• HOME
  • »
  • NEWS
  • »
  • kerala
  • »
  • MULLAPPALLY VM SUDHEERAN AND PJ KURIEN HAVE SAID THEY WILL NOT CONTEST THE ELECTIONS

Assembly Election 2021 | തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും വി.എം സുധീരനും പി.ജെ കുര്യനും

യുവാക്കൾക്കും വനിതകൾക്കും കൂടുതൽ സ്ഥാനം വേണമെന്നും അഞ്ച് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കരുതെന്നും യോഗത്തിൽ ആവശ്യമുയര്‍ന്നു.

ഫയൽ ചിത്രം

ഫയൽ ചിത്രം

  • Share this:
    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. കെ.പി.സി.സി അധ്യക്ഷൻ എന്ന നിലയിൽ യു.ഡി.എഫ് മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനിടെ മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

    നേതൃത്വം ആവശ്യപ്പെട്ടെങ്കിലും വി.എം സുധീരനും മത്സരിക്കാനില്ലെന്ന നിലപാടിലാണ്. വട്ടിയൂര്‍ക്കാവിലോ കോഴിക്കോട്ടെ ഒരു സീറ്റിലോ വിഎം സുധീരനെ മത്സരിപ്പിക്കാനുള്ള താൽപര്യ കേന്ദ്ര നേതാക്കൾ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി സെക്രട്ടറിമാര്‍ നേരത്തെ സുധീരനെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു. മത്സരിക്കാൻ ഇല്ലെന്ന് നേതൃത്വത്തിന് കത്ത് നൽകിയ പി.ജെ കുര്യൻ, നേരത്തെ  തിരുവല്ല സീറ്റിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കുകയായിരുന്നു.

    നാല് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് പി.സി ചാക്കോ അഭിപ്രായപ്പെട്ടു. പതിവ് പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് വീതംവയ്പ്പിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. 25 വര്‍ഷം എംഎല്‍എ ആയവര്‍ മാറി നില്‍ക്കണമെന്ന് സുധീരനും ആവശ്യപ്പെട്ടു. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ സ്ഥാനം വേണമെന്നും അഞ്ച് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കരുതെന്നും യോഗത്തിൽ ആവശ്യമുയര്‍ന്നു.

    Also Read ഷാഫി പറമ്പിലിനെതിരെ വിമതനീക്കം; മുൻ ഡി.സി.സി അധ്യക്ഷൻ എ.വി.ഗോപിനാഥിനെ എല്‍.ഡി.എഫ് പിന്തുണച്ചേക്കും

    തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷം കെപിസിസി ഓഫീസിൽ മുല്ലപ്പള്ളി, ഉമ്മൻ ചാണ്ടി, ചെന്നിത്തല എഐസിസി ജനറൽ സെക്രട്ടറിമാര്‍ എന്നിവരുമായി നേതാക്കൾ പ്രത്യേകമായി ചർച്ച നടത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്കായാണ് തെരഞ്ഞെടുപ്പ് സമിതി ചേരുന്നത്.

    പാലക്കാട് ഷാഫി പറമ്പിലിനെതിരെ വിമതനീക്കം



    പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിലെ  ഗ്രൂപ്പ് പോര് ശക്തമാകുന്നു. ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് ഷാഫിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. സിപിഎം പിന്തുണയിലായിരിക്കും മത്സരമെന്നാണ് വിവരം. ഗോപിനാഥിനെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തേക്കും. ഗോപിനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ സി.പി.എം ജില്ലാ- സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം.

    ജില്ലയിലെ മുതിർന്ന നേതാവായ എ.വി.ഗോപിനാഥ് പാർട്ടിയുടെ സംസ്ഥാന, ജില്ലാ നേതൃത്വവുമായി നേരത്തെ തന്നെ ഭിന്നതയിലായിരുന്നു. ഗോപിനാഥ് ഡിസിസി അധ്യക്ഷനായിരുന്ന 2011 ലാണ് ഷാഫി പറമ്പിൽ ആദ്യമായി പാലക്കാട് മണ്ഡലത്തിൽ മത്സരിച്ചത്. എ.വി.ഗോപിനാഥിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കെയാണ് ഷാഫിയെ സ്ഥാനാർത്ഥിയാക്കിയത്. അന്നു മുതലാണ് ഗോപിനാഥ് പാർട്ടി നേതൃത്വവുമായി കലഹിച്ചു തുടങ്ങിയത്. എന്നാൽ പിന്നീട് ഇതു പരിഹരിക്കാൻ നേത‌ൃത്വം കാര്യമായി ഇടപെട്ടില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
    Also Read ചടയമംഗലം സീറ്റ് ലീഗിന് നൽകാൻ നീക്കം; കൊല്ലത്ത് യു.ഡി.എഫ് സീറ്റ് തർക്കം തെരുവിലേക്ക്

    അതേസമയം പാര്‍ട്ടി വിടുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഗോപിനാഥ് വ്യക്തമാക്കുന്നത്. നേതാക്കളുടെ സമീപനം അനുസരിച്ച് തീരുമാനമെടുക്കും. തന്‍റെ യോഗ്യതക്കുറവ് പാര്‍ട്ടി വ്യക്തമാക്കണമെന്നും എ.വി. ഗോപിനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.

    അതേസമയം എ.വി.ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഗോപിനാഥാണെന്നും അദ്ദേഹം പറഞ്ഞു


    Published by:Aneesh Anirudhan
    First published:
    )}