മംഗലശ്ശേരി നീലകണ്ഠന്റെ ഓർമ്മയ്ക്ക്; മുല്ലശ്ശേരി രാജു പുരസ്കാരം ഗായകൻ സൗരവ് കിഷന്
മംഗലശ്ശേരി നീലകണ്ഠന്റെ ഓർമ്മയ്ക്ക്; മുല്ലശ്ശേരി രാജു പുരസ്കാരം ഗായകൻ സൗരവ് കിഷന്
സൗരവ് ആലപിച്ച റഫിയുടെ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ആനന്ദ് മഹീന്ദ്ര, ശങ്കർ മഹാദേവൻ തുടങ്ങി പല പ്രമുഖരും സൗരവിനെ ഛോട്ടാ റഫി എന്ന് വിശേഷിപ്പിച്ചിരുന്നു
കോഴിക്കോട്: മികച്ച യുവസംഗീത പ്രതിഭയ്ക്കുള്ള മുല്ലശ്ശേരി രാജു സംഗീത പുരസ്കാരം മുഹമ്മദ് റഫി ഗാനങ്ങളുടെ ആലാപനത്തിലൂടെ ശ്രദ്ധേയനായ സൗരവ് കിഷന്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുരസ്കാരദാന ചടങ്ങും വേദിയും പിന്നീട് പ്രഖ്യാപിക്കുമെന്ന് മുല്ലശ്ശേരി രാജു സുഹൃദ്സംഘത്തിന്റെ ഭാരവാഹികളായ ചലച്ചിത്ര സംവിധായകർ രഞ്ജിത്തും ജയരാജും അറിയിച്ചു.
സംഗീതത്തിനും സൗഹൃദത്തിനും വേണ്ടി ജീവിച്ച മുല്ലശ്ശേരി രാജുവിന്റെ പതിനെട്ടാം ചരമവാർഷിക ദിനമാണ് സെപ്തംബർ 19. കോഴിക്കോട്ടുകാരനായ ഈ സംഗീത പ്രേമിയുടെ സംഭവബഹുലമായ ജീവിത കഥയുടെ പ്രചോദനത്തിൽ രഞ്ജിത്ത് തിരക്കഥയെഴുതി ഐ.വി ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. പി ലീല, എം കെ അർജ്ജുനൻ, ജോൺസൺ, രവീന്ദ്രൻ, വിദ്യാസാഗർ, ഔസേപ്പച്ചൻ, ശരത്, എം ജയചന്ദ്രൻ തുടങ്ങി സംഗീത രംഗത്തെ നിരവധി പ്രമുഖർ മുമ്പ് മുല്ലശ്ശേരി രാജു അവാർഡിന് അർഹരായിട്ടുണ്ട്.
23കാരനായ കോഴിക്കോട് ചേവരമ്പലം സ്വദേശി സൗരവ് കിഷൻ റിയാലിറ്റി ഷോകളിലൂടെ സംഗീത പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചയാളാണ്. സൗരവ് ആലപിച്ച റഫിയുടെ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ. ആനന്ദ് മഹീന്ദ്ര, ശങ്കർ മഹാദേവൻ തുടങ്ങി പല പ്രമുഖരും സൗരവിനെ ഛോട്ടാ റഫി എന്ന് വിശേഷിപ്പിച്ചിരുന്നു.
സുനിൽ പി നെടുങ്ങാട്ടിന്റെയും മിന്നികാ റാണിയുടെയും മകനായ സൗരവ് ചൈനയിൽ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സൗരവ് കിഷൻ ന്യൂസ് 18 നോട് പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.