കേരളത്തിൽ സ്വകാര്യ മദ്യസൽക്കാരം കൂടുന്നു; എറണാകുളം മുന്നിൽ

News18 Malayalam
Updated: November 2, 2018, 9:46 AM IST
കേരളത്തിൽ സ്വകാര്യ മദ്യസൽക്കാരം കൂടുന്നു; എറണാകുളം മുന്നിൽ
image for representation
  • Share this:
തിരുവനന്തപുരം: ആഘോഷ പരിപാടികളുടെ ഭാഗമായി അതിഥികൾക്ക് മദ്യസൽക്കാരം ഒരുക്കുന്ന പ്രവണത കേരളത്തിൽ കൂടിവരുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. പ്രത്യേക ബാർ ലൈസൻസ് എടുത്ത് നടത്തുന്ന ഇത്തരം മദ്യസൽക്കാരത്തിൽ എറണാകുളം ജില്ലയാണ് മുന്നിൽ. കോട്ടയം, തിരുവനന്തപുരം ജില്ലകളിലും സ്വകാര്യ മദ്യസൽക്കാരം കൂടുതലാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ ഇത്തരം സ്വകാര്യമദ്യസൽക്കാരത്തിലൂടെ എക്സൈസ് വകുപ്പിന് ഏഴു കോടി രൂപയാണ് ലഭിച്ചത്. ഇതിൽ അഞ്ച് കോടി രൂപയും എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽനിന്നാണ്. ഇടുക്കി, തൃശൂർ ജില്ലകളാണ് ഇക്കാര്യത്തിൽ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

മുന്നിൽ എറണാകുളവും കോട്ടയവും തിരുവനന്തപുരവും

വിവാഹം പോലെയുള്ള ആഘോഷ പരിപാടിക്കിടെ വീട്ടിലോ പ്രത്യേക ഹാളിലോ ഒരു ദിവസത്തേക്ക് മദ്യസൽക്കാരം നടത്താനായി എക്സൈസ് വകുപ്പ് ഈടാക്കുന്നത് 50000 രൂപയാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ 1258 സ്വകാര്യ മദ്യപാർട്ടികളാണ് സംസ്ഥാനത്ത് നടന്നത്. ഇതിൽ 622 മദ്യപാർട്ടികൾ നടന്നത് എറണാകുളത്താണ്. കോട്ടയത്ത് 216ഉം തിരുവനന്തപുരത്ത് 170 മദ്യസൽക്കാരങ്ങൾ നടന്നു. എറണാകുളത്ത് നിന്ന് 3.11 കോടി രൂപയും കോട്ടയത്ത് നിന്ന് 1.08 കോടി രൂപയും തിരുവനന്തപുരത്ത് നിന്ന് 85 ലക്ഷം രൂപയും ഈയിനത്തിൽ സർക്കാരിന് ലഭിച്ചു.

സ്വകാര്യ മദ്യസൽക്കാരം ഇങ്ങനെ

മദ്യസൽക്കാരം നടത്തുന്നതിന് കാരണം വ്യക്തമാക്കിയും പാർട്ടി നടത്തുന്ന സ്ഥലം വ്യക്തമാക്കിയും എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകണം. ഏതൊക്കെ തരം മദ്യം വേണമെന്നും, അതിഥികളിൽ എത്രപേർ മദ്യപിക്കുമെന്നും അപേക്ഷയിൽ വ്യക്തമാക്കണം. ബിവറേജസ് ഗോഡൌണിൽനിന്ന് മാത്രമെ ഇത്തരത്തിൽ സ്വകാര്യ സൽക്കാരത്തിനുള്ള മദ്യം വാങ്ങാനാകൂ. മദ്യസൽക്കാരം നടത്തുന്ന ഹാളിലെ ഭാഗം സ്ത്രീകളിൽനിന്നും കുട്ടികളിൽനിന്നും മറയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. മദ്യസൽക്കാരത്തിനുള്ള പ്രത്യേക ലൈസൻസ് ഒരു ദിവസത്തേക്കാണ് നൽകുക. ഇത് ഒരുദിവസം കൂടി നീട്ടണമെങ്കിൽ 50000 രൂപ അധികമായി അടയ്ക്കണം.

ഇത്തരത്തിൽ പ്രത്യേക ലൈസൻസ് എടുക്കാതെ വീടുകളിലും മറ്റ് പൊതുവിടങ്ങളിലും നടത്തുന്ന മദ്യസൽക്കാരത്തിനെതിരെ എക്സൈസിന് കേസെടുക്കാനാകും. അതത് വീടുകളിലെ അംഗങ്ങളെ കൂടാതെ അധികമുള്ള ആളുകളുടെയും മദ്യത്തിന്‍റെ അളവും കണക്കിലെടുത്താണ് ഇത്തരത്തിൽ കേസെടുക്കുക.
First published: November 2, 2018, 9:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading