വീട് പ്രളയം തകര്‍ത്തു; ഈ അമ്മയ്ക്കും മകള്‍ക്കുമൊരു കിടപ്പാടം വേണം...

News18 Malayalam
Updated: December 4, 2018, 4:14 PM IST
വീട് പ്രളയം തകര്‍ത്തു; ഈ അമ്മയ്ക്കും മകള്‍ക്കുമൊരു കിടപ്പാടം വേണം...
  • Share this:
ചെങ്ങന്നൂര്‍: കേരളത്തെയാകെ തകര്‍ത്ത പ്രളയം നടന്നിട്ടു നൂറു നാള്‍ പിന്നിട്ടിരിക്കുന്നു. ദുരിതക്കയത്തില്‍നിന്ന് പതുക്കെ കരകയറുകയാണ് കേരളം. എന്നാല്‍ നിസഹായരായ ഒരുകൂട്ടം മനുഷ്യരുടെ ആയുസിന്റെ സ്വപ്നങ്ങളെല്ലാം തൂത്തെറിഞ്ഞാണ് പ്രളയം മടങ്ങിയത്. തകര്‍ന്നുപോയ കിടപ്പാടത്തിന് പകരം സംവിധാനമാകാതെ സഹജീവികളുടെ കരുണയില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ഇപ്പോഴും പ്രളയബാധിത മേഖലകളില്‍ കാണാം. ചെങ്ങന്നൂര്‍ പാണ്ടനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പ്രളയം തകര്‍ത്ത വീടിന് മുന്നില്‍ നെടുവീര്‍പ്പോടെ നില്‍ക്കുകയാണ് ഹൃദ്രോഗിയായ വല്‍സയും കുടുംബവും. സര്‍ക്കാരിന്റെ ഭവനപദ്ധതിയിലെ പട്ടികയില്‍ പേരുണ്ടെങ്കിലും ആധാരം സ്വന്തം പേരിലാക്കാനാകാനാകാതെ വിഷമിച്ചുനില്‍ക്കുകയാണ് അവര്‍. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കൊപ്പം നിത്യവൃത്തിക്കുപോലും ചെലവ് കണ്ടെത്താനാകാതെ ജീവിതം തള്ളിനീക്കുമ്പോള്‍ ആധാരം സ്വന്തം പേരിലേക്ക് മാറ്റുന്നതിനുള്ള 50000 രൂപ എങ്ങനെ കണ്ടെത്തുമെന്നാണ് അവര്‍ ചോദിക്കുന്നത്.

നാലുമാസമായി മറ്റൊരു കുടുംബത്തിന്റെ സംരക്ഷണയിലാണ് വല്‍സലയും കുടുംബവും കഴിയുന്നത്. പ്രളയമുണ്ടായപ്പോള്‍ വല്‍സയുടേത് ഉള്‍പ്പടെ 48 കുടുംബങ്ങള്‍ സമീപത്തെ ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഈ വീട്ടില്‍നിന്ന് മറ്റുള്ളവരെല്ലാം സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാല്‍ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള വീട്ടിലേക്ക് മടങ്ങാനാകാതെ വല്‍സയും മകളും ഈ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. പ്രായമായ അമ്മയെ സഹോദരി കൊണ്ടുപോയി. നേരത്തെ മറ്റു വീടുകളില്‍ ജോലിക്ക് പോയാണ് വല്‍സ ചെലവിനുള്ള കാശ് കണ്ടെത്തിയിരുന്നത്. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ഇപ്പോള്‍ ജോലിക്ക് പോകാനാകാത്ത അവസ്ഥയാണുള്ളത്. വീടുപണി പൂര്‍ത്തിയുന്നതുവരെ ഇവര്‍ക്കായി താല്‍ക്കാലിക ഷെഡ് നിര്‍മിച്ചുനല്‍കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ഇതിനായി സുമനസുകളുടെ സഹായം തേടി ആരതി റോബിന്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പാണ് വല്‍സയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ പൊതുസമൂഹത്തിന്റെ മുന്നിലേക്ക് എത്തിച്ചത്.

READ ALSO- രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടത് വ്യോമസേനയോ നാവികസേനയോ?

റീബില്‍ഡ് കേരളം പദ്ധതിയുടെ ഭാഗമായി പാണ്ടനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍നിന്ന് ഇടംപിടിച്ച അഞ്ച് വീടുകളിലൊന്ന് വല്‍സയുടേതാണെന്ന് വാര്‍ഡ് മെമ്പര്‍ ഫിലോമിന സെബാസ്റ്റ്യന്‍ പറയുന്നു. വീട് നല്‍കാന്‍ മാത്രമേ പഞ്ചായത്തില്‍നിന്ന് ഫണ്ട് ലഭിക്കുകയുള്ളു. ആധാരത്തിന്റെ ചെലവ് അവര്‍ തന്നെ വഹിക്കണം. നിത്യചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ വിഷമിക്കുന്ന കുടുംബത്തെ സഹായിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഫിലോമിന പറയുന്നു. ഇതിനിടയില്‍ താന്‍ ഇടപെട്ട് രണ്ട് വാട്ട്‌സ്ആപ്പ് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഈ കുടുംബത്തിനായി ചെറിയ സാമ്പത്തിക സഹായം നല്‍കിയിരുന്നു. എന്നാല്‍ അത് തുടരാനായില്ല. ആധാരത്തിനും നിത്യചെലവുകള്‍ക്കുമായി നാട്ടുകാരുടെ സഹകരണത്തോടെ പണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഫിലോമിന പറഞ്ഞു.
First published: December 4, 2018, 4:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading