പാലക്കാട്: ഉമ്മിണിയിലാണ് വനംവകുപ്പ് (Forest Department) സ്ഥാപിച്ച പുലിക്കൂട്ടിൽ അകപ്പെടാതെ തള്ളപ്പുലി പുലിക്കുഞ്ഞിനെ കൊണ്ടുപോയത്. കൂട്ടിലുണ്ടായിരുന്ന രണ്ടു പുലിക്കുഞ്ഞുങ്ങളിൽ (Leopard cubs) ഒന്നിനെ തള്ളപ്പുലി വിദഗ്ദമായി മാറ്റുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഉമ്മിണിയിലെ ആളില്ലാത്ത കെട്ടിടത്തിൽ നിന്നും രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
തുടർന്ന് തള്ളപ്പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും കുഞ്ഞുങ്ങളെ തേടിയെത്തിയ പുലി കൂടിൽ കുടുങ്ങാതെ മടങ്ങി. ഇന്നലെ ചെറിയ കൂടിന് പകരം വലിയ രണ്ടു കൂടുകൾ സ്ഥാപിച്ചു. ഒരു കൂട്ടിൽ രണ്ടു പുലിക്കുഞ്ഞുങ്ങളെയും വെച്ചു. സമീപത്ത് വനം വകുപ്പ് ജീവനക്കാർ കാവൽ നിന്നു. എന്നാൽ നേരം വെളുത്തപ്പോൾ കൂട്ടിൽ അകപ്പെടാതെ ഒരു കുഞ്ഞിനെയുമായി തള്ളപ്പുലി മടങ്ങി.
കൊണ്ടുപോയ കുഞ്ഞിനെ സമീപ പ്രദേശത്ത് തന്നെ വെച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് വാളയാർ റെയ്ഞ്ച് ഓഫീസർ ആഷിക് അലി പറഞ്ഞു. രാവിലെ കൂട് പരിശോധിച്ച ജീവനക്കാരാണ് ഒരു കുഞ്ഞിനെ പുലി കൊണ്ടു പോയതായി കണ്ടെത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോവാൻ പുലി വീണ്ടുമെത്തുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ ഏറെനേരം കാത്തു നിന്നെങ്കിലും പകൽ സമയത്ത് പുലി കൂട്ടിലേക്ക് വരാൻ സാധ്യതയില്ലെന്ന് കണ്ടതിനാൽ രണ്ടാമത്തെ പുലിക്കുഞ്ഞിനെ പാല് കൊടുക്കുന്നതിനും മറ്റുമായി ഡി എഫ് ഒ ഓഫീസിലേക്ക് മാറ്റി.
Also Read-
Leopard | പാലക്കാട് കണ്ടെത്തിയ പുള്ളിപ്പുലി കുഞ്ഞുങ്ങളെ കാണാന്‍ അമ്മ പുലി എത്തി
ഇന്ന് രാത്രി വീണ്ടും പുലിക്കുഞ്ഞിനെ കൂട്ടിൽ വെയ്ക്കും. തള്ളപ്പുലിയും കുഞ്ഞുങ്ങളും ഒന്നിച്ചാൽ പുലി കിടന്ന സ്ഥലത്തെ കാട് വെട്ടിത്തെളിച്ച് പുലി ശല്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പത്തു ദിവസം പ്രായമുള്ള പെണ്‍പുലിക്കുഞ്ഞുങ്ങളെയാണ് വീടിനുള്ളില്‍ നിന്നും ലഭിച്ചത്. വീട്ടില്‍ സ്ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് മൂന്നു തവണയാണ്. ഞായറാഴ്ച രാത്രി 11.4 നും 12..5 നും പുലര്‍ച്ചെ 2 മണിയ്ക്കും പുലി എത്തി. ക്യാമറ ട്രാപ്പ് പരിശോധനയിലാണ് പുലിയുടെ ചിത്രം ലഭിച്ചത്. സ്ഥാപിച്ച കൂടിനേക്കാള്‍ വലിപ്പമുള്ള പുലിയാണ്.
പുലിക്കുഞ്ഞുങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പരിചരണം നല്കി വരികയാണെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പ്രതിസന്ധിയിലായിരുന്നു. ആട്ടിന്‍ പാല് കുപ്പിയിലാക്കിയാണ് കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.