തിരുവനന്തപുരം:മുല്ലപ്പെരിയാർ (Mullaperiyar) ബേബി ഡാമിനു (Baby Dam) സമീപത്തെ വനഭൂമിയിലുള്ള മരങ്ങൾ മുറിക്കാൻ (Tree felling) അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വനം മന്ത്രി (Minister of Forests) എ കെ ശശീന്ദ്രൻ (A K Saseendran) ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പിസിസിഎഫ് റാങ്ക് മുതലുള്ള വനം ഉദ്യോഗസ്ഥരോട് യോഗത്തിൽ ഹാജരാവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് 2.30 ന് സെക്രട്ടേറിയറ്റ് ലയം ഹാളിലാണ് യോഗം ചേരുക. മന്ത്രി എ കെ ശശീന്ദ്രനൊപ്പം വനം വകുപ്പ് സെക്രട്ടറിയും യോഗത്തിൽ സംബന്ധിക്കും. മന്ത്രിയെ അറിയിക്കാതെ മരം മുറിക്കാൻ അനുമതി നൽകിയത് നേരത്തെ വിവാദമായിരുന്നു. ഉദ്യോഗസ്ഥരുടെ നടപടിയിലുള്ള കടുത്ത അതൃപ്തി മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു.
മന്ത്രിയറിയാതെ തീരുമാനം പാടില്ല
വനം വകുപ്പ് (Forests Department) ഫയലുകളിൽ തീരുമാനമെടുക്കുന്നത് മന്ത്രിയറിയുന്നില്ലെന്നത് ഏറെ വിമർശന വിധേയമായിരുന്നു. പ്രതിപക്ഷമടക്കം ഇത് ചൂണ്ടിക്കാട്ടി മന്ത്രി രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന. സുപ്രധാന ഫലയുകളിൽ തീരുമാനമെടുക്കും മുമ്പ് മന്ത്രിയെ അറിയിച്ചിരിക്കണമെന്ന കർശന നിർദ്ദേശം യോഗത്തിൽ കൈമാറും. മുല്ലപ്പെരിയാർ പോലുള്ള രണ്ട് സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കും മുമ്പ് സർക്കരിനെ അറിയിക്കാത്തതിന്റെ പേരിലാണ് മരം മുറി അനുമതി നൽകിയ പിസിസിഎഫ് ബെന്നിച്ചൻ ജോസിനെ സസ്പെന്റ് ചെയ്തത്. ഭാവിയിലും ഇത്തരം നീക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യമിട്ടാണ് മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുക്കുന്നത്.
മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവിറങ്ങിയതെന്നും വനം വകുപ്പിലെ ഉദ്യോഗസ്ഥരും, തീരുമാനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ജലവിഭവ വകുപ്പും നിലപാടെടുത്തിരിക്കുകയാണ്. ഉത്തരവിറക്കാനിടയായ സാഹചര്യം സംബന്ധിച്ച വകുപ്പിന്റെ നിലപാട് ഉദ്യോഗസ്ഥർ യോഗത്തിൽ മന്ത്രിയെ അറിയിക്കും. പിസിസിഎഫിനെതിരെ നടപടിയെടുത്ത് സർക്കാർ വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടെ ഉദ്യോഗസ്ഥനെതിരായ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐഎഫ്എസ് അസോസിയേഷൻ മുഖ്യമന്ത്രിയേയും വനം മന്ത്രിയേയും കണ്ടിരുന്നു. മന്ത്രി വിളിച്ച യോഗത്തിൽ ഉദ്യോഗസ്ഥനെതിരായ നടപടി കാര്യവും ചർച്ചയാവും.
മരംമുറിക്കാൻ കേരളം അനുമതി നൽകിയത് തമിഴ്നാട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കത്തയച്ചപ്പോഴാണ് സർക്കാർ അറിയുന്നത്. തുടർന്ന് ഉത്തരവ് സർക്കാർ മരവിപ്പിച്ചു. കേരളം അനുമതി നൽകിയാലും കേന്ദ്ര ജൈവ വൈവിധ്യ ബോർഡിന്റെ അനുമതിയില്ലാതെ മരംമുറി സാദ്ധ്യമല്ലന്ന് സർക്കാർ നിലപാടെടുത്തു. പിന്നീട് ചേർന്ന മന്ത്രിസഭ യോഗം ഉത്തരവ് റദ്ദാക്കാനും ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനിക്കുകയായിരുന്നു.
എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തുടക്കം മുതൽ സ്വീകരിച്ച മൗനം ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മരം മുറി തീരുമാനമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. നിയമസഭയിൽ പല ദിവസങ്ങളിലും വിഷയം ചർച്ചയായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. മരംമുറി ഉത്തരവിന്റെ പേരിൽ ജലവിഭവ- വനം മന്ത്രിമാർ തമ്മിലുണ്ടായ തർക്കം ഇതുവരെ അവസാനിച്ചിട്ടില്ല. വനം വകുപ്പിന്റെ പൊതുവായ പ്രവർത്തനങ്ങളും മന്ത്രിയുടെ യോഗത്തിൽ ചർച്ചയാവുമെന്നാണ് സൂചന.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.