• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'കെഎൻഎ ഖാദർ RSS വേദിയിലല്ല, കേസരിയുടെ പരിപാടിയിലാണ് പങ്കെടുത്തത്'; സംവാദങ്ങളെ ഭയക്കുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്: എംടി രമേശ്

'കെഎൻഎ ഖാദർ RSS വേദിയിലല്ല, കേസരിയുടെ പരിപാടിയിലാണ് പങ്കെടുത്തത്'; സംവാദങ്ങളെ ഭയക്കുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്: എംടി രമേശ്

"ലീഗ് നടപടി എടുത്താൽ അതിനർഥം അവർ സംവാദങ്ങളെ ഭയക്കുന്നു എന്നാണ്"

 • Share this:
  മലപ്പുറം: ഒളിക്കാനും ഭയക്കാനും ഉള്ളവരാണ് സംവാദങ്ങളെ ഭയക്കുന്നത് എന്ന് ബിജെപി (BJP)സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കെ.എൻ.എ. ഖാദർ കേസരിയുടെ വേദിയിൽ പങ്കെടുത്ത നടപടിക്ക് എതിരെ മുസ്‌ലിം ലീഗിൽ നിന്ന് വിമർശനം ഉയരുന്ന സാഹചര്യത്തിൽ ആണ് രമേശിന്റെ വാക്കുകൾ. മലപ്പുറത്ത് എം ടി രമേശ് ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇങ്ങനെ മറുപടി പറഞ്ഞു.

  "കെ.എൻ.എ ഖാദർ പങ്കെടുത്തത് ആർഎസ്എസ് പരിപാടിയിൽ അല്ല, കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിൽ ആണ്. കെ.എൻ.എ ഖാദർ എവിടെ പങ്കെടുത്തു എന്നല്ല, എന്ത് പറഞ്ഞു എന്നതാണ് കാര്യം. സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. ലീഗ് നടപടി എടുത്താൽ സംവാദങ്ങളെ ഭയപ്പെടുന്നു എന്നാണ്".

  ഒരു പരിപാടിയിൽ പങ്കെടുക്കുക എന്നാൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്നല്ലെന്നും എം ടി രമേശ് പറഞ്ഞു. "ഞാൻ വിവിധ പാർട്ടികളുടെ, മുസ്‌ലിം ലീഗിന്റേയും വെൽഫെയർ പാർട്ടിയുടെയും അടക്കം വിവിധ കക്ഷികളുടെ വേദിയിൽ സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അതിന് എന്റെ പാർട്ടി എന്നെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വേദിയിൽ പങ്കെടുത്താൽ ഉടനെ ആ പാർട്ടിയിലേക്ക് ക്ഷണിക്കുക എന്നാണോ ? " എംടി രമേശ് ചോദിച്ചു.
  Also Read-RSS പരിപാടിയില്‍ പങ്കെടുത്ത സംഭവം: കെഎന്‍എ ഖാദറിനെതിരെ കടുത്ത നടപടിയുണ്ടാവില്ലെന്ന് സൂചന; നടപടി ശാസനയില്‍ ഒതുങ്ങിയേക്കും

  ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് എം ടി രമേശ് ഇങ്ങനെ കുറിച്ചു,

  "കെ.എൻ.എ ഖാദറിന് സങ്കി ചാപ്പകുത്തി ക്രൂശിക്കുന്ന സാംസ്കാരിക കേരളത്തിന് ഇതെന്തുപറ്റി ? അറിയാനും അറിയിക്കാനും പ്രചരിപ്പിയ്ക്കാനും സ്വാതന്ത്ര്യമുള്ള സംവാദ സൗഹൃദ കേരളത്തിന് ഇതെന്തുപറ്റി? ഏതു വേദിയയിൽ എന്നതല്ല എന്തുപറയുന്നുവെന്നതല്ലെ പ്രധാനം ? ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിലും മാസികയിലും എഴുതുന്ന കേരളത്തിലെ സാംസ്കാരിക നായകന്മാരും രാഷ്ട്രീയക്കാരും അവരുടെ ആശയധാര പിൻപറ്റുന്നവരാണോ ? ഒരിക്കൽകൂടി പറയട്ടെ, ഏതു പ്രസ്ഥാനമെന്നതോ ഏതു വേദിയെന്നതോ അല്ല എന്തുപറയുന്നുവെന്നതാണ് പ്രശ്നം ?

  Also Read-'കെഎൻഎ ഖാദർ RSS പരിപാടിയിൽ പങ്കെടുത്തത് പാർട്ടി നയത്തിന് എതിര്; ഗൗരവത്തോടെ ചർച്ച ചെയ്യും': എംകെ മുനീർ

  മാർക്സിയൻ ആചാര്യനായ ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടും ആർഎസ്എസ്സ് ആചാര്യനായിരുന്ന പി.പരമേശ്വരനും ഒരേ വേദിയിൽ എത്രയേറെ സംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. പരസ്പരം സംവദിക്കുന്ന തുറസ്സല്ലെ ജനാധിപത്യം. ആശയപരമായി ഉറപ്പുള്ളവർക്ക് അത് ഏതുവേദിയിലും ഉറച്ച് പറയാൻ സാധിക്കണം. സോളിഡാരിറ്റിയുടെയും ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വേദിയിൽ പങ്കെടുത്ത് ഭാരതീയ ജനതാ പാർട്ടിയുടെ ആശയം വ്യക്തതയോടെ അവതരിപ്പിച്ചിട്ടുണ്ട്.

  അന്ന് ഒന്നും എന്റെ പ്രസ്ഥാനം എന്നെ വിലക്കിയിട്ടില്ല.കേസരി ഒരു മാധ്യമ സ്ഥാപനമാണ്.മാധ്യമസ്ഥാപനങ്ങളുടെ പ്രധാന ധർമ്മങ്ങളിലൊന്ന് ജനാധിപത്യത്തിന്റെ സംവദ വേദികളാവുകയെന്നത്, വിവിധ ആശയങ്ങൾ അവിടെ തമ്മിൽ ആശയപരമായി കോർക്കുമ്പോഴാണ് പുതിയ ആശയധാരകൾ സൃഷ്ടിക്കപ്പെടുന്നത്.ആശയ ദാരിദ്ര്യമുള്ളവർ സംവാദങ്ങളെ ഭയപ്പെടും. സ്വന്തം ആദർശത്തിൽ സംശയമുള്ളവർ മറ്റ് പ്രത്യയശാസ്ത്രങ്ങളെ കേൾക്കാൻ പോലും ഭയപ്പെടും.

  കെ.എൻ.എ ഖാദർ പറയാനും കേൾക്കാനും കെൽപ്പുള്ളവനാണ്. ആദർശപരമായി ഉറപ്പുള്ളവനാണ്. ജെ നന്ദകുമാർ ബുദ്ധനെ കുറിച്ചാണ് സംസാരിച്ചത് ബുദ്ധൻ വെറുക്കപ്പെടേണ്ടവൻ അല്ലാത്തതുകൊണ്ട് ആ പ്രസംഗം ഖാദറിന് രസിച്ചു. പലമതസാരവുമേകമെന്ന ശ്രീനാരായണ ദർശനമാണ് ഖാദർ കേസരിയുടെ വേദിയിൽ സംസാരിച്ചത്. സംശയമുള്ളവർക്ക് കേൾക്കാം. എന്നിട്ടും ക്രൂശിക്കാനാണ് ഭാവമെങ്കിൽ  ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആശയ സംവാദങ്ങൾക്കും  സംരക്ഷണമൊരുക്കാൻ പൊതുസമൂഹം ഒന്നിച്ചിറങ്ങേണ്ടിയിരിക്കുന്നു."
  Published by:Naseeba TC
  First published: