കണ്ണൂര്‍: തളിപ്പറമ്പിലെ പോലീസ് ഡംപിങ് യാര്‍ഡിൽ മുന്നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് തളിപ്പറമ്പ്-ശ്രീകണ്ഠാപുരം പാതയില്‍ വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്.
തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പഴയങ്ങാടി തുടങ്ങി വിവിധ സ്റ്റേഷനുകളിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങളായിരുന്നു ഡംപിങ് യാർഡിലുണ്ടായിരുന്നത്. കണ്ണൂർ ജില്ലയിലെ വിവിധ യൂണിറ്റുകളിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ജില്ലയിൽ കുടിവെള്ള വിതരണം നടത്തിക്കൊണ്ടിരുന്ന വാഹനങ്ങളും തീയണയ്ക്കുന്നതിനായി എത്തിച്ചു.
ഡംപിങ് യാഡിന്‍റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഫയർഫോഴ്സ് യൂണിറ്റ് ഉണ്ടായിരുന്നെങ്കിലും തീ അതിവേഗം ആളിപ്പടരുകയായിരുന്നു. റോഡിന്റെ രണ്ടു ഭാഗത്തേക്കും തീപടർന്നു. ഡംപിങ് യാർഡിൽനിന്ന് റോഡും കടന്ന് തീയെത്തിയതോടെ സ്ഥിതിഗതികൾ ആശങ്കാജനകമായി. സമീപത്തെ വീടുകൾക്ക് അരികിലേക്ക് വരെ തീ പടർന്നു.
വിവരം അറിഞ്ഞെത്തിയ നൂറുകണക്കിനു നാട്ടുകാരും തീയണയ്ക്കാൻ സഹായിച്ചു. ഡംപിങ് യാർഡിലെ വാഹനങ്ങളുടെ ടയറുകൾ പൊട്ടിത്തെറിച്ച് സ്ഫോടന ശബ്ദം തുടർച്ചയായി കേൾക്കാമായിരുന്നു. തീയും പുകയും ചൂടും കാരണം പ്രദേശത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയും ഉണ്ടായി.
ഡംപിങ് യാർഡിന് സമീപത്തെ മൊട്ടക്കുന്നിലുണ്ടായ തീ വാഹനങ്ങളിലേക്ക് പടരുകയായിരുന്നുവെന്നാണ് സൂചന. ഡംപിങ് യാർഡിൽ നിരവധി ടിപ്പറുകളും ഇരുചക്രവാഹനങ്ങലും കാറുകളും ഉണ്ടായിരുന്നു. നിരവധി വാഹനങ്ങളിലെ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചത് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.