തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ പ്രതി ബിജു ലാൽ തട്ടിയത് രണ്ടു കോടി 74 ലക്ഷം രൂപയെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനാണ് തീരുമാനം.
സബ് ട്രഷറിയിലെ ജീവനക്കാരിൽ നിന്നടക്കം പ്രതി ബിജു ലാലിന് സഹായം ലഭിച്ചോയെന്ന് പരിശോധിക്കുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബിജു ലാലിനെ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവ് എടുക്കണമെന്നും ബാങ്ക് ഇടപാടുകൾ വിശദമായി പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബിജു ലാലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ ഉടൻ അപേക്ഷ നൽകും.
സബ് ട്രഷറി ഓഫീസറായി വിരമിച്ച ഭാസ്കരന്റെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് ബിജു പണം തട്ടിയത്. ഭാസ്കരൻ വിരമിക്കുന്നതിന് മുൻപ് തന്നെ തട്ടിപ്പ് തുടങ്ങിയെന്ന സൂചനകൾ കേസിലെ ദുരൂഹത വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്ക് അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പണം കൂടുതലും റമ്മി കളിക്കാൻ ഉപയോഗിച്ചെന്ന ബിജുവിന്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. 'റമ്മി സർക്കിൾ' എന്ന സൈറ്റിലടക്കമാണ് റമ്മി കളിച്ചതെന്നായിരുന്നു മൊഴി. എന്നാൽ പരമാവധി 25 ലക്ഷം രൂപ വരെ ഇങ്ങനെ ഉപയോഗിച്ചേക്കാമെന്ന് മാത്രമാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിൽ വ്യക്തത വരുത്താൻ റമ്മി സൈറ്റുകളിലെ ബിജുവിന്റെ ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജുലാൽ പണം അക്കൗണ്ടിലേക്ക് മാറ്റിയതായി കരുതുന്ന ഭാര്യ സിമിയേയും സഹോദരിയെയും നാളെ ചോദ്യം ചെയ്യും.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.