• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pala Haridas | ഭക്തിഗാനമേളക്കിടയില്‍ കുഴഞ്ഞുവീണ മൃദംഗ കലാകാരന്‍ മരിച്ചു

Pala Haridas | ഭക്തിഗാനമേളക്കിടയില്‍ കുഴഞ്ഞുവീണ മൃദംഗ കലാകാരന്‍ മരിച്ചു

ഈ മാസം 12ന് പയപ്പാര്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രോത്സവത്തില്‍ ഭക്തിഗാനമേള അവതരിപ്പിക്കുന്നതിനിടെ മൃദംഗം വായിച്ചുകൊണ്ടിരുന്ന ഹരിദാസ് കുഴഞ്ഞുവീഴുകയായിരുന്നു.

  • Share this:
    ‌കോട്ടയം: ഭക്തിഗാനമേളക്കിടെ (Devotional Gana Mela) വേദിയില്‍ കുഴഞ്ഞുവീണ പ്രമുഖ മൃദംഗകലാകാരന്‍ (Mridanga Artist) ചികിത്സയിലിരിക്കെ മരിച്ചു. പാലാ കൊച്ചിടപ്പാടി കാനാട്ട് കെ ജി ഹരിദാസ് (പാലാ ഹരിദാസ്) ആണ് മരിച്ചത്. 66 വയസായിരുന്നു.

    ഈ മാസം 12ന് പയപ്പാര്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രോത്സവത്തില്‍ ഭക്തിഗാനമേള അവതരിപ്പിക്കുന്നതിനിടെ മൃദംഗം വായിച്ചുകൊണ്ടിരുന്ന ഹരിദാസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തലയിലെ ഞരമ്പ് പൊട്ടി അതീവഗുരുതരാവസ്ഥയിലായിരുന്നു ഹരിദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    പ്രസിദ്ധ മൃദംഗവാദകന്‍ പാലാ ചിന്നക്കുട്ടന്‍ മാസ്റ്ററുടെ ശിഷ്യനാണ്. നിരവധി വേദികളില്‍ ഇദ്ദേഹം സംഗീത സദസ്സുകള്‍ക്ക് പക്കമേളമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭക്തിഗാനമേള ട്രൂപ്പുകള്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പ്രമുഖ സംഗീതജ്ഞ പാലാ പുഷ്പകുമാരി ഉൾപ്പെടെ അഞ്ചു സഹോദരങ്ങളുണ്ട്.

    കലാരംഗത്തിനൊപ്പം പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്ന ഹരിദാസ്, സിപിഐ പാലാ മുന്‍ ലോക്കൽ കമ്മറ്റിയംഗവും മീനച്ചില്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു.

    ഭാര്യ രാധ പോണാട് കുഴിമറ്റത്തില്‍ കുടുംബാംഗമാണ്. രാഖി, സ്വാതി, പാര്‍വതി എന്നിവരാണ് മക്കള്‍. സിമോദ് (കുറവിലങ്ങാട്, ) കണ്ണന്‍ (വിപിന്‍കുമാര്‍) തിരുവല്ല, ദീപു പൊന്‍കുന്നം എന്നിവര്‍ മരുമക്കളും. സംസ്‌കാരം ഇന്ന് 2.30 ന് കൊച്ചിടപ്പാടിയിലെ കാനാട്ട് തറവാട്ടുവീട്ടുവളപ്പില്‍.

    പ്രമുഖ മൃദംഗകലാകാരനായിരുന്ന കെ ജി ഹരിദാസിന്റെ നിര്യാണത്തില്‍ ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര തുടങ്ങിയവർ അനുശോചിച്ചു.
    Published by:Rajesh V
    First published: