• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Tourism| തലശ്ശേരിയുടെ പൈതൃകം വിളിച്ചോതുന്ന ടൂറിസം പദ്ധതികൾ; ഉദ്ഘാടനം ശനിയാഴ്ച്ച

Kerala Tourism| തലശ്ശേരിയുടെ പൈതൃകം വിളിച്ചോതുന്ന ടൂറിസം പദ്ധതികൾ; ഉദ്ഘാടനം ശനിയാഴ്ച്ച

ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയം, നവീകരിച്ച തലശ്ശേരി സെൻറ് ആംഗ്ലിക്കൻ ചർച്ച്, താഴെയങ്ങാടി സ്ട്രീറ്റ് എന്നി പദ്ധതികൾ ഉദ്ഘാടനത്തിന് തയ്യാറായി.

  • Share this:
ടൂറിസം വകുപ്പിന്റെ (Kerala Tourism)തലശ്ശേരി പൈതൃക പദ്ധതിയിൽ (Thalassery heritage project)ഉൾപ്പെടുന്ന  ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയം, നവീകരിച്ച തലശ്ശേരി സെൻറ് ആംഗ്ലിക്കൻ ചർച്ച്, താഴെയങ്ങാടി സ്ട്രീറ്റ് എന്നിവയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും.

വൈകീട്ട് മൂന്ന് പദ്ധതികളും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയം

ജർമ്മൻകാരനായ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശ്ശേരി നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ 'ഗുണ്ടർട്ട് ബംഗ്ലാവ് ഡെവലപ്‌മെന്റ് ഓഫ് കംപോണൻറ്‌സ്'എന്ന സ്വപ്നപദ്ധതി 4.34 കോടി രൂപ ചെലവഴിച്ചാണ് യാഥാർഥ്യമാക്കിയത്. മലയാളത്തിലെ ആദ്യവർത്തമാനപത്രം പിറന്ന ഇല്ലിക്കുന്ന് ബംഗ്ലാവ് മലയാള ഭാഷയെയും സംസ്‌കാരത്തെയും മാധ്യമ ചരിത്രത്തെയും അടുത്തറിയാനുള്ള അറിവ് പകരുന്നതോടൊപ്പം ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശഭാഷ കുതുകികളായ ചരിത്രവിദ്യാർഥികൾക്കും പ്രയോജനപ്പെടും.

ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയം

ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷാപഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യവുമുണ്ടാവും. 2.13 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ 2.21 കോടി രൂപയ്ക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയത്. പദ്ധതിയുടെ ഭാഗമായി സ്റ്റോറിലൈൻ ക്രിയേഷൻ, കണ്ടന്റ് ആൻഡ് ഗ്രാഫിക് ക്രിയേഷൻ, ഓഡിയോ അഡ്രസ് സിസ്റ്റം, വൈദ്യുതീകണം, ഫയർ അലാറം സിസ്റ്റം, എ.വി എക്‌സിപീരിയൻസ് (ഹാർഡ് വെയർ ആൻഡ് സോഫ്റ്റ്  വെയർ ഇന്റഗ്രേഷൻ) എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.  പഴയ ബംഗ്ലാവിന്റെ തനിമ നിലനിർത്തിയാണ് നവീകരണം പൂർത്തിയാക്കിയത്.



തലശ്ശേരി സെൻറ് ആംഗ്ലിക്കൻ ചർച്ച്

വടക്കേ മലബാറിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പുതുവഴി തുറന്ന എഡ്വേർഡ് ബ്രണ്ണനാണ് തലശ്ശേരി കോട്ടക്ക് സമീപം 1869 ൽ ആംഗ്ലിക്കൻ ചർച്ച് നിർമാണത്തിന് തുടക്കമിട്ടത്. ആംഗ്ലിക്കൻ-ഗോഥിക് വാസ്തുവിദ്യ ശൈലിയുടെ മികച്ച ഉദാഹരണമായ തലശ്ശേരി സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച് 1.84 കോടി രൂപ ചെലവഴിച്ചാണ്  നവീകരിച്ചത്. പള്ളിയുടെ നവീകരണം, ഡ്രൈനേജ്, നടപ്പാത, ചുറ്റുമതിൽ, മുറ്റം, പൂന്തോട്ടം, വൈദ്യുതീകരണം, ദീപ വിതാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

താഴെയങ്ങാടി സ്ട്രീറ്റ് 

സുഗന്ധവ്യഞ്ജനങ്ങളുടെ ലോക പ്രശസ്ത കച്ചവട കേന്ദ്രമായിരുന്ന താഴെയങ്ങാടിക്ക് തലശ്ശേരിയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. 4.84 കോടി രൂപ ചെലവിലാണ് താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ് പൂർത്തീകരിച്ചത്. റോഡ് പേവ്മെന്റ്, ഡ്രെയിനേജ്, നടപ്പാത, വേസ്റ്റ്ബിൻ, തെരുവുവിളക്കുകൾ, സിസിടിവി എന്നിവയാണ് പൂർത്തിയാക്കിയത്.

കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനാണ് നിർവഹണ ചുമതല.

തലശ്ശേരിയുടെ വിനോദസഞ്ചാര സാധ്യതകൾ പരിചയപ്പെടുത്താനും പൈതൃക സമ്പത്തുകൾ സംരക്ഷിക്കാനുമായി വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായാണ് മൂന്നുപദ്ധതികൾ യാഥാർഥ്യമാക്കിയത്.

ഗുണ്ടർട്ട് ബംഗ്ലാവിലും താഴെയങ്ങാടിയിലുമായി നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽ അഡ്വ. എ എൻ ഷംസീർ എം എൽ എ അധ്യക്ഷനാവും. നഗരസഭ ചെയർപേഴ്‌സൻ ജമുനാ റാണി ടീച്ചർ, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ഡയറക്ടർ വി ആർ കൃഷ്ണതേജ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
Published by:Naseeba TC
First published: