നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇ.ഡിക്ക് മുന്നിലേക്ക് മുഈനലി തങ്ങള്‍, നെഞ്ചിടിപ്പോടെ കുഞ്ഞാലിക്കുട്ടി

  ഇ.ഡിക്ക് മുന്നിലേക്ക് മുഈനലി തങ്ങള്‍, നെഞ്ചിടിപ്പോടെ കുഞ്ഞാലിക്കുട്ടി

  ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ മുഈനലി തങ്ങളുടെ കൈവശമുണ്ടെന്നിരിക്കെ ഇ.ഡിയുടെ നീക്കം നിര്‍ണ്ണായകമാണ്

  • Share this:
  കോഴിക്കോട്: ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഈനലി തങ്ങള്‍ ഈ മാസം പതിനേഴിന് ഇ.ഡിക്ക് മുമ്പാകെ ഹാജരാകും. ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് മുഈനലി തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കി. ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ മുഈനലി തങ്ങളുടെ കൈവശമുണ്ടെന്നിരിക്കെ ഇ.ഡിയുടെ നീക്കം നിര്‍ണ്ണായകമാണ്. ഈ മാസം 16ന് പി.കെ കുഞ്ഞാലിക്കുട്ടിയെയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.

  നോട്ടുനിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ പരാതിയിലാണ് ഇ.ഡിക്ക് മുമ്പാകെ മുഈനലി തങ്ങള്‍ ഹാജരാകുന്നത്. 17ന് ഹാജരാകാനാണ് മുഈനലി തങ്ങള്‍ക്ക് ലഭിച്ച നോട്ടീസ്. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരങ്ങള്‍ മുഈനലി തങ്ങളുടെ കൈവശമുണ്ട്. ഈ വിവരങ്ങള്‍ ഇ.ഡിക്ക് കൈമാറുമെന്നാണ് സൂചന.

  പാണക്കാട് ഹൈദരലി തങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസക്കാലമായി മുഈനലി തങ്ങള്‍ 2010 മുതലുള്ള ചന്ദ്രിയുടെ ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്. ചന്ദ്രികയുടെ ഫൈനാന്‍സ് ഡയരക്ടറായി പി.എ മുഹമ്മദ് സമീര്‍ ചുമതലയേറ്റതു മുതല്‍ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളാണ് നടക്കുന്നതെന്നും സമീറിനെ നിയന്ത്രിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി തയ്യാറാവുന്നില്ലെന്നും മുഈനലി തങ്ങള്‍ പരസ്യമായി ആരോപിച്ചിരുന്നു.

  2016 നവംബര്‍ 15ന് കൊച്ചി മാര്‍ക്കറ്റ് റോഡ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ ചന്ദ്രിക അക്കൗണ്ട് വഴി പത്ത് കോടിരൂപയും കലൂര്‍ റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ചന്ദ്രിക അക്കൗണ്ടിലും വലിയ തുകയും നിക്ഷേപിക്കപ്പെട്ടുവെന്നാണ് ഇ.ഡിക്ക് മുമ്പാകെയുള്ള പരാതി. ചന്ദ്രിക ഫൈനാന്‍സ് ഡയരക്ടര്‍ പി.കെ പി.എ അബ്ദുല്‍ സമീറാണ് പണം നിക്ഷേപിച്ചത്. തുക പിന്നീട് പല സമയങ്ങളിലായി പിന്‍വലിക്കപ്പെട്ടു. ആദായ നികുതി വകുപ്പ് പിന്നീട് അനധികൃത ഇടപാടിന് രണ്ട് കോടിയിലധികം രൂപ പിന്നീട് തിരിച്ചടച്ചിരുന്നു.

  ചന്ദ്രികയുടെ വാര്‍ഷിക വരിസംഖ്യയായി ലഭിച്ച തുകയാണ് ബാങ്കുകളില്‍ നിക്ഷേപിച്ചതെന്നാണ് സമീര്‍ ഇ.ഡിക്ക് നല്‍കിയ മൊഴി. എന്നാല്‍ വരിസംഖ്യാ സ്ലിപ്പുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ഇ.ഡിക്ക് സൂചന ലഭിച്ചിട്ടുണ്ട്. രാമനാട്ടുകരയിലും കോഴിക്കോട്ടും മുറികള്‍ വാടകക്കെടുത്ത് കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ വരിസംഖ്യാ സ്ലിപ്പുകളെന്നാണ് ആരോപണം. ഇതുസംബന്ധിച്ച ചില തെളിവുകള്‍ മുഈനലി തങ്ങളുടെ കൈവശമുണ്ട്. ഒപ്പം ചന്ദ്രികയുടെ പണം ഉപയോഗിച്ച് ഭൂമിവാങ്ങിയതില്‍ നടത്തിയ ക്രമക്കേടുകളുള്‍പ്പെടെ വലിയ തട്ടിപ്പുകള്‍ നടത്തിയതായും മുഈനലി തങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

  പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നയാളാണ് സമീറെന്നാണ് ആരോപണം. മുഈനലി തങ്ങള്‍ ഇ.ഡിക്ക് മുമ്പാതെ തെളിവുകള്‍ നല്‍കാന്‍ ഹാജരാകുമ്പോഴും കേസില്‍ മാത്രമല്ല, മുസ്ലിം ലീഗ് രാഷ്ട്രീയത്തിലും അത് നിര്‍ണ്ണായകമാകും.
  Published by:Karthika M
  First published: