തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ഉൾക്കൊള്ളാവുന്നതിലധികം തടവുകാരെ പാർപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ജയിൽ ഡിജിപിക്ക് നിർദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകൻ പി കെ രാജുവിന്റെ പരാതിയിലാണ് നടപടി.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ 727 തടവുകാരെ പാർപ്പിക്കാനാണ് സൗകര്യമുള്ളത്. എന്നാൽ നിലവിൽ പാർപ്പിച്ചിരിക്കുന്നത് 1350 പേരെ. തടവുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻപോലും സൗകര്യമില്ല. പകുതിയിലേറെ ക്യാമറകളും പ്രവർത്തിക്കുന്നില്ല. ജയിലിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം പൂജപ്പുര സെൻട്രൽ ജയിലിൽ ലഭ്യമല്ല. പൂജപ്പുര ജയിൽ വളപ്പിൽ പുതിയ കെട്ടിടം നിർമിക്കണമെന്നും പി കെ രാജു ആവശ്യപ്പെട്ടു.
വിയ്യൂർ സെൻട്രൽ ജയിലിൽ 200ൽ അധികം തടവുകാർ കൂടുതലാണ്. പത്തനംതിട്ട ജയിൽ പൊളിച്ചുപണിയുന്നതിനാൽ ഇവിടത്തെ മുന്നൂറോളം തടവുകാരെ പൂജപ്പുര സെൻട്രൽ ജയിൽ, കൊട്ടാരക്കര സബ് ജയിൽ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 60 പേർക്ക് കഴിയാവുന്ന കൊട്ടാരക്കര ജയിലിൽ തടവുകാരുടെ എണ്ണം ഇതോടെ 150 ആയി. നിർമാണം പുരോഗമിക്കുന്ന ആലപ്പുഴ ജില്ലാ ജയിലിലെ തടവുകാരെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയിട്ടുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Central Jail, Human rights commission, Jail Inmates, Kannur central jail