ന്യൂഡൽഹി: വടകരയില്‍ മല്‍സരിക്കാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശം നിരസരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പൊതുവികാരത്തെ തുടര്‍ന്നാണ് മുല്ലപ്പള്ളിയോട് മല്‍സരിക്കാന്‍ മുകുള്‍ വാസ്നിക് ആവശ്യപ്പെട്ടത്. വയനാട്ടില്‍ ഉമ്മന്‍ചാണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് സീറ്റ് ടി. സിദ്ദിഖിന് നല്‍കും. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ പേരും മാത്രമാണ് ഇപ്പോള്‍ പട്ടികയില്‍ ഉള്ളത്.
സ്ക്രീനിങ് കമ്മിറ്റിയും തെരഞ്ഞെടുപ്പ് കമ്മിറ്റിയും ഹൈക്കമാന്‍ഡും കിണഞ്ഞു ശ്രമിച്ചിട്ടും തീര്‍പ്പാകാതെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. വടകര സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ആണ് ഇനിയും തീരുമാനിക്കാന്‍ കഴിയാത്തത്. വടകരയില്‍ മല്‍സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനോട് മുകുള്‍ വാസ്നിക് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. മല്‍സരിക്കാനില്ലെന്ന നിലപാട് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടി കടുംപിടിത്തം തുടര്‍ന്നതിനാല്‍ വയനാട് സീറ്റ് ടി. സിദ്ദിഖിനെ നല്കാന് തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മല്‍സരിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാകുമെന്നാണ് മുല്ലപ്പള്ളി നേരത്തെ പറഞ്ഞത്.
'പപ്പുവിന്റെ പപ്പി'; പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക പരാമർശവുമായി സാംസ്കാരിക മന്ത്രി
വടകരയില്‍ കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ വിദ്യ ബാലകൃഷ്ണനെയാണ് അവസാന റൗണ്ടില്‍ പരിഗണിച്ചത്. എന്നാല്‍ പി.ജയരാജനെതിരെ കുറച്ച് കൂടി കരുത്തുളള സ്ഥാനാര്‍ത്ഥി വേണമെന്നതായിരുന്നു കേന്ദ്ര തരിഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശിച്ചത്. മുല്ലപ്പള്ളി വീണ്ടും വിമുഖത അറിയിച്ചതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
ഇത്തവണ മത്സരരംഗത്ത് ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴും മുൻനിലപാടിൽ മുല്ലപ്പള്ളി ഉറച്ചുനിന്നിരുന്നു. സുപ്രധാന സംഘടനാ ചുമതല വഹിക്കുന്നതിനാൽ തനിക്ക് ഒരു മണ്ഡലത്തിൽ മാത്രമായി കേന്ദ്രീകരിക്കാൻ കഴിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.