തിരുവനന്തപുരം: അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡി.ബാബുപോളിനെ അനുസ്മരിച്ച് അധ്യാപിക മ്യൂസ് മേരി. ബാബു പോൾ സാർ ലോകത്തോട് വിട പറഞ്ഞപ്പോൾ ദൂരെയെവിടെയോ ഉണ്ടായിരുന്ന കരുതലിന്റെ തണൽ ഇല്ലാതായി എന്ന് തിരിച്ചറിയുന്നതായി മ്യൂസ് മേരിഫേസ്ബുക്കിൽ കുറിച്ചു.
മ്യൂസ് മേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബാബു പോൾ സാർ ഈ ലോകത്തോട് വിട പറഞ്ഞു എന്ന് കേട്ടപ്പോൾ ദൂരെയെവിടെയോ ഉണ്ടായിരുന്ന കരുതലിന്റെ തണൽ ഇല്ലാതായി എന്ന് തിരിച്ചറിയുന്നു. അദ്ദേഹത്തെ ആകപ്പാടെ 5പ്രാവശ്യമേ കണ്ടിട്ടുള്ളു. ആദ്യമായി കാണുന്നത് മണർകാട് കോളേജിലെ ഇന്റർവ്യൂ ബോർഡിന്റെ മുൻപിൽ ജോലി ആഗ്രഹിച്ച് ഇരിക്കുമ്പോൾ ആണ്. നാട്ടിൽ ഒരു ജോലി എന്നതു കൊണ്ട് അത് കിട്ടിയാൽ നല്ലത് എന്ന് വിചാരിച്ചിരുന്നു. എന്നാൽ റാങ്ക് ലിസ്റ്റിൽ രണ്ടാമതായി വന്നതിനാൽ ജോലി കിട്ടിയില്ല. പഠനകാലത്ത് കിട്ടിയിരുന്ന നിരവധി സിർട്ടിഫിക്കറ്റുകൾ അവിടെ സമർപ്പിച്ചിരുന്നു. അദ്ദേഹം അതെല്ലാം നോക്കുകയും അതിനെ കുറിച്ചൊക്കെ ചോദിക്കുകയും ചെയ്തിരുന്നു. കല്യാണം കഴിഞ്ഞ് മോനും ഉണ്ടായിക്കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. ജോലിക്കാര്യം ഒക്കെ തല്ക്കാലം വിട്ടുകളഞ്ഞിരുന്നു. പ്രണയം, ദാമ്പത്യം മാതൃത്വം. ഗാർഹിക ജീവിതത്തിലെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ ഒക്കെയായി മുന്നോട്ടു പോകുമ്പോൾ ആണ് പിറ്റേ വർഷം യൂ സി കോളേജിൽ 3പോസ്റ്റ് വിളിച്ചത്. അതും ഞാൻ കണ്ടിരുന്നില്ല. സ്കൂളിൽ എന്റെ സഹപ്രവർത്തക ആയിരുന്ന ഗ്രേസി ചേച്ചിയുടെ സാബുച്ചായൻ ആണ് ഈ പത്ര വാർത്ത കണ്ടിട്ട് അപ്ലൈ ചെയ്യാൻ പറഞ്ഞത്. ദുരെയ്ക്ക് ജോലിക്ക് പോകുന്നത് അപ്പനൊഴികെ ആർക്കും അത്ര താല്പര്യം ഇല്ലായിരുന്നു. എങ്കിലും എന്റെ നിർബന്ധം മൂലം അപ്ലിക്കേഷൻ കൊടുത്തു. ഇന്റർവ്യൂ ഡേറ്റ് പറഞ്ഞ ദിവസം ഇന്റർവ്യൂ നടന്നില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്തു തന്നെ എന്റെ സമുദായം csi എന്നെഴുതിയത് ചോദ്യം ചെയ്യപ്പെട്ടു. കതോലിക്ക സമുദായക്കാരിയായി വളർന്ന ഞാൻ കല്യാണം മൂലം csiക്കാരി ആയതാണ്. എന്തു കൊണ്ട് അവർ അതിനെ സംശയിച്ചു എന്നറിയില്ല. ഏതായാലും പുതുക്കിയ തീയതിയിൽ ഇന്റർവ്യൂവിനു