നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു; ഹരിത നേതാക്കളുടേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ്

  ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു; ഹരിത നേതാക്കളുടേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ്

  പ്രശ്നം പരിഹരിക്കാൻ  മുന്നോട്ടുവച്ച വ്യവസ്ഥകൾ ഹരിത അംഗീകരിക്കാത്തത് ആണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്

  MSF_Haritha (പ്രതീകാത്മക ചിത്രം)

  MSF_Haritha (പ്രതീകാത്മക ചിത്രം)

  • Share this:
  മലപ്പുരം: എം എസ് എഫിൻെറ വനിതാ പോഷക സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചു വിടാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി തീരുമാനം. കടുത്ത അച്ചടക്ക ലംഘനവും കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതും ആണ് നടപടിയുടെ കാരണമായി ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. മലപ്പുറത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്.

  മുസ്ലിം ലീഗിൻറെ നിർദ്ദേശങ്ങൾ പാലിക്കാത്ത, അച്ചടക്കം തുടർച്ചയായി ലംഘിക്കുന്ന ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാൻ ലീഗ് നേതൃത്വം ഒറ്റക്കെട്ടായി ആണ് തീരുമാനിച്ചത്. പുതിയ കമ്മിറ്റിയെ ലീഗ് നേതൃത്വം നിശ്ചയിക്കും. തീരുമാനം വിശദീകരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ചുമതലയുള്ള പി എം എ സലാം പറഞ്ഞു. " ഹരിത നേതാക്കൾ അച്ചടക്ക ലംഘനം, കടുത്ത അച്ചടക്ക ലംഘനം ആണ് നടത്തിയത്. 2018 ൽ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധിയും കഴിഞ്ഞിരുന്നു. എല്ലാ വർഷവും കമ്മിറ്റി രൂപീകരിക്കണം എന്ന് ആണ് നിർദേശം. ഇതാണ് പിരിച്ചു വിടാൻ ഉള്ള കാരണം. പുതിയ കമ്മിറ്റിയെ ഉടൻ തന്നെ ലീഗ് നേതൃത്വം നിർദേശിക്കും. "- അദ്ദേഹം പറഞ്ഞു.

  പാർട്ടി തീരുമാനം എല്ലാ അർത്ഥത്തിലും ശരിയാണെന്നും മറ്റ് വിശദീകരണങ്ങൾ ഇല്ലെന്നും ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു. "ഹരിത നേതൃത്വത്തെ പിരിച്ചു വിടാൻ പാർട്ടി എടുത്തത് ശരിയായ തീരുമാനം ആണ്. ഇക്കാര്യത്തിൽ ഇനി കൂടുതൽ ചർച്ചകളിലേക്കില്ല. നടപടി രണ്ട് കാരണങ്ങൾ കൊണ്ട് ആണ്