• HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh| എം ആർ അജിത് കുമാറിന് നിയമനം പിന്നീടെന്ന് സർക്കാർ; ഉദ്യോഗസ്ഥനെ ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

Swapna Suresh| എം ആർ അജിത് കുമാറിന് നിയമനം പിന്നീടെന്ന് സർക്കാർ; ഉദ്യോഗസ്ഥനെ ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന അജിത്കുമാറിനെ ഏതാനും മാസംമുമ്പാണ് വിജിലൻസ് ഡയറക്ടറായി നിയമിച്ചത്.

  • Share this:
    തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ (Swapna Suresh)  ആരോപണങ്ങളുടെ തുടർച്ചയായി വിജിലൻസ് ഡയറക്ടർ (Vigilance Director) സ്ഥാനത്ത് നിന്ന് മാറ്റിയ എം ആർ അജിത്കുമാറിന് (MR Ajithkumar) പകരം നിയമനമായില്ല. പൊലീസിന് പുറത്തേക്കാണ് മാറ്റമെന്നാണ് വിവരം. ഉത്തരവ് പിന്നീട് പുറത്തിറക്കും. ഷാജ് കിരൺ എന്ന വ്യക്തിയുമായി ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൂടി കണക്കിലെടുത്താണ് അജിത്കുമാറിനെ മാറ്റാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന് നിർദേശം നൽകിയത്. വിജിലൻസ് ഡയറക്ടറുടെ പകരം ചുമതല ഐ ജി എച്ച്. വെങ്കിടേഷിന് നൽകി.

    തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനെത്തിയ ഷാജ് കിരണിന്റെ വാട്‌സാപ്പിൽ വിജിലൻസ് ഡയറക്ടർ എം ആർ അജിത്കുമാർ ഒട്ടേറെത്തവണ വിളിച്ചുവെന്ന് സ്വപ്ന കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റഡിയിലെടുത്തത് ഉൾപ്പെടെയുള്ള നീക്കങ്ങൾ പാളിയതും സ്ഥാനചലനത്തിന് കാരണമായതായാണ് വിവരം.

    മുഖ്യമന്ത്രിക്കെതിരേ സ്വപ്ന ആരോപണമുന്നയിച്ചതിന് പിന്നാലെ സരിത്തിനെ വിജിലൻസ് പാലക്കാടുനിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോണും വിജിലൻസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് സ്വപ്ന കടുത്തഭാഷയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരേ വിമർശനം ഉന്നയിക്കുകയും ചെയ്തു.

    Also Read- Saritha S Nair| 'മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോർജ് സമ്മർദം ചെലുത്തി'; പ്രത്യേക അന്വേഷണ സംഘത്തിന് സരിതയുടെ മൊഴി

    അജിത്കുമാറിന്റെ നിർദേശപ്രകാരമാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കി. ഒപ്പം, അജിത്കുമാർ, വിജയ് സാഖറെ എന്നീ എ ഡി ജി പിമാർ വിളിച്ചിരുന്നതായി ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു.

    ഇക്കാര്യങ്ങൾ വിജയ് സാഖറെ നിഷേധിച്ചെങ്കിലും അജിത്കുമാർ പ്രതികരിച്ചിരുന്നില്ല. അജിത്കുമാർ ഷാജ് കിരണിനെ വിളിച്ചിട്ടുണ്ടെന്നും ഇത്തരം ഒരു വ്യക്തിയുമായി അദ്ദേഹത്തിനു ബന്ധമുണ്ടെന്നും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെയാണ് അദ്ദേഹത്തെ മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയതെന്നാണ് വിവരം.

    ഷാജ് കിരൺ കൊച്ചിയിൽ മാധ്യമപ്രവർത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്നു അജിത്കുമാർ. സരിത്തിനെ കസ്റ്റഡിയിലടുത്തവിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് അജിത്കുമാർ പറഞ്ഞാണെന്നും സ്വപ്ന പറഞ്ഞിരുന്നു. ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന അജിത്കുമാറിനെ ഏതാനും മാസംമുമ്പാണ് വിജിലൻസ് ഡയറക്ടറായി നിയമിച്ചത്.

    Also Read- Swapna Suresh | സ്വപ്നയുടെ വെളിപ്പെടുത്തൽ; വിജിലൻസ് മേധാവിയെ മാറ്റി; എം.ആർ അജിത്ത് കുമാറിന് പകരം വെങ്കിടേഷിന് ചുമതല

    അതേസമയം, ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി മുഖംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷമടക്കം ഉയർത്തുന്നത്. വിവാദങ്ങളിൽ നിന്ന് മുഖംരക്ഷിക്കാനാണ് അജിത് കുമാറിനെ മാറ്റിയത്. പക്ഷേ. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്ന കേസിൽ ഉന്നത ഉദ്യോഗസ്ഥൻ മാത്രം എങ്ങനെ ഇടപെട്ടുവെന്ന സംശയമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

    അജിത് കുമാർ സ്വന്തം നിലയ്ക്കാണ് ഷാജ് കിരണുമായി സംസാരിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. വിജിലൻസ് മേധാവിയെ മാറ്റിയതോടെ സ്വപ്നയുടെ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന വാദം മുറുകുകയാണ്. അജിത് കുമാറിന്‍റെ സ്ഥലംമാറ്റം സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
    Published by:Rajesh V
    First published: