CPM വിഭാഗീയതയില്‍ പക്ഷം പിടിച്ചു, പിണറായിയുമായി കൊമ്പുകോര്‍ത്തു, കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച വീരന്‍

MP Veerendra Kumar | ദേശാഭിമാനി വീരേന്ദ്രകുമാറിനും മാനേജിങ് ഡയറക്ടറായ മാതൃഭൂമിക്കുമെതിരെ പരമ്പര പ്രസിദ്ധീകരിച്ചതെന്നത് അക്കാലത്ത് ഏറെ രാഷ്ട്രീയ കൗതുകമുയര്‍ത്തി. ഇതിന് പിന്നാലെ മാതൃഭൂമി എഡിറ്റര്‍ക്കെതിരെ പിണറായി നടത്തിയ 'എടോ ഗോപാലകൃഷ്ണാ' വിളി ഏറെക്കാലം കേരള രാഷ്ട്രീയത്തില്‍ പ്രതിധ്വനിച്ചു.

News18 Malayalam | news18
Updated: May 29, 2020, 4:37 PM IST
CPM വിഭാഗീയതയില്‍ പക്ഷം പിടിച്ചു, പിണറായിയുമായി കൊമ്പുകോര്‍ത്തു, കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച വീരന്‍
എം.പി വീരേന്ദ്രകുമാർ പിണറായി വിജയനൊപ്പം
  • News18
  • Last Updated: May 29, 2020, 4:37 PM IST
  • Share this:
കോഴിക്കോട്: സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ ഇന്ത്യയിലെ തന്നെ അതികായനായ നേതാവ്. എല്‍.ഡി.എഫിന്റെ ആദ്യ കണ്‍വീനര്‍, മുന്‍കേന്ദ്രമന്ത്രി, രാഷ്ട്രീയത്തില്‍ എം.പി വീരേന്ദ്രകുമാറിനെ ഇങ്ങിനെ പലവിധത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇടതുമുന്നണിയില്‍ നിന്നുകൊണ്ട് സി.പി.എം വിഭാഗീയതയുടെ പക്ഷം പിടിച്ചതിനെച്ചൊല്ലി ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ ഒടുവില്‍ മാതൃഭൂമി - ദേശാഭിമാനി പോരില്‍ എത്തിനിന്ന മറ്റൊരു ചരിത്രമുണ്ട് വീരേന്ദ്രകുമാറിനും അദ്ദേഹം നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് ചേരിക്കും.

സി.പി.എമ്മില്‍ പിണറായി വി.എസ് വിഭാഗീയത രൂക്ഷമായ 2002 മുതല്‍ 2010 വരെയുള്ള കാലത്ത് വീരേന്ദ്രകുമാര്‍ വി.എസിനൊപ്പം നിന്നു. മൂന്നാര്‍ കയ്യേറ്റം, സാന്റിയാഗോ മാര്‍ട്ടിൻ ലോട്ടറി വിവാദം, ലാവ് ലിന്‍ തുടങ്ങിയ വിഷയങ്ങളില്‍ വീരേന്ദ്രകുമാറിന്റെ ഈ രാഷ്ട്രീയ നിലപാട് മാതൃഭൂമിയിലും പ്രകടമായി. ഒടുവില്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി മാതൃഭൂമിക്കും വീരേന്ദ്രകുമാറിനും എതിരെ വാര്‍ത്താപരമ്പര തുടങ്ങി. ഭൂമി വിഴുങ്ങും മാതൃഭൂമിയെന്ന പേരില്‍ പരമ്പര ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു. വീരേന്ദ്രകുമാര്‍ കയ്യേറ്റ വീരനായി. ഒരേ മുന്നണിയില്‍ നില്‍ക്കെയാണ് ദേശാഭിമാനി വീരേന്ദ്രകുമാറിനും മാനേജിങ് ഡയറക്ടറായ മാതൃഭൂമിക്കുമെതിരെ പരമ്പര പ്രസിദ്ധീകരിച്ചതെന്നത് അക്കാലത്ത് ഏറെ രാഷ്ട്രീയ കൗതുകമുയര്‍ത്തി. ഇതിന് പിന്നാലെ മാതൃഭൂമി എഡിറ്റര്‍ക്കെതിരെ പിണറായി നടത്തിയ 'എടോ ഗോപാലകൃഷ്ണാ' വിളി ഏറെക്കാലം കേരള രാഷ്ട്രീയത്തില്‍ പ്രതിധ്വനിച്ചു.

