• HOME
 • »
 • NEWS
 • »
 • kerala
 • »
 • MULLAKKARA RATNAKARAN COMMEMORATES FORMER CHIEF MINISTER C ACHUTHA MENON ON HIS ANNIVERSARY

C Achutha Menon| 'അദ്ദേഹം സാക്ഷാൽ 'അച്യുതൻ' ആയിരുന്നു, 'വീഴ്ച പറ്റാത്തവൻ''; സി. അച്യുതമേനോനെ അനുസ്മരിച്ച് മുല്ലക്കര രത്നാകരൻ

ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ നിരവധി പാഠങ്ങളുണ്ട്. സുകുമാർ അഴീക്കോട് മാഷ് പറഞ്ഞത് പോലെ: “അദ്ദേഹം സാക്ഷാൽ ‘അച്യുതൻ‘ ആയിരുന്നു- ‘വീഴ്ച പറ്റാത്തവൻ‘... ഭരണം മുതൽ മരണം വരെയും... മരണശേഷവും...”

സി. അച്യുതമേനോൻ

സി. അച്യുതമേനോൻ

 • Share this:
  മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി. അച്യുതമേനോന്റെ ഓർമദിനമാണ് ഇന്ന്. അദ്ദേഹത്തെ കുറിച്ച് മുൻ കൃഷി മന്ത്രിയും സിപിഐ നേതാവുമായ മുല്ലക്കര രത്നാകരൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്

  കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയായിരുന്ന സഖാവ് അച്യുതമേനോന്റെ സ്മരണദിനമാണ് ഇന്ന്. 1991 ആഗസ്റ്റ് 16നാണ് അദ്ദേഹം കഥാവശേഷനായത്. അച്യുതമേനോനെപ്പോലെ കർമ്മശേഷിയും, കാര്യശേഷിയും, സർഗ്ഗശേഷിയും സമഞ്ജസമായി സമ്മേളിച്ചിരുന്ന മറ്റൊരു വ്യക്തിത്വത്തെ ചൂണ്ടിക്കാണിക്കാനാവില്ല. 'തനിക്ക് വിളക്ക് താൻ തന്നെ' എന്ന് തെളിയിച്ചുകൊണ്ടുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വിശ്വാസത്തിൽ മാർക്സിസ്റ്റായിരുന്നെങ്കിൽ ജീവിതത്തിൽ ഗാന്ധിയനായിരുന്നു.

  1969 മുതൽ 77 വരെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനാണ് ക്ഷേമസർക്കാരെന്ന സങ്കൽപ്പത്തിലുള്ള ചുവടുവയ്ക്കലായി ലോകം ശ്രദ്ധിച്ച കേരളാ മോഡലിന്റെ ഉപജ്ഞാതാവായത്. കേരളത്തിന്റെ വികസനവഴികളിൽ നാഴികക്കല്ലുകളായി ചരിത്രം രേഖപ്പെടുത്തിയ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളായ ആർ സി സി, ശ്രീചിത്രമെഡിക്കൽ സെന്റർ, കെൽട്രോൺ, കാർഷിക സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിങ്ങനെ ഇന്നത്തെ കേരളത്തിന്റെ അടിസ്ഥാന സംരംഭങ്ങളിലെല്ലാം കയ്യൊപ്പ് ചാർത്തിയത് അച്യുതമേനോൻ സർക്കാരാണ്.

  1970 ജനുവരി 1-നു ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിലാക്കികൊണ്ട് ജന്മിത്തമവസാനിപ്പിച്ചത് ചരിത്രം സൃഷ്ടിച്ച സംഭവമായിരുന്നു. 1957 ഏപ്രിൽ 5നു നിലവിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ധനകാര്യ കാർഷിക മന്ത്രിയായിരുന്നു അച്യുതമേനോൻ. “ഐശ്വര്യപൂർണ്ണമായ കേരളത്തിലേക്ക്” എന്ന് ആ സർക്കാരിന്റെ മാനിഫെസ്റ്റോ ഡ്രാഫ്റ്റ് ചെയ്തത് അദ്ദേഹമായിരുന്നു. വിവിധ വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യമുള്ളയാളും സാഹിത്യാസ്വാദകനും നിരൂപകനും ഗ്രന്ഥകർത്താവുമായിരുന്നു അദ്ദേഹം. ലളിതജീവിതമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

  സമയത്തിന്റെ വില മനസിലാക്കിയിരുന്ന അദ്ദേഹം എപ്പോഴും കൃത്യനിഷ്ഠ കാത്തുസൂക്ഷിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരിക്കൽ കെൽട്രോണുമായി ബന്ധപ്പെട്ട ഒരു ആലോചനായോഗം നടന്നു. സമയത്തിൽ കണിശത കാട്ടിയിരുന്ന കെ പി പി നമ്പ്യാരും ആ യോഗത്തിലുണ്ട്. അഞ്ച് മിനിട്ട് മുൻപ് തന്നെ അദ്ദേഹമെത്തി. എന്നാൽ അവിചാരിതമായി അച്യുതമേനോൻ അല്പം വൈകി. എത്തിയപ്പോഴേക്കും നമ്പ്യാർ സ്ഥലം വിട്ടിരുന്നു. യോഗം മാറ്റിവച്ചു. ഓഫീസിൽ തിരിച്ചെത്തിയ അച്യുതമേനോൻ സെക്രട്ടറി വശം ഒരു കത്ത് കൊടുത്തുവിട്ടിരുന്നു. അതിൽ ഇപ്രകാരമായിരുന്നു കുറിച്ചിരുന്നത്: താങ്കളുടെ സമയം നഷ്ടപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു. താമസിയാതെ “താങ്കൾ ഒരു സമയം നിശ്ചയിച്ചു നൽകിയാൽ ഞാൻ പങ്കെടുത്തുകൊള്ളാം.” ഇതായിരുന്നു അച്യുതമേനോൻ.

  പാർട്ടിവേദികളിൽ നിർഭയമായി അഭിപ്രായങ്ങളും വിയോജിപ്പുകളും തുറന്ന് പറഞ്ഞിരുന്ന അദ്ദേഹം പക്ഷേ പാർട്ടി തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഒരിക്കലും വീഴ്ച വരുത്തിയിരുന്നില്ല. സിപിഐ രണ്ടാം പാർട്ടി കോൺഗ്രസ് കൽക്കട്ടയിൽ ചേർന്നപ്പോൾ കൈക്കൊണ്ട സായുധ സമരം (കൽക്കട്ട തീസിസ്) എന്ന തീരുമാനത്തെ എതിർക്കുകയും എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തിരുന്ന അദ്ദേഹം എന്നാൽ തീരുമാനം നടപ്പക്കുന്നതിനായി ഒളിവിൽ പോകുന്നതിനും മടിച്ചില്ല. അതുപോലെ തന്നെ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടയന്തിരാവസ്ഥയിൽ പ്രതിഷേധിച്ച് തന്റെ മുഖ്യമന്ത്രിപദം ഉപേക്ഷിക്കണമെന്നും പാർട്ടി അടിയന്തിരാവസ്ഥയെ എതിർക്കണമെന്നും വാദിച്ച ആളായിരുന്നു അദ്ദേഹം. എന്നാൽ പാർട്ടി മറിച്ചൊരു നിലപാടെടുത്തപ്പോൾ അതിനൊപ്പം നിൽക്കുക എന്ന കമ്മ്യൂണിസ്റ്റ് മാതൃകയും ധാർമ്മികതയും അദ്ദേഹം ഉയർത്തിപ്പിടിച്ചു.

  ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ നിരവധി പാഠങ്ങളുണ്ട്. സുകുമാർ അഴീക്കോട് മാഷ് പറഞ്ഞത് പോലെ: “അദ്ദേഹം സാക്ഷാൽ ‘അച്യുതൻ‘ ആയിരുന്നു- ‘വീഴ്ച പറ്റാത്തവൻ‘... ഭരണം മുതൽ മരണം വരെയും... മരണശേഷവും...”
  ആദരാഞ്ജലികൾ

  (അഭിപ്രായങ്ങൾ വ്യക്തിപരം)
  Published by:Rajesh V
  First published:
  )}