തിരുവനന്തപുരം: വിവാദമായ കടയ്ക്കാവൂർ പോക്‌സോ കേസിൽ നിരപരാധിയെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്ന് കുട്ടിയുടെ അമ്മ ന്യൂസ് 18 നോട് പ്രതികരിച്ചു. കുട്ടിയുടെ അച്ഛനും അഭിഭാഷകനുമാണ് കേസിന് പിന്നിൽ. ഒരു വർഷമായി മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു. മകനെക്കൊണ്ട് കള്ളക്കേസ് കൊടുത്ത മുൻ ഭർത്താവിനെതിരെ നിയമപോരാട്ടം തുടരുമെന്നും യുവതി പറഞ്ഞു.
എന്നാൽ പതിമൂന്നുകാരനായ മകൻ അമ്മയ്‌ക്കെതിരായ മൊഴിയിൽ ഉറച്ചു നിൽക്കുകയാണെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ് പി ഡോ. ദിവ്യ വി ഗോപിനാഥ് പറഞ്ഞു. അമ്മയ്‌ക്കെതിരെ തെളിവുകൾ കണ്ടെത്താനായിട്ടില്ല. വളരെ സങ്കീർണമായ കേസാണിത്. പരാതിയിൽ ആരോപിച്ച കാര്യങ്ങൾ സമഗ്രമായും ശാസ്ത്രീയമായും പരിശോധിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. എന്നാൽ അമ്മയ്‌ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല. മകൻ മൊഴിയിൽ ഉറച്ചു നിന്നതാകാം പ്രാഥമിക അന്വേഷണത്തിലെ ലോക്കൽ പൊലീസ് നടപടിക്ക് കാരണമെന്നും ദിവ്യ വി ഗോപിനാഥ് വ്യക്തമാക്കി.
യുവതി ബിരുദ വിദ്യാർത്ഥിനി ആയിരിക്കവെയാണ് ടെമ്പോ ക്ലീനറായിരുന്ന വ്യക്തിയുമായി പ്രണയത്തിലാകുന്നതും വിവാഹം നടക്കുന്നതും. ഇവർക്ക് നാലു മക്കളുണ്ട്. തുടർന്ന് വിദേശത്ത് പോയ ഭർത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയുമായി അടുപ്പത്തിലായി. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 2019-ൽ അച്ഛനൊപ്പം വിദേശത്ത് പോയ രണ്ടാമത്തെ മകനാണ് അഞ്ചു വയസുമുതൽ അമ്മ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് ചൈൽഡ് ലൈനും പൊലീസും അന്വേഷണം ആരംഭിച്ചു.
പോക്‌സോ കേസിൽ പ്രതിയായ യുവതിയെ ഡിസംബറിൽ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. 28 ദിവസമാണ് യുവതി ജയിലിൽ കിടന്നത്. ഇതിനിടെ പരാതി വ്യാജമാണെന്ന് കാട്ടി യുവതിയുടെ കുടുംബം രംഗത്തെത്തി. മറ്റൊരു സ്ത്രീയുമായി കഴിയുന്ന ഭർത്താവിനെതിരെ ജീവനാംശം തേടി പരാതി കൊടുത്തതാണ് പോക്‌സോ കേസിൽ കുടുക്കാൻ കാരണമെന്നായിരുന്നു ആരോപണം.
ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാരും രംഗത്തെത്തി. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരമാണ് ഡോ. ദിവ്യ വി ഗോപിനാഥിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചത്.
Also Read-
കടയ്ക്കാവൂര്‍ കേസ്; അമ്മ നിരപരാധി, മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘംകുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. മുന്‍ ഭര്‍ത്താവാണ് യുവതിക്കെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയെ പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിചാണ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതില്‍ പീഡനം നടന്നതായി കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം അമ്മയ്‌ക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കാനായി കുട്ടിയെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടെങ്കിൽ അവര്‍ക്കെതിരെ നിയമാനുസൃതമായി കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.