You may also like:Bev Q App | 'പൊളിഞ്ഞ' ആപ്പ് ഒഴിവാക്കിയേക്കും [NEWS]ഇതര സംസ്ഥാന തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതി [NEWS] 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കുവൈത്ത് എയര്‍വേയ്സ് [NEWS]

2009ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ കോഴിക്കോട് സീറ്റ് നിഷേധിക്കപ്പെട്ടതോടെ വീരന്‍ മുന്നണിക്ക് പുറത്തേക്ക്. എ.കെ.ജി സെന്ററില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടുവെന്ന് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് വീരന്‍ നേരെ കോഴിക്കോട്ടേക്ക്. കോഴിക്കോട് ടൗണ്‍ഹാളില്‍ പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് വീരേന്ദ്രകുമാര്‍ നടത്തിയ പ്രസംഗം ചരിത്രം. കേരളം കണ്ട ഏറ്റവും ഭീരുവായ രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നായിരുന്നു വിമര്‍ശനം. പിണറായിക്കെതിരെ വിമര്‍ശനം കടുത്തപ്പോള്‍ ജനതാദള്‍ ഓഫീസുകള്‍ പലതും ആക്രമിക്കപ്പെട്ടു.

എല്‍.ഡി.എഫ് വിട്ട വീരേന്ദ്രകമുമാറിനെ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് അന്ന് വിശേഷിപ്പിച്ചത് 'പാല പോയ കുട്ടിച്ചാത്തനെ'ന്നായിരുന്നു. കോഴിക്കോട് സീറ്റില്‍ മുഹമ്മദ് റിയാസിനെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ വീരന്‍ ഒളിയമ്പെയ്തു. പേയ്‌മെന്റ് സീറ്റാണെന്ന് ആരൊക്കെയോ പറയുന്നുണ്ടെന്നും ഫാരിസ് അബൂബക്കറുടെ പേര് കേള്‍ക്കുന്നുണ്ടെന്നുമൊക്കെ യു.ഡി.എഫ് രാഷ്ട്രീയ യോഗത്തില്‍ വെച്ച് വീരേന്ദ്രകുമാര്‍ പറഞ്ഞപ്പോള്‍ കോഴിക്കോടിന് പുറത്തേക്കും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയ ആരോപണമായി അത് പിന്നീട് മാറി. ടോമിന്‍ തച്ചങ്കരിയും സി.പി.എമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് എത്തിച്ചത് വീരേന്ദ്രകുമാറും മാതൃഭൂമിയുമായിരുന്നു. വീരേന്ദ്രകുമാര്‍ വിത്തിട്ട പല ആരോപണങ്ങളും ഏറ്റുപിടിച്ച് പ്രചരിപ്പിച്ചത് സി.പി.എമ്മിലെ പിണറായി വിരുദ്ധ പക്ഷമായിരുന്നു.

രാഷ്ട്രീയ കാലാവസ്ഥയില്‍ പിന്നീട് മാറ്റമുണ്ടായി. യു.ഡി.എഫില്‍ ചേക്കേറിയ വീരനും സംഘത്തിനും പാലക്കാട് തോല്‍വിയാണ് മാറിച്ചിന്തിക്കാന്‍ വഴിയൊരുക്കിയത്. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പാലക്കാട് തോറ്റത് വീരന് അംഗീകരിക്കാനേ കഴിഞ്ഞില്ല. കഴിഞ്ഞതെല്ലാം മറന്ന് സി.പി.എമ്മും വീരന് വേണ്ടി പരവതാനി വിരിച്ചു. വീരേന്ദ്രകുമാറിന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ പിണറായിയെത്തി. വീരന്റെ രാഷ്ട്രീയം ഇടതുപക്ഷമാണെന്ന് കോടിയേരി പലവുരു പറഞ്ഞു. അങ്ങിനെയങ്ങിനെ എ.കെ.ജി സെന്ററില്‍ നിന്നിറക്കിവിട്ടുവെന്ന് വീരന്‍ തന്നെ പറഞ്ഞ രാഷ്ട്രീയം വീണ്ടും ഇടതുപക്ഷത്ത് ചേക്കേറി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി സി.പി.എമ്മും എല്‍.ഡി.എഫ് നേതാക്കളും വീരനെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ഓര്‍ക്കാന്‍ അത്ര ഇഷ്ടപ്പെടാത്ത ഒരു ചരിത്രം കേരള രാഷ്ട്രീയത്തിന്റെ ഓര്‍മ്മകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

First published: May 29, 2020, 4:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading