• HOME
 • »
 • NEWS
 • »
 • kerala
 • »
 • Mrithasanjeevini | ഒൻപതുവർഷത്തിനിടെ ഹൃദയം നൽകിയത് 64 പേർക്ക്,മൃതസഞ്ജീവനിയ്ക്ക് ചരിത്രനേട്ടം

Mrithasanjeevini | ഒൻപതുവർഷത്തിനിടെ ഹൃദയം നൽകിയത് 64 പേർക്ക്,മൃതസഞ്ജീവനിയ്ക്ക് ചരിത്രനേട്ടം

മൃതസഞ്ജീവനി പദ്ധതിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻ​ഗണനാടിസ്ഥാനത്തിലാണ് രോ​ഗികളെ തെരഞ്ഞെടുക്കുന്നത്

 • Share this:
  തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ (Kerala government) മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (Mrithasanjeevini) രൂപീകൃതമായശേഷം മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവദാനത്തിനൊപ്പം ഹൃദയം മാറ്റിവച്ചത് 64 രോഗികളിൽ. 64-ാമത്തെ ഹൃദയം ഞായറാഴ്ച അങ്കമാലി അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച ആൽബിൻ പോളിൽ നിന്നും ചെന്നൈ റെല ആശുപത്രിയിലെ 51 കാരനായ രോഗിയ്ക്ക് വച്ചുപിടിപ്പിച്ചു.

  ഹൃദയത്തിന്റെ പ്രവർത്തനം മന്ദീഭവിച്ച് ജീവിതപ്രതീക്ഷ മങ്ങിയ നിരവധി രോഗികൾക്ക് ഇതോടെ മൃതസഞ്ജീവനിയായി മാറിയ അവയവദാനപദ്ധതി ജനങ്ങളിൽ പുത്തൻ പ്രതീക്ഷയുമായി മുന്നേറുകയാണ്. 2013 ൽ ആണ് കേരളാ നെറ്റ് വർക്ക് ഫോർ ഓർഗൻ ഡൊണേഷൻ (കെ എൻ ഒ എസ്) അഥവാ മൃതസഞ്ജീവനിയ്ക്ക് തുടക്കമാവുന്നത്. 2013 മുതൽ 2021 വരെയുള്ള കാലയളവിൽ മൃതസഞ്ജീവനിയിലൂടെ 64 ഹൃദയങ്ങളാണ് മാറ്റിവച്ചത്. 2013-ൽ ആറ്, 2014-ൽ ആറ്, 2015-ൽ 14, 2016-ൽ 18, 2017-ൽ അഞ്ച്, 2018-ൽ നാല്, 2019-ൽ മൂന്ന്, 2020-ൽ അഞ്ച്, 2021 ഒക്ടോബർ 24 വരെ മൂന്ന് എന്നിങ്ങനെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നത്. സംസ്ഥാനത്തിനകത്തു  ഏഴുതവണയും  സംസ്ഥാനത്തിനു പുറത്ത് 13 തവണയും എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് ഹൃദയം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിച്ചത്.

  മൃതസഞ്ജീവനി പദ്ധതിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻ​ഗണനാടിസ്ഥാനത്തിലാണ് രോ​ഗികളെ തെരഞ്ഞെടുക്കുന്നത്.സംസ്ഥാനത്തെവിടെയും മസ്തിഷ്ഘാത മരണം സ്ഥിരീകരിച്ചുകഴിഞ്ഞാൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് അവയവം നൽകാനുള്ള രോ​ഗിയെ കണ്ടെത്തും. വളരെ വേ​ഗത്തിൽ സങ്കീർണ്ണ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അവയവയങ്ങൾ വേർപ്പെടുത്തി രോ​ഗിക്ക്  നൽകാനായി തയ്യാറെടുക്കും. ലക്ഷ്യസ്ഥാനത്ത് വേ​ഗത്തിലെത്തിക്കാനുള്ള വെല്ലുവിളിയാണ് പിന്നീട് പൂർത്തിയാക്കേണ്ടത്. വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനം ഇതിനാവശ്യമാണ്. കാലാകാലങ്ങളിലുളള സർക്കാർ പദ്ധതിക്ക് മികച്ച പിൻതുണ നൽകുന്നത് നടപടിക്രമങ്ങൾ എളുപ്പമാക്കുന്നു. ആദ്യ ഘട്ടത്തിൽ പൂർണ്ണമായും റോഡ് മാർ​​​​ഗ്​ഗമായിരുന്നു അവയവ കൈമാറ്റം.എന്നാൽ പിന്നീട് എയർ ആമ്പുലൻസ് സൗകര്യങ്ങൾ ലഭ്യമായി.സംസ്ഥാന  പോലീസ് സേന വാടകക്കെടുത്ത ഹെലികോപ്റ്റർ മാർ​ഗ്​ഗം നിരവധി തവണ അവയവങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തിച്ചു.

  വൻ മാഫിയ ഇടപെടലുകൾ ഉണ്ടായിരുന്ന അവയവ കൈമാറ്റമേഖലയിൽ സർക്കാർ ഇപെടൽ ഉണ്ടായതാണ് നടപടികൾ സുതാര്യമാക്കിയത്.അവയാവ കൈമാറ്റവും അതിന്റെ പ്രധാന്യവും ജനങ്ങൾക്ക് ബോധ്യപ്പെട്ടതോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് കഴിഞ്ഞാൽ മിക്ക ബന്ധുക്കളും അവയവദാനത്തിന് തയ്യാറാകുന്നു.അനുയോജ്യരായ രോ​ഗികൾ സംസ്ഥാനത്ത് ലഭ്യമാവാതെ വരുമ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിലെ രോ​ഗികൾക്ക് അവയവം നൽകുന്നത്.

  ആൽബിൻ 6 പേരിലൂടെ ജീവിക്കും

  തൃശൂർ  സ്വദേശി ആൽബിൻ പോൾ (30) ഇനി 6 പേരിലൂടെ ജീവിക്കും. മസ്തിഷ്‌ക മരണമടഞ്ഞ ആൽബിൻ പോളിന്റെ ഹൃദയം, കരൾ, 2 വൃക്കകൾ, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.  ഏറെ വിഷമഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകീർത്തിച്ചു.

  ആൽബിൻ പോളും സഹോദരൻ സെബിൻ പൗലോസും കൂടി ഈ മാസം 18ന് രാവിലെ 3.15ന് നെടുമ്പാശേരി എയർപോട്ടിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ അവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലുള്ളവർ വിളിച്ച് പറഞ്ഞാണ് വീട്ടുകാർ അപകടത്തെപ്പറ്റി അറിഞ്ഞത്.

  പിതാവ് പൗലോസ് ആശുപത്രിയിലെത്തുമ്പോൾ രണ്ട് മക്കളും ഐസിയുവിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു. സഹോദരൻ ഭേദമായി ആശുപത്രി വിട്ടു. എന്നാൽ ആൽബിന്റെ അവസ്ഥ ഗുരുതരമായി കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ മഹത്വമറിയാവുന്ന പിതാവ് പൗലോസ് അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.

  ഗൾഫിലായിരുന്ന ആൽബിൻ പോൾ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി. ഫെഡറേഷനിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവായി താത്ക്കാലികമായി ജോലി നോക്കുകയായിരുന്നു. ആൽബിൻ വിവാഹിതനായിട്ട് 2 വർഷം കഴിഞ്ഞതേയുള്ളൂ. ഭാര്യ എയ്ഞ്ചൽ. ഇവർക്കൊരു 4 മാസം പ്രായമായ കുഞ്ഞുമുണ്ട്.

  സംസ്ഥാനത്ത് അവയവ ദാനത്തിനായി രജിസ്റ്റർ ചെയ്തവരിൽ ആൽബിൻ പോളിന്റെ ഹൃദയവുമായി ചേർച്ചയില്ലാത്തതിനാൽ സംസ്ഥാനം കടന്നുള്ള അവയവദാനത്തിനാണ് വേദിയായത്. ഇക്കാര്യം ദേശീയ അവയദാന ഓഗനൈസേഷനെ (NOTTO) രേഖാമൂലം അറിയിച്ചു. അവർ റീജിയണൽ ഓർഗൺ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓഗനൈസേഷനെ (ROTTO) അറിയിച്ചു. അവരാണ് ചെന്നൈയിലെ റെല ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിച്ചത്.
  Published by:Karthika M
  First published: