തിരുവനന്തപുരം: ഗതാഗത നിയമം ലംഘിക്കുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റു സംസ്ഥാനങ്ങളിൽ ഗതാഗത നിയമം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കി തുടങ്ങിയിട്ടില്ല. ബോധവല്‍ക്കരണ നടപടികളാണ് അവിടെയെല്ലാം നടക്കുന്നത്. കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതിക്കനുസരിച്ചുള്ള നോട്ടിഫിക്കേഷന്‍ മറ്റു സംസ്ഥാനങ്ങളും ഇറക്കിയിട്ടില്ല. അപകടങ്ങള്‍ പരമാവധി കുറയ്ക്കാനാണ് നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.
മാനദണ്ഡമില്ലാതെ യുക്തിരഹിതമായി കേന്ദ്രം പിഴത്തുക കൂട്ടിയെന്നാണു വിമര്‍ശനം. അതു മനസിലാക്കി കേന്ദ്രം നിയമത്തില്‍ ഭേദഗതി കൊണ്ടുവരണം. കേന്ദ്ര നിര്‍ദേശത്തിനുശേഷം സംസ്ഥാനം ഉത്തരവു പുറപ്പെടുവിക്കും. മോട്ടര്‍ വാഹന നിയമഭേദഗതിയില്‍ സംസ്ഥാനത്തിനു തീരുമാനമെടുക്കാന്‍ കഴിയുന്ന മൂന്നോ നാലോ മേഖലകള്‍ മാത്രമാണുള്ളത്.
നിയമം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിപുലമായ ബോധവല്‍ക്കരണം നടത്തും. മോട്ടര്‍ വാഹന വകുപ്പിന് 240 ക്യാമറകളുണ്ട്. അതില്‍ പകുതിയോളം പ്രവര്‍ത്തിക്കുന്നില്ല. പൊലീസിന്റെ 100 ക്യാമറകളില്‍ 67 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. 49 ക്യാമറകള്‍ റോഡ് വീതികൂട്ടിയപ്പോള്‍ മാറ്റി സ്ഥാപിക്കേണ്ടിവന്നു. 15-16 എണ്ണം അപകടത്തില്‍ തകര്‍ന്നു. ക്യാമറകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.