വന്നു. ഇന്റർവ്യൂ ബോർഡിൽ ചെല്ലുമ്പോൾ അവിടെ ബാബുപോൾ സാർ ഇരിക്കുന്നു. കയറി ചെന്നതും ഇതുവരെ ജോലി ആയില്ലേ എന്ന് ചോദിച്ചു. ഞാൻ ഇല്ലെന്നു പറഞ്ഞു. ഉടനെ അദ്ദേഹം ഞാൻ മിടുക്കിയാണെന്നും പഠനകാലത്ത് ഒരുപാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടെന്നും റാങ്ക് ഉണ്ടെന്നും ഒക്കെ പറയുകയാണ്. ഞാൻ അത്ഭുതം കൊണ്ട് വല്ലാതെ ആയി. ഒരു പ്രതീക്ഷയും ഇല്ലാതെ വന്ന എന്റെ മുൻപിൽ ദൈവം അയച്ച ആളാണോ ഇതെന്നു ഞാൻ സംശയിച്ചു. തൃശ്ശൂർ വിമലയിലും മണർകാട്ടും ഒക്കെ നടന്ന ഇന്റർവ്യൂ വച്ചു മോശം പ്രകടനം ആയിരുന്നു ഇവിടെ എന്റേത്. മറ്റു രണ്ടിടത്തും രണ്ടാം റാങ്കിൽ വന്ന ഞാൻ ഇവിടെ കമ്മ്യൂണിറ്റി മെറിറ്റിൽ ഒന്നാമതായി എത്തി ജോലി കിട്ടുകയും ചെയ്തു.. പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത് 15വർഷം എങ്കിലും കഴിഞ്ഞാണ് മനോരമ ചാനലിൽ ഒരു ന്യൂസ് പ്രോഗ്രാമിൽ ഞങ്ങൾ രണ്ടുപേരും അതിഥികളായി എത്തിയപ്പോൾ ആണ്. പ്രോഗ്രാം കഴിഞ്ഞു പിരിയുമ്പോൾ ഒരു ദശകത്തിൽ അധികം ആയി മനസ്സിൽ സൂക്ഷിച്ച നന്ദി പറഞ്ഞു. അദ്ദേഹം അത് തന്റെ ജോലിയുടെ ഭാഗം മാത്രമായി കരുതിയതേ ഉള്ളൂ. താൻ ജോലിക്കെടുത്ത ആൾ മോശമായില്ല എന്നതിൽ സന്തോഷം പറയുക മാത്രം ചെയ്തു. പിന്നെ കോളേജിൽ നവതി പ്രോഗ്രാമിനും പൂർവ വിദ്യാർത്ഥി സമ്മേളനത്തിലുമൊക്കെ അതിഥി ആയി വരുമ്പോൾ കണ്ടിട്ടുണ്ട്. പിന്നീട് തന്റെ സൺഡേ സെർമൻസ് എന്ന വാട്സ് അപ് ഗ്രൂപ്പിൽ എനിക്കും അംഗത്വം നൽകി. അതിനിടെ കോളേജിൽ നടന്ന ഒരു പുതിയ ഇന്റർവ്യൂവിൽ ഞാൻ തിരഞ്ഞെടുക്കപ്പെടാതെ വന്ന് രണ്ടു മൂന്നു മാസം കഴിഞ്ഞ് അദ്ദേഹം എനിക്ക് ഒരു മെസ്സേജ് അയച്ചു അതിൽ. ഹെർഡ് ദാറ്റ് ദേ ബൈപാസ്സ്‌ഡ് യൂ.. നിങ്ങൾ ആയിരുന്നെങ്കിൽ കോളേജിന് ആ പേര് തന്നെ ഒരു പബ്ലിക് റിലേഷൻ ആയിരുന്നേനെ. വലിയ ലോകത്തിൽ ചെറിയ മനുഷ്യർ sad. എന്നെഴുതിയിരുന്നു. ഞാൻ ഒട്ടുമേ പ്രതീക്ഷിക്കാത്ത സന്ദേശം. ഞാൻ ഒരിക്കലും ഒന്നും ഷെയർ ചെയ്യാതെ തന്നെ തിരിച്ചറിവിന്റെയും കരുതലിന്റെയും സാന്നിധ്യം ആയിരുന്ന സാറിന് എന്റെ പ്രണാമം. പ്രാർത്ഥന, സങ്കടം ആദരവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Babu paul ias, D babu paul passes away, D babu paul profile, ഡോ. ഡി ബാബുപോൾ, ബാബുപോൾ അന്തരിച്ചു