വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും: മുല്ലപ്പള്ളി രാമചന്ദ്രന്
വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും: മുല്ലപ്പള്ളി രാമചന്ദ്രന്
കെ മുരളീധരന് ഉള്‍പ്പെടെ വെല്‍ഫെയര്‍ ബന്ധത്തിന് വേണ്ടി വാദിക്കുന്ന നേതാക്കള്‍ക്കുള്ള താക്കീത് കൂടെയാണ് കര്‍ശന നടപടിയുണ്ടാവുമെന്ന മുല്ലപ്പള്ളിയുടെ നിലപാട്.
തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികൾക്ക് എതിരെ നടപടിയുണ്ടാവുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. മലപ്പുറം ഏലംകുളം പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി സംഗമത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പങ്കെടുത്ത ഫോട്ടോ മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ വന്നത് വിവാദമായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയോടോ ജമാഅത്തെ ഇസ്ലാമിയോടോ ഉള്ള മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
വെല്‍ഫെയര്‍ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് സംശയത്തിനിടയില്ലാതെ പറയുന്ന കെ പി സി സി അധ്യക്ഷന്‍ പങ്കെടുത്ത പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പങ്കെടുത്തതാണ് വിവാദമായത്. മലപ്പുറം ഏലംകുളത്തെ യു ഡി എഫ് സ്ഥാനാര്‍ഥി സംഗമത്തിലായിരുന്നു സംഭവം. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ തന്നെ ഒന്‍പതാം വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സെല്മക്കൊപ്പമുള്ള ഫോട്ടോ പ്രത്യക്ഷപ്പെട്ടത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നോടൊപ്പം വെൽഫെയർ പാർടി സ്ഥാനാർഥി ഫോട്ടോയ്ക്ക് പോസ് ചെയ്തത് അറിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. അവിടുത്തെ കോൺഗ്രസുകാർ ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ല. കോൺഗ്രസിന് അവരുമായി ഒരു ബന്ധവുമുണ്ടാകില്ല. ഗുരുതര വീഴ്ചയാണ് പ്രാദേശിക നേതൃത്വത്തിന് ഉണ്ടായത്. അഖിലേന്ത്യാ നയത്തിന് വിരുദ്ധമായ സഖ്യം പാടില്ല. ഇങ്ങനെ സഖ്യമുണ്ടാക്കുകയും ഒരുമിച്ച് പ്രചാരണം നടത്തുകയും ചെയ്യുന്നവർക്ക് എതിരെ നടപടിയുണ്ടാവുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
കെ മുരളീധരന് ഉള്‍പ്പെടെ വെല്‍ഫെയര്‍ ബന്ധത്തിന് വേണ്ടി വാദിക്കുന്ന നേതാക്കള്‍ക്കുള്ള താക്കീത് കൂടെയാണ് കര്‍ശന നടപടിയുണ്ടാവുമെന്ന മുല്ലപ്പള്ളിയുടെ നിലപാട്. മുൻ കെ പി സി സി പ്രസിഡന്റും എംപിയുമായ മുരളീധരന് എതിരെ പരസ്യ പ്രസ്താവനകളുടെ പേരിൽ നടപടിയെടുക്കാൻ പരിമിതിയുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
അച്ചടക്കമുള്ള കോൺഗ്രസുകാരൻ ആയതിനാൽ ഇപ്പോൾ ഒന്നിനും പ്രതികരിക്കുന്നില്ല. തെരഞ്ഞെടുപ്പിനു ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്ന് കലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.