുടെ എണ്ണം 45,000 ആയി ഉയർത്തി

ശബരിമല

ശബരിമല

 • Share this:
  ശബരിമലയിൽ (Sabarimala)ഭക്തർക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാൻ ദേവസ്വം ബോർഡ്. ജലനിരപ്പ് താഴുമ്പോൾ പമ്പാ സ്നാനം അനുവദിക്കും. പരമ്പരാഗത പാത വഴിയുളള മലകയറ്റം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. സന്നിധാനത്ത് ഭക്തർക്ക് വിരിവയ്ക്കാൻ അനുമതി നൽകുന്നതിലും അന്തിമ തീരുമാനം ഉടനുണ്ടാകും.

  തീർത്ഥാടനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് ദേവസ്വം ബോർഡ് ശ്രമം. ശബരിമലയിൽ ഒരുദിവസം പ്രവേശിക്കാവുന്ന ഭക്തരുടെ എണ്ണം 45,000 ആയി ഉയർത്തി. നിലവിൽ പമ്പയിൽനിന്ന് സന്നിധാനത്തേക്കു തിരിച്ചും ഭക്തർ സഞ്ചരിക്കുന്നത് സ്വാമി അയ്യപ്പൻ റോഡ് വഴിയാണ്. വൈകാതെ തന്നെ നീലിമലയിലൂടെയുള്ള പാത തുറക്കേണ്ടിവരും. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് പമ്പ സ്നാനം വിലക്കിയിരുന്നു. പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇളവുകൾ വരുത്തുന്ന കാര്യം പരിഗണിച്ചത്.

  ശബരിമല തീര്‍ഥാടകരെ സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കുന്ന കാര്യവും നീലിമല പാതയിലൂടെ കടത്തിവിടുന്ന കാര്യവും പരിഗണിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ യോഗ ശേഷം പറഞ്ഞു. പമ്പയില്‍ വെള്ളം കുറയുന്നതിന് അനുസരിച്ച് ഭക്തര്‍ക്ക് സ്നാനത്തിന് അനുവാദം നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ദര്‍ശനം നടത്തിയശേഷം ഉടന്‍തന്നെ തിരിച്ചിറങ്ങേണ്ടി വരുന്നത് തീര്‍ഥാടകര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.

  അതുകൂടി കണക്കിലെടുത്താണ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കുന്നത് പരിഗണിക്കുന്നത്. നിലവില്‍ ഭക്തര്‍ക്ക് താമസിക്കാന്‍ 300 മുറികള്‍ നല്‍കാന്‍ കഴിയും. ബാക്കിയുള്ള 200 മുറികളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ട്. രണ്ടുവര്‍ഷത്തോളം മുറികള്‍ ഉപയോഗിക്കാതിരുന്നതിനാല്‍ അറകുറ്റപണികള്‍ നടത്തേണ്ടിവരും. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

  Also Read-കുതിരാന്‍ തുരങ്കത്തില്‍ ഇരുഭാഗത്തേക്കും വാഹന ഗതാഗതം; പരീക്ഷണ ഓട്ടത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  നീലിമല പാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടുന്നതിനുള്ള ഒരുക്കങ്ങള്‍ 80 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എരുമേലി വഴിയുള്ള കാനനപാത തെളിക്കാൻ വനം വകുപ്പിന് നിർദേശം നൽകി. സന്നിധാനത്ത് താമസത്തിന് ദേവസ്വം ഡോർമിട്രികൾ തയാറാക്കും.
  ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ കുട്ടികൾക്ക് ആർ ടി പി സി ആർ പരിശോധന ഒഴിവാക്കും. ഞുണങ്ങാർ പാലം പണി
  പത്ത് ദിവസത്തിനകം പൂർത്തിയാക്കാനും കൂടുതൽ കെ എസ് ആർടിസി ബസുകൾ സർവീസ് നടത്താനും തീരുമാനമായി.

  Also Read-Bus Charge | ബസ് ചാര്‍ജ് വര്‍ധന ; വിദ്യാര്‍ഥി സംഘടനകളുമായി അടുത്ത മാസം 2ന് ചര്‍ച്ച നടത്തും: മന്ത്രി ആന്റണി രാജു

  നിലവില്‍ സ്വാമി അയ്യപ്പന്‍പാത മാത്രമാണ് തീര്‍ഥാടകര്‍ ഉപയോഗിക്കുന്നത്. ഈ പാതയിലൂടെയാണ് ട്രാക്ടറുകളും കടന്നു പോകുന്നത്. അത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നീലിമല പാതയിലൂടെ കടത്തിവിടുന്ന കാര്യമാണ് ചര്‍ച്ച ചെയ്തത്. നീലിമല പാതയില്‍ ആരോഗ്യ വകുപ്പിന്റേത് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ ക്രമീകരണങ്ങള്‍ 80 ശതമാനം പൂര്‍ത്തിയായി.

  പോലീസും ഫയര്‍ഫോഴ്സും സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കി. എന്നുമുതല്‍ നീലിമല പാതയിലൂടെ കടത്തിവിടാന്‍ കഴിയുമെന്നത് ഉള്‍പ്പെടെയുള്ള അന്തിമ തീരുമാനം എടുക്കുന്നതിനായി ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്ക് വിടും. കാനനപാതയും ഉപയോഗപ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്തതായും മന്ത്രി പറഞ്ഞു.

  തീര്‍ഥാടന ആരംഭത്തില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ നിലവില്‍ പരിഹരിച്ചു. നിലയ്ക്കലില്‍ ആവശ്യത്തിനുള്ള ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം അഞ്ഞൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. കുടിവെള്ള പ്രശ്നവും പരിഹരിച്ചു.

  ഡെസ്റ്റ് ബിന്‍ സജ്ജീകരിച്ചു. മൊബൈല്‍ ഫോണ്‍ കവറേജ് പ്രശ്നവും പരിഹരിച്ചു. തീര്‍ഥാടനത്തിന് എത്തുന്ന മുതിര്‍ന്നവര്‍ക്കും കൊച്ചു കുട്ടികള്‍ക്കും നിലയ്ക്കലും പമ്പയിലും വെര്‍ച്വല്‍ ക്യൂ സമയത്തും പ്രത്യേക പരിഗണന നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഞുണങ്ങാര്‍ പാലം നിര്‍മാണ പുരോഗതി മന്ത്രി പരിശോധിച്ചു. കൂടാതെ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ച മന്ത്രി അവിടത്തെ ശുചി മുറികള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. നിലയ്ക്കലും മന്ത്രി സന്ദര്‍ശിച്ചു.
  Published by:Naseeba TC
  First published: