കൊച്ചി: ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് പാർട്ടിക്ക് അത്തരമൊരു നിലപാടില്ലെന്നും പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തൃശൂർ ഡിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ ബുധനാഴ്ച നടക്കുന്ന സമരത്തിൽ സുധാകരൻ പങ്കെടുക്കുന്നത് പാർട്ടി തീരുമാനമനുസരിച്ചു തന്നെയാണ്. അതിൽ പല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. പല യുവതികളും ശബരിമലയിലേക്ക് വരാൻ തയാറെടുക്കുന്നത് ശ്രദ്ധയിൽപെടുത്തിയപ്പോൾ, യുവതികൾ പരമാവധി ശബരിമലയിലേക്ക് വരരുതെന്നാണ് കോണ്‍ഗ്രസിന് പറയാനുള്ളത്. പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്നും മുല്ലപ്പള്ളി ആവർത്തിച്ചു.
'ശബരിമല'യിൽ സർക്കാരിനെതിരെ സമരവുമായി കോൺഗ്രസ്
ശബരിമലയെ കലാപ ഭൂമിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണ്. സർക്കാരിന് ഈ വിഷയത്തിൽ നിഗൂഢമായ അജണ്ടയുണ്ട്. സർക്കാർ റിവ്യൂ ഹർജി പോകാത്തത് തന്നെ ഇതിന്റെ ഭാഗമായാണ്. സിപിഎമ്മിനെ പോലെ ജാതിമത പ്രീണനം നടത്തുന്ന വേറെ പാർട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അയോധ്യയാക്കാനാണ് ബിജെപി ശ്രമം. ശബരിമല വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനും സാധിക്കും. ശബരിമല വിഷയത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായ പ്രയാർ ഗോപാലകൃഷ്ണൻ നൽകുന്ന റിവ്യൂ ഹർജിക്ക് കോണ്‍ഗ്രസ് എല്ലാവിധ സഹായങ്ങളും നൽകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mullappally ramachandran, Sabarimala, മുല്ലപ്പള്ളി രാമചന്ദ്രൻ, ശബരിമല