നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullapperiyar |ജല വിഭവ വകുപ്പ് മാത്രമല്ല, വനം വകുപ്പും എല്ലാം അറിഞ്ഞതിന് തെളിവ്; വനം സെക്രട്ടറിയുടെ കത്തുകള്‍ പുറത്ത്

  Mullapperiyar |ജല വിഭവ വകുപ്പ് മാത്രമല്ല, വനം വകുപ്പും എല്ലാം അറിഞ്ഞതിന് തെളിവ്; വനം സെക്രട്ടറിയുടെ കത്തുകള്‍ പുറത്ത്

  മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറി അനുമതിയിൽ വനം സെക്രട്ടറിയുടെ ഇടപെടലിന് കൂടുതൽ തെളിവുകൾ.

  News18

  News18

  • Share this:
  തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറി അനുമതിയിൽ വനം സെക്രട്ടറിയുടെ ഇടപെടലിന് കൂടുതൽ തെളിവുകൾ. കഴിഞ്ഞ വർഷം  മരം മുറിയിൽ തീരുമാനം എടുക്കാൻ ആവശ്യപ്പെട്ട് വനം സെക്രട്ടറി കത്ത് എഴുതി. തുടർന്ന് 2021 ജൂലൈയിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടും  വനം സെക്രട്ടറി ഉദ്യോഗസ്ഥർക്ക് കത്ത് നൽകി.

  2020 ഒക്ടോബർ പത്തിനായിരുന്നു വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആദ്യ കത്ത്. സെപ്തംബർ മൂന്നിന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് നൽകിയ അപേക്ഷയിലായിരുന്നു ഇടപെടൽ. പി.സി.സി.എഫ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, പി.സി.സി എഫ് ഫോറസ്റ്റ് മാനേജ്മെൻ്റ്, പെരിയാർ ടൈഗർ റിസേർവ് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കായിരുന്നു വനം സെക്രട്ടറിയുടെ നിർദേശം. പിന്നീട് ഈ  സർക്കാർ അധികാരമേറ്റതിന് ശേഷം 2021 ജൂലൈ 13 ന് വീണ്ടും ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കുന്ന കാര്യത്തിൽ വനം സെക്രട്ടറി റിപ്പോർട്ട് തേടി. നടപടി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനായിരുന്നു നിർദേശം. ഈ കത്തുകൾ പുറത്ത് വന്നതോടെ ജല വിഭവ വകുപ്പിനൊപ്പം വനം വകുപ്പ് ഉന്നതരുടെ ഇടപെടലും വ്യക്തമാകുന്നു.

  ഇതോടെ മരം മുറി വിഷയത്തിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകുകയാണ്. മരം മുറിക്കാൻ ഉത്തരവിട്ട  ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻ്റ് ചെയ്തിട്ടും വിവാദത്തിൽ നിന്ന് കരകയറാനാവാതെ സർക്കാർ. ജലവിഭവ, വനം വകുപ്പ്  ഉന്നതരുടെ അറിവോടെയായിരുന്നു ഉത്തരവെന്ന വിവരം പുറത്തായത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ഐ എഫ് എസ് അസോസിയേഷൻ ബെന്നിച്ചൻ തോമസിനായി രംഗത്തെത്തുക കൂടി ചെയ്തതോടെ ഉദ്യോഗസ്ഥർക്കെതിരേയുള്ള തുടർ നടപടി എടുക്കാനും കഴിയാത്ത അവസ്ഥയിലാണ് സർക്കാർ.

  ഒന്നും അറിഞ്ഞില്ലെന്ന ഉന്നതരുടെ വാദം പൊളിക്കുന്നതാണ്സെപ്തംബർ 17 ന് ചേർന്ന് ഇരു സംസ്ഥാനങ്ങളുടേയും സെക്രട്ടറി തല യോഗത്തിൻ്റെ മിനിട്ട്സും ഒക്ടോബർ 27 ന് കേരളം സുപ്രീം കോടതിയിൽ നൽകിയ നോട്ടും.  സുപ്രീം കോടതിയിൽ സമർപ്പിക്കാനുള്ള നോട്ട് സാധാരണ നിലയിൽ ചീഫ് സെക്രട്ടറി കണ്ട് വേണം എ.ജി ഓഫീസിലേക്ക് അയക്കാൻ. ഇ ഫയൽ രേഖകൾ പ്രകാരം നടപടി ക്രമം പാലിച്ച് തന്നെയാണ് നോട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ഇക്കാര്യം ചീഫ് സെക്രട്ടറി സർക്കാരിൻ്റെ ശ്രദ്ധയിൽപെടുത്തിയില്ലേയെന്ന ചോദ്യം ശക്തമാകും.

  അന്തർ സംസ്ഥാന നദീജല വിഷയങ്ങൾ മുഖ്യമന്ത്രിയുടെ കീഴിലാണ്. സ്വാഭാവികമായും സെപ്തംബർ 17 ലെ സെക്രട്ടറിതല മീറ്റിങ്ങിലെ ധാരണങ്ങളും മിനിട്ട്സും ജലവിഭവ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറണം. അവിടെ പരിശോധിച്ച ശേഷം വേണം മിനിട്ട്സ് തമിഴ്നാടിന് നൽകേണ്ടത്. സാധാരണ നിലയിൽ ജല വിഭവ വകുപ്പ് മന്ത്രി വഴിയാണ് ഇത് മുഖ്യമന്ത്രിക്ക് ലഭിക്കേണ്ടത്.

  സെപ്തംബർ 17 ന് ചേർന്ന യോഗത്തെ കുറിച്ചും തനിക്ക് അറിയില്ലെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അപ്പോൾ മന്ത്രിയറിയാതെയാണോ വകുപ്പിലെ ചർച്ചകൾ എന്ന ചോദ്യം ഉയരും. ബെന്നിച്ചൻ തോമസിനു പുറമേ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് മരം മുറി ഉത്തരവിൽ പങ്കുണ്ടോയെന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കും എന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പങ്ക് ബോധ്യപ്പെട്ടാലും അന്വേഷണവും നടപടിയെടുക്കലും അത്ര എളുപ്പമാകില്ല.
  Published by:Sarath Mohanan
  First published:
  )}