• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുധാകരന്റെ ആർഎസ്എസ് പ്രസ്താവനകൾ; ഇനി ആവർത്തിക്കരുതെന്ന് മുസ്ലിംലീഗ്

സുധാകരന്റെ ആർഎസ്എസ് പ്രസ്താവനകൾ; ഇനി ആവർത്തിക്കരുതെന്ന് മുസ്ലിംലീഗ്

ഹൈക്കമാൻഡ് ഇടപെടണം എന്ന് പികെ ബഷീർ എംഎൽഎ. പ്രസ്താവനകൾ യുഡിഎഫിന് ദോഷം ചെയ്യുന്നത് എന്ന് പി എം എ സലാം

  • Share this:
മലപ്പുറം: കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരന്റെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ചർച്ച ചെയ്യാൻ മുസ്ലിംലീഗിന്റെ നിർണായക യോഗം ബുധനാഴ്ച മലപ്പുറത്ത് ചേരും. സുധാകരന്റെ പ്രസ്താവനകൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും യുഡിഎഫിന്റെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതാണെന്നുമാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തൽ. ലീഗിൽ താഴെ തട്ട് മുതൽ വലിയ പ്രതിഷേധവും അമർഷവും പുകയുന്ന ഘട്ടത്തിൽ ആണ് യോഗം.

ആർഎസ്എസിനോടുള്ള മൃദുസമീപനം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന് തന്നെയാണ് ലീഗിന്റെ ഐക്യകണ്ഠേനയുള്ള സമീപനം. പികെ കുഞ്ഞാലിക്കുട്ടി മൃദുവായും എംകെ മുനീർ പരുഷമായും അത് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. അതൃപ്തി അറിഞ്ഞ് നേരിൽ കാണാൻ കെ. സുധാകരൻ തയ്യാറായെങ്കിലും പാർട്ടി യോഗം കഴിഞ്ഞ ശേഷം മതി കൂടിക്കാഴ്ച എന്ന നിലപാടിലാണ് ലീഗ് നേതൃത്വം.

അതേസമയം ഗവർണർ വിഷയം അടക്കം പല വിവാദങ്ങളിലും ലീഗിനും കോൺഗ്രസിനും ഒരേ അഭിപ്രായം അല്ല എന്നതും ശ്രദ്ധേയമാണ്. ആർഎസ്എസിനോട് ഇടതുപക്ഷം കടുത്ത നിലപാട് എടുക്കുമ്പോൾ  അതിൽ വിട്ടുവീഴ്ച ചെയ്യുന്ന തരത്തിൽ ഉള്ള പ്രസ്താവനകൾ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തന്നെ നടത്തുന്നത് എങ്ങനെ അംഗീകരിക്കാനാകും എന്ന ചോദ്യമാണ് ലീഗിനുള്ളിൽ ഉയരുന്നത്. കെ.സുധാകരനെതിരെ കൂടുതൽ കടുത്ത വിമർശനങ്ങൾ ഉയർത്തുക ആണ് മുസ്ലിംലീഗ്.
Also Read- 'നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തു'; വിവാദപരാമര്‍ശവുമായി കെ സുധാകരന്‍

കഴിഞ്ഞ ദിവസം എംകെ മുനീർ പറഞ്ഞതിനെ പിന്തുണച്ച് കൊണ്ട് ലീഗ് നേതൃത്വം തന്നെ രംഗത്തെത്തി. ആർഎസ്എസിനോട് മൃദുസമീപനം എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ സുധാകരൻ നടത്തുന്ന പ്രസ്താവനകൾ യുഡിഎഫിന് ദോഷം ചെയ്യുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പറഞ്ഞു.

Also Read- 'സമ്മർദം ചെലുത്താമെന്ന് കരുതരുത്'; രാജ്ഭവൻ മാർച്ചിനു പിന്നാലെ ഗവർണർ

ഇത്തരത്തിൽ ഉള്ള പ്രസ്താവനകൾ ആവർത്തിക്കപ്പെടരുത്. അത് യുഡിഎഫിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കും. നാളെ ചേരുന്ന യോഗത്തിൽ അത് ചർച്ച ചെയ്യുക ചെയ്യും. ലീഗിന്റെ ആശങ്ക ഇതിനോടകം കോൺഗ്രസ് നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. യുഡിഎഫിന്റെ വേദികളിൽ അത് ചർച്ച ചെയ്യുക ചെയ്യും. മുന്നണി ബന്ധം ശക്തമാക്കാൻ വേണ്ടി കൂടിയാണ് ലീഗ് ഈ നിലപാട് എടുക്കുന്നത് എന്നും സലാം കൂട്ടിച്ചേർത്തു.‌‌

അതേസമയം ഏറനാട് എംഎൽഎ പികെ ബഷീർ ഫേസ്ബുക്കിലാണ് സുധാകരനെതിരെയുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്. കോൺ​ഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നോട്ടുവെക്കുന്ന ആശയങ്ങളിൽ നിന്നുള്ള പൂർണമായ വ്യതിചലനമാണിത്. മുസ്ലിം ലീ​ഗ് പാർട്ടി പ്രവർത്തകർക്ക് ഇത്തരം പ്രസ്താവനകൾ ഉണ്ടാക്കുന്ന വിഷമം ചെറുതല്ല.  ഇത് ബഹുമാന്യരായ എന്റെ പാർട്ടി നേതൃത്വം ​ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പ്രാവശ്യം നാക്ക് പിഴ സംഭവിക്കുന്നത് സ്വാഭാവികമായും മനസിലാക്കാം.  പക്ഷേ തുടർച്ചയായി ഇദ്ദേഹത്തിന് എങ്ങനെ ഈ വിഷയത്തിൽ നാക്ക് പിഴ വരുന്നുവെന്ന മതേതരവാദികളുടെ ആശങ്ക ഹൈക്കമാൻഡ് ​ശ്രദ്ധിക്കേണ്ടതുണ്ട്.  ഈ വിഷയം ബഹുമാന്യരായ കോൺ​ഗ്രസ് നേതൃത്വം വളരെ ​ഗൗരവമായി കാണണമെന്ന് അഭ്യർഥിക്കുകയാണ്.  കേരളത്തിന്റെ മതേതര നിലപാടിന് വിള്ളൽ വീഴ്ത്തുന്ന ഇത്തരം പ്രസ്താവനകൾ ഉന്നത സ്ഥാനങ്ങളിൽ നിൽക്കുന്നവരിൽ നിന്നും ഉണ്ടാകരുത്.  വിമർശനങ്ങളെ എന്നും ജനാധിപത്യ ബോധത്തോടെ സ്വീകരിച്ച കോൺ​ഗ്രസ് പാർട്ടി ഈ കാര്യങ്ങളും ​ഗൗരവമായും, വിഷയപരമായും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.പികെ ബഷീർ ഫേസ്ബുക്കിൽ കുറിച്ചു.
Published by:Naseeba TC
First published: