HOME » NEWS » Kerala »

സി.പി.എം റാലിയില്‍ പങ്കെടുക്കരുത്; സമസ്തയോട് മുസ്ലീം ലീഗ്: വിലക്കാനാകില്ലെന്ന് സമസ്ത

ഇന്ന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

News18 Malayalam | news18
Updated: January 12, 2020, 12:03 PM IST
സി.പി.എം റാലിയില്‍ പങ്കെടുക്കരുത്; സമസ്തയോട് മുസ്ലീം ലീഗ്: വിലക്കാനാകില്ലെന്ന് സമസ്ത
പ്രതീകാത്മ ചിത്രം
  • News18
  • Last Updated: January 12, 2020, 12:03 PM IST
  • Share this:
കോഴിക്കോട്: പൗരത്വബില്ലിനെതിരെ സി.പി.എം നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന റാലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സമസ്തക്ക് മേല്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം. സി.പിഎമ്മുമായി യോജിച്ചുള്ള സമരം വേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചിരിക്കെ സമസ്ത പരിപാടിയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് മുസ്ലിം ലീഗ് നീക്കം. എന്നാല്‍ ലീഗ് വിലക്ക് മറികടന്ന് ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സമസ്ത തീരുമാനം.

സമസ്തയുടെ മുതിര്‍ന്ന നേതാവ് പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ സംഘടനയെ പ്രതിനിധീകരിച്ച് കോഴിക്കോട്ടെത്തും. സമസ്തയുടെ പ്രവര്‍ത്തകരും സമ്മേളനത്തിനെത്തും. വ്യാഴാഴ്ച മലപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാന്തപുരം വിഭാഗവും മുജാഹിദ് സംഘടനകളും റാലിയിൽ പങ്കെടുക്കും.

Also Read-പൗരത്വ ഭേദഗതി ആരുടെയും പൗരത്വം നഷ്ടമാക്കില്ല: പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു; നരേന്ദ്ര മോദി

'മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്ന് വലിയ സമ്മര്‍ദമുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നാണ് ആവശ്യം. എന്നാല്‍ സമസ്തയുടെ നിലപാട് ലീഗിനെ അറിയിച്ചിട്ടുണ്ട്. പൗരത്വബില്ലിനെതിരെ ആര് പരിപാടി നടത്തിയാലും സഹകരിക്കാമെന്നാണ് സമസ്തയുടെ തീരുമാനം. യു.ഡി.എഫിനും ലീഗിനും വിയോജിപ്പുണ്ടെന്നുകരുതി സമസ്ത വിട്ടുനില്‍ക്കേണ്ട കാര്യമില്ല'- - പേരു വ്യക്തമാക്കരുതെന്ന ഉറപ്പില്‍ പ്രമുഖ സമസ്ത നേതാവ് ന്യൂസ് 18 നോടു പറഞ്ഞു.

പൗരത്വ ബില്ലിനെതിരെ സമസ്ത മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തത് ലീഗ് ഇടപെട്ട് വിലക്കിയത് നേരത്തെ വിവാദമായിരുന്നു. സമസ്ത വിളിച്ച യോഗം ലീഗ് മുടക്കിയതോടെ ഇരു സംഘടനകളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. സമസ്ത കോഴിക്കോട് മഹാ സമ്മേളനം വിളിച്ചുചേര്‍ത്ത് മുസ്ലിം ലീഗിന് മറുപടി നല്‍കി. മുസ്ലിം ലീഗും വിട്ടുനല്‍കിയില്ല. കഴിഞ്ഞയാഴ്ച എറണാകുളത്ത് മുസ്ലിം ലീഗ് നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബദ്ധവൈരിയായ കാന്തപുരത്തിന് മുഖ്യപ്രഭാഷണത്തിന് അവസരം നല്‍കിയാണ് മുസ്ലിം ലീഗ് മറുപടി നല്‍കിയത്. സമസ്ത നേതാവ് ബഹാവുദ്ധീന്‍ കൂരിയാട് സമ്മേളനത്തിനെത്തിയെങ്കിലും അപ്രധാന റോളിലായിരുന്നു.

Also Read-Maradu Flat Demolition | ജെയ്ൻ കോറൽ കോവ് നിലം പൊത്തിയപ്പോൾ ചുറ്റും കണ്ട കാഴ്ചകൾ

പൗരത്വബില്‍ വിഷയത്തില്‍ മുല്ലപ്പള്ളിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടില്‍ സമസ്തക്ക് കടുത്ത അതൃപ്തിയുണ്ട്. പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ പകപോക്കലിന് ഈ സമയം തിരഞ്ഞെടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് സമസ്ത നിലപാട്. ഇതുകൂടി പരിഗണിച്ചാണ് സി.പി.എമ്മും സര്‍ക്കാറും മുന്‍കയ്യെടുത്ത് നടത്തുന്ന പരിപാടിയില്‍ സജീവമായി പങ്കെടുക്കാന്‍ സമസ്ത തീരുമാനിച്ചത്. പൗരത്വബില്‍ വിഷയത്തില്‍ സി.പി.എമ്മും സര്‍ക്കാറും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും സമസ്ത വിലയിരുത്തുന്നു. ഒരുമിച്ചുള്ള സമരത്തിനൊപ്പമായിരുന്നുവെങ്കിലും കോണ്‍ഗ്രസും യു.ഡി.എഫും മറിച്ച് നിലപാടെടുത്തതോടെ മുസ്ലിം ലീഗും വെട്ടിലായിരിക്കയാണ്.

ഇതിന് പുറമെ പൗരത്വബില്ലിനെതിരെ മുസ്ലിം ലീഗ് റാലി ഇന്ന് കുന്ദമംഗലത്ത് സമാപിക്കുകയാണ്. സമസ്തയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് ലീഗ് റാലിയിലും ഏറെക്കുറെ എത്തേണ്ടത്. പ്രവര്‍ത്തകര്‍ കടപ്പുറത്തേക്ക് നീങ്ങുമോയെന്ന ആശങ്കയും മുസ്ലിം ലീഗിനുണ്ട്. പൗരത്വബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മുസ്ലിം സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളില്‍ വലിയ ധ്രുവീകരണങ്ങള്‍ക്കും ഇടയാക്കുകയാണ്.
Published by: Asha Sulfiker
First published: January 12, 2020, 12:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories