• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 ലേക്ക്; മാറ്റിപ്പാര്‍പ്പിയ്‌ക്കേണ്ടത് 883 കുടുംബങ്ങളെ; നടപടികള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 ലേക്ക്; മാറ്റിപ്പാര്‍പ്പിയ്‌ക്കേണ്ടത് 883 കുടുംബങ്ങളെ; നടപടികള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം

2637 ഘനഅടി ജലമാണ് സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

News18

News18

  • Share this:
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് എത്തിയതോടെ മുന്‍കരുതല്‍ നടപടികളുമായി ജില്ലാ ഭരണകൂടം. സ്പില്‍വേയില്‍ നിന്ന് വെള്ളം ഒഴുക്കിവിടുമ്പോള്‍ കടന്നു പോകുന്നയിടങ്ങളില്‍ നിന്നായി 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കണം എന്നാണ് കണക്ക്. പീരുമേട് താലൂക്കിലെ മഞ്ചുമല, പെരിയാര്‍, ഉപ്പുതറ, ഇടുക്കി താലൂക്കിലെ അയ്യപ്പന്‍ കോവില്‍,കാഞ്ചിയാര്‍ ഉടുമ്പന്‍ചോല താലൂക്കിലെ ആനവിലാസം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിയ്‌ക്കേണ്ടത്. നിലവിലെ സാഹചര്യങ്ങള്‍ പ്രതികൂലമല്ലെങ്കിലും അണക്കെട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുകയാണെങ്കില്‍ മുഴുവന്‍ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റാനാണ് തയ്യാറെടുപ്പുകള്‍.

ഒഴിപ്പിക്കലിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ യോഗം ചേര്‍ന്നു. റവന്യൂ, പോലീസ്, വനം, കെ.എസ്.ഇ.ബി, തദ്ദേശഭരണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

വയോധികര്‍, അംഗപരിമിതര്‍, കൊവിഡ് ബാധിതര്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ക്യാമ്പുകള്‍ ഒരുക്കേണ്ട സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചുകഴിഞ്ഞു. ഓരോ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ മുന്‍കരുതലുകളും യോഗം വിലയിരുത്തി.

മുല്ലപ്പെരിയാറില്‍ നിന്നും സ്പില്‍വേ വഴി വെള്ളം ഒഴുക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിവരം അറിയിയ്ക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ ഷീബാ ജോര്‍ജ് അറിയിച്ചു. മൊബൈല്‍ റേഞ്ച് ഉറപ്പുവരുത്തുന്നതിനായി ബി.എസ്.എന്‍.എല്ലിന് നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ താല്‍ക്കാലിക ടവറുകള്‍ സ്ഥാപിയ്ക്കണം. നദീതീരത്ത് താല്‍ക്കാലിക വഴിവിളക്കുകള്‍ സ്ഥാപിയ്ക്കമെന്ന് കളക്ടര്‍ അറിയിച്ചു.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളളില്‍ മഴ ദുര്‍ബലമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ നേരിയ ഇടിവു വന്നിട്ടുണ്ട്. 2637 ഘനഅടി ജലമാണ് സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി സെക്കന്‍ഡില്‍ 2200 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുമുണ്ട്. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യമുന്നറിയിപ്പ് നല്‍കും. 141 അടിയില്‍ രണ്ടാം മുന്നറിയിപ്പും 142 ല്‍ മൂന്നാം മുന്നറിയിപ്പ് നല്‍കി അണക്കെട്ട് തുറക്കും.

തേക്കടിയില്‍ നിന്നുമുള്ള നാലു പെന്‍സ്റ്റേക്ക് പൈപ്പുകള്‍ വഴി സെക്കണ്ടില്‍ 1500 ഘന അടി വെള്ളമാണ് തമിഴ്‌നാടിന് കൊണ്ടുപോകാന്‍ കഴിയുക. കേരളത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് 600 ഘന അടി വെള്ളം ഇറച്ചില്‍പാലം വഴി ലോവര്‍ ക്യാമ്പ് കനാലിലേക്ക് ഒഴുക്കിവിടുകയാണ്. കൂടുതല്‍ വെള്ളം ഒഴുക്കിയാല്‍ പാലത്തിനടക്കം നാശനഷ്ടമുണ്ടാവാനുള്ള സാധ്യതയുണ്ട്. ലോവര്‍ ക്യാമ്പിലെ വൈദ്യുതി ഉല്‍പ്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം വൈഗ അണക്കെട്ടിലാണ് തമിഴ്‌നാട് സംഭരിയ്ക്കുന്നത്. വൈഗയുടെയും സംഭരണശേഷിയുടെ 80 ശതമാനത്തിലധികം വെള്ളം നിലവിലുണ്ട്. വൈഗയില്‍ നിന്നും മധുരയിലേക്ക് വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് ക്രമീകരിയ്ക്കാമെങ്കിലും വൃഷ്ടിപ്രദേശങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമായാല്‍ മുല്ലപ്പെരിയാറിനെ ആശ്രയിച്ചു നില്‍ക്കുന്ന തമിഴ്‌നാടന്‍ ഗ്രമങ്ങള്‍ വരള്‍ച്ചയിലേക്കാവും നീങ്ങുക.

അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോഴും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. നീരൊഴുക്ക് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാവും. 136 അടിയായി ജലനിരപ്പ്  136 അടിയായി നിലനിര്‍ത്തുന്നതിനുള്ള സമവായം സര്‍ക്കാരിന്റെ ഭാഗത്തിനിന്നുണ്ടായില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന് അനുസൃതമായ വെള്ളം ഒഴുക്കിക്കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടാവണം. കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കത്തയച്ചു.
Published by:Sarath Mohanan
First published: