തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സാജൻ നിർമിച്ച ഓഡിറ്റോറിയത്തിന് ചട്ടവിരുദ്ധമായി അനുമതി നിഷേധിച്ചുവെന്ന് ബോധ്യമായ സാഹചര്യത്തിലാണ് നടപടി.
ആന്തൂർ നഗരസഭാ സെക്രട്ടറി ഉൾപ്പെടെ നാലുപേരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. മന്ത്രി എ സി മൊയ്തീൻ ആണ് ഇക്കാര്യം അറിയിച്ചത്. ആന്തൂർ നഗരസഭാ സെക്രട്ടറി എം.കെ ഗീരീഷ്, എഞ്ചിനീയർ കെ.കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ അഗസ്റ്റിൻ, ഓവർസിയർ ബി.സുധീർ എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്.
അതേസമയം, ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയിൽ ഉദ്ദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാനാണ് നീക്കമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് ടൗൺ പ്ളാനിങിന് കീഴിലുള്ള വിജിലൻസിന് നിർദേശം നൽകി എങ്കിലും താൻ ഉള്ളിടത്തോടെ പ്രവാസിയുടെ സംരംഭത്തിന് അനുമതി നൽകില്ലെന്ന് പ്രഖ്യാപിച്ച നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമളയ്ക്കെതിരെ ഒരു അന്വേഷണത്തിനും ആലോചന പോലുമില്ല.
ആന്തൂരിൽ കൺവെൻഷൻ സെന്ററിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാൻ എൻജിനിയറിങ് വിഭാഗം നിർദേശിച്ചെന്ന് രേഖകളിൽ വ്യക്തം. പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാമെന്ന് അസിസ്റ്റന്റ് എൻജിനിയർ കെ. കലേഷ് ഫയലിൽ കുറിച്ചു. ഇതിനു ശേഷവും നഗരസഭാ സെക്രട്ടറി അനാവശ്യ തടസ്സവാദങ്ങൾ ഉന്നയിച്ചു. വാഷ് ബെയ്സിനുകളുടെ എണ്ണം കുറവാണ് എന്നതുൾപ്പെടെ നിസാരമായ 15 കാരണങ്ങളായിരുന്നു തടസ്സവാദങ്ങളായി നഗരസഭാ സെക്രട്ടറി എം.കെ.ഗിരീഷ് ഫയലിൽ കുറിച്ചത്. ഫയലുകളിൽ നിന്നും വിശദീകരണത്തിൽ നിന്നും ഇക്കാര്യം മനസ്സിലായതോടെ മന്ത്രി പൊട്ടിത്തെറിച്ചു.
നിയമങ്ങൾ മാത്രം നോക്കിയാകരുത് മാനുഷിക പരിഗണനയോടെയാകണം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ആളുകൾ മരിക്കുന്നത് ഉദ്യോഗസ്ഥർക്കു പ്രശ്നമല്ലെങ്കിലും സർക്കാരിന് അങ്ങനെയല്ലെന്നും മന്ത്രി തുറന്നടിച്ചു. തുടർന്നാണ് സി ടി പി വിജിലൻസ്, നഗരകാര്യ റീജിയണൽ ഡയറക്ടർ എന്നിവർക്ക് വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രി നിർദേശം നൽകിയത്. ഉദ്യോഗസ്ഥ വീഴ്ച മാത്രം അന്വേഷിച്ച് പ്രശ്നത്തിൽ നിന്ന് തടിയൂരാനാണ് സർക്കാർ ശ്രമമെന്നും വ്യക്തം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.