• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒറ്റപ്പെടുത്തണമെന്ന് DYFI ക്യാംപയ്ൻ നടത്തിയ ആകാശ് തില്ലങ്കേരിക്ക് കേന്ദ്ര കമ്മിറ്റി അംഗം പൊതുവേദിയിൽ ട്രോഫി സമ്മാനിച്ചു

ഒറ്റപ്പെടുത്തണമെന്ന് DYFI ക്യാംപയ്ൻ നടത്തിയ ആകാശ് തില്ലങ്കേരിക്ക് കേന്ദ്ര കമ്മിറ്റി അംഗം പൊതുവേദിയിൽ ട്രോഫി സമ്മാനിച്ചു

കരിപ്പൂർ സ്വർണക്കടത്ത് കേസിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ക്യാപയ്ൻ നടത്തിയത്

  • Share this:

    കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം എം. ഷാജിർ. തില്ലങ്കേരി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായാണ് ട്രോഫി നൽകിയത്.

    കരിപ്പൂർ സ്വർണക്കടത്ത് കേസിന് പിന്നാലെ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ക്യാപയ്ൻ നടത്തിയിരുന്നു. സമൂഹമാധ്യമ യുദ്ധത്തിന്‍റെ പേരിൽ DYFl പോലീസിൽ പരാതിയും നൽകിയിരുന്നു.

    നേരത്തെ ഷുഹൈബ് വധക്കേസിൽ റിമാൻഡിലായ ആകാശ് തില്ലങ്കേരി പിന്നീട് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണെന്ന വിവരം പുറത്തുവന്നതോടെയാണ് വീണ്ടും വിവാദനായകനായത്. ഈ കേസിൽ ആകാശിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു.

    സ്വർണ്ണക്കടത്ത് – കൊട്ടേഷൻ വിവാദം കത്തിനിന്ന സമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ വാർത്ത സമ്മേളനത്തിൽ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു. ആകാശ് അടങ്ങുന്ന കൊട്ടേഷൻ സംഘത്തെ പാർട്ടി ഒരു ചുമതലയും ഏൽപ്പിച്ചിട്ടില്ല എന്നാണ് അന്ന് ജയരാജൻ വ്യക്തമാക്കിയത്. കണ്ണിപ്പൊയിൽ ബാബു വധക്കേസ് പ്രതികളായ ആർ എസ് എസ് പ്രവർത്തകർക്കൊപ്പം സംഘമായി ചേർന്ന് കൊട്ടേഷൻ പണി നടത്തിയവരാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും അടക്കമുള്ളവർ എന്നും ജയരാജൻ പറഞ്ഞിരുന്നു.

    Also See- Save the Date | കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സേവ് ദ ഡേറ്റ് വൈറൽ

    അതിനിടെ ഡിവൈഎഫ്ഐക്കെതിരെ ആകാശ് പരസ്യ വെല്ലുവിളി നടത്തിയിരുന്നു. ഡിവൈഎഫ്ഐ നേതൃത്വം തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അത് തുടർന്നാൽ പരസ്യമായി രംഗത്തെത്തേണ്ടി വരുമെന്നുമായിരുന്നു ആകാശിന്റെ വെല്ലുവിളി.

    മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ ആകാശ് പ്രതിയായിരുന്നു. സിപിഎം അംഗമായിരുന്ന ആകാശിനെ ഷുഹൈബ് വധത്തിന് ശേഷമാണ് പാർട്ടി പുറത്താക്കിയത്. ഈ സാഹചര്യത്തിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത് പാർട്ടിക്കകത്ത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തും.

    Published by:Anuraj GR
    First published: