തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നേതാക്കൾക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കും. വിഷയം പരിശോധിക്കാന്‍ കെപിസിസി സീനിയര്‍ ജനറല്‍ സെക്രട്ടറി ജോണ്സണ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പരിമിതമായ സാഹചര്യത്തില്‍ നടത്തിയ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ്. വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ പോസ്റ്റര്‍ ആക്രിക്കടയില്‍ വില്ക്കാന് കൊടുത്ത സംഭവം അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തെക്കുറിച്ച് സ്ഥാനാര്‍ഥിയുമായി സംസാരിച്ചു.
വിഷയം പരിശോധിക്കാന്‍ കെപിസിസി നേതൃത്വത്തില്‍ അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പരമാവധി വേഗതയില്‍ അന്വേഷണം നടത്തും. ഇത് ഒറ്റപ്പെട്ട സംഭവമാണോ ഇതിന് പിന്നില്‍ ഏതെങ്കിലും നേതാക്കന്മാര്ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.
വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാവാന്‍ നിരവധി പേര് താല്പര്യം പ്രകടിപ്പിച്ചിരുന്നു. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് വീണയെ തീരുമാനിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായര്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ചിരുന്നു. വീഴ്ചയുണ്ടെങ്കില്‍ കെപിസിസി അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിയെന്ന് വീണ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരില്‍ വിശ്വാസമുണ്ട്. ബിജെപിക്ക് വോട്ടുവിറ്റെന്ന ആരോപണം സിപിഎമ്മിന്റെ മാത്രമാണെന്നും വീണ പറഞ്ഞു.
കോട്ടയം: മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയതിന് പുതുപ്പള്ളി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളിയിലെ വൈദികനുമെതിരെ പരാതി. മണർകാട് സെന്റ് മേരീസ് പള്ളിയിലെ സഹവികാരി ഫാ. എം. ഐ. തോമസ് മറ്റത്തിലിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി ലഭിച്ചിരിക്കുന്നത്. മന്നം യുവജനവേദി പ്രസിഡന്റ് കെ വി ഹരിദാസാണ് പരാതിയുമായി രംഗത്തെത്തിയത്. ജെയ്ക്കിനായി മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയതായാണ് പരാതി.
യാക്കോബായ സഭയിലെ മെത്രാപ്പൊലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജയ്ക്കിന്റെ ചിത്രങ്ങള്‍ വച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പോളിംഗ് ദിവസത്തിന് തൊട്ടു മുമ്പ് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. കൂടാതെ വൈദികന്റെ ശബ്ദ സന്ദേശവും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
മതത്തിന്റെ പേരിൽ വോട്ട് അഭ്യർഥിച്ചു, സഭാ തർക്കത്തിൽ യാക്കോബായ സഭയ്ക്കു വേണ്ടി നിയമനിർമാണം നടത്തും തുടങ്ങിയ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരത്തി എന്നതാണ് പ്രധാനമായും സഹവികാരിക്കെതിരെ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഫാ. എം. ഐ. തോമസ് മറ്റത്തിലിനെതിരെ കേസെടുക്കണമെന്നും ഇതില്‍ പങ്കാളിയായ ജെയ്ക്ക് സി തോമസിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നും പരാതിയില്‍ പറയുന്നു. ഫാ.എം.ഐ. തോമസ് മറ്റത്തിലിന്റെ ഓഡിയോ സന്ദേശവും സമൂഹ മാധ്യമങ്ങളിൽ വന്ന പോസ്റ്റുകളും രേഖകളുമാണ് പരാതിക്കാരൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളത്.