പാലക്കാട്:
വാളയാർ കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. ഒരു മാസം നീണ്ട സത്യഗ്രഹ സമരത്തിനൊടുവിലാണ് സർക്കാരിനെതിരെ തലമുണ്ഡനം ചെയ്ത് അമ്മയുടെ പ്രതിഷേധം. വരും ദിവസങ്ങളിൽ പതിനാലു ജില്ലകളിലും സർക്കാർ നിലപാടിനെതിരെ പ്രചാരണം നടത്തുമെന്നും ഇനി ഒരമ്മയ്ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുതെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.
വാളയാർ കേസിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായാണ് വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതൽ ഇവർ സത്യഗ്രഹ സമരത്തിലായിരുന്നു. എന്നാൽ സർക്കാർ യാതൊരു ചർച്ചയും നടത്താൻ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് അമ്മ തലമുണ്ഡനം ചെയ്തത്.
മക്കളുടെ വസ്ത്രം നെഞ്ചോട് ചേർത്തായിരുന്നു പ്രതിഷേധം. ഒരമ്മയ്ക്കും ഇങ്ങനെ ഒരവസ്ഥയുണ്ടാവരുതെന്ന് അമ്മ പ്രതികരിച്ചു. വരും ദിവസങ്ങളിൽ പതിനാലു ജില്ലകളിലും സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രചാരണം നടത്തുമെന്ന് അമ്മ പറഞ്ഞു.
Also Read
'പൊലീസിനെതിരെ നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യും'; വാളയാർ പെൺകുട്ടികളുടെ അമ്മഅമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി.എച്ച്.ആർ.എം നേതാവ് സലീന പ്രക്കാനം, സാമൂഹ്യ പ്രവർത്തക ബിന്ദു കമലൻ എന്നിവരും തലമുണ്ഡനം ചെയ്തു. രണ്ടാമത്തെ പെൺകുട്ടി മരിച്ചതിൻ്റെ നാലാം വാർഷികമായ മാർച്ച് നാലിന് കൊച്ചിയിൽ 100 പേർ തലമുണ്ഡനം ചെയ്യുമെന്ന് സമരസമിതി നേതാവ് സി.ആർ നീലകണ്ഠൻ വ്യക്തമാക്കി. രമ്യ ഹരിദാസ് എംപി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതികാ സുഭാഷ്, വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു.
സമരം കൂടുതൽ ശക്തമാകുന്നുവാളയാർ കേസിൽ നടപടി വൈകുന്നതിനെതിരെ സമരം കൂടുതൽ ശക്തമാക്കാനാണ് വാളയാർ നീതി സമരസമിതിയുടെ തീരുമാനം. പതിനാലു ജില്ലകളിലും സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് സമരം നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. ജനുവരി 26 നാണ് വാളയാർ പെൺക്കുട്ടികളുടെ അമ്മ സത്യഗ്രഹം തുടങ്ങിയത്.
വാളയാർ കേസന്വേഷിച്ച എസ്ഐ ചാക്കോ, ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. എന്നാൽ സമരം തുടങ്ങി ഒരു മാസമായിട്ടും സർക്കാർ നടപടി എടുത്തില്ല എന്നു മാത്രമല്ല ഒരു ചർച്ചയ്ക്കും തയ്യാറായിട്ടില്ല. സർക്കാർ അവഗണന തുടരുന്ന സാഹചര്യത്തിലായിരുന്നു തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെബ്രുവരി അഞ്ചു മുതൽ നിരാഹാര സമരവും നടത്തിയിരുന്നു. പൊമ്പിളെ ഒരുമെ നേതാവ് ഗോമതി, ഡി.എച്ച്.ആർ.എം നേതാവ് സലീന പ്രക്കാനം എന്നിവർ നിരാഹാര സമരം നടത്തിയിരുന്നു. വാളയാർ കേസിലെ മുൻ പ്രോസിക്യൂട്ടർ കൂടിയായ അഡ്വ ജലജ മാധവനും നിരാഹാരം കിടന്നിരുന്നു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി സംഘടനകളും രംഗത്തുണ്ട്. എന്നാൽ യാതൊരു ചർച്ചയ്ക്കും തയ്യാറാവാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സമരത്തിന് പ്രതിപക്ഷ പാർടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.