കൊല്ലം: വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരന് 'വമ്പൻ പണി' കൊടുത്ത് മോട്ടോർ വാഹന വകുപ്പ്. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌ത മോട്ടോർ വാഹന വകുപ്പ് 3000 രൂപ പിഴയും ചുമത്തി. കഴിഞ്ഞദിവസം കായംകുളത്താണ് സംഭവം. സ്കൂട്ടർ യാത്രികൻ ഹെൽമറ്റ് ധരിച്ചിരുന്നില്ല. മോട്ടോർ വാഹന വകുപ്പ് അധികൃതർ കൈകാണിച്ചിട്ടും വണ്ടി നിർത്താതെ സ്‌കൂട്ടർ വിട്ടുപോവുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ സ്‌മാർട്ട് ട്രേസർ ഉപയോഗിച്ച് വാഹനം കണ്ടെത്തുകയായിരുന്നു.
ഹെൽമറ്റ് ഇല്ലാത്തതിന് 1000 രൂപ പിഴ അടയ്‌ക്കേണ്ടിവരും എന്ന് ചിന്തിച്ചാണ് ഇയാൾ വാഹനം നിർത്താതെ പോയത്. നിയമ ലംഘനത്തിന് 3000 രൂപ പിഴ അടയ്‌ക്കേണ്ടി വന്നതിനുപുറമേ ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ ഏഴു ദിവസം താലൂക്ക് ആശുപത്രിയിൽ സന്നദ്ധ സേവനം നടത്താനും നിർദേശിച്ചു.
Also Read- നഗ്നദൃശ്യം പകർത്തി വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ
വാഹനം ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച രണ്ട് ബൈക്ക് യാത്രികരെയും ഒരു കാർ യാത്രികനെയും മോട്ടോർ വാഹനവകുപ്പ് അധികൃതർ പിടികൂടി. ഇവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. നഗരസഭ ജംഗ്ഷനിൽ സിഗ്‌നൽ ലംഘിച്ച കാർ ഡ്രൈവറെ പിടികൂടി 5000 രൂപ പിഴ ചുമത്തി. ഈ കേസിലും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ നൽകി. ഇരുചക്ര വാഹനത്തിൽ ട്രിപ്പിൾ അടിച്ചവരും പിടിയിലായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Motor vehicle act, Revised traffic violation fines, Traffic violation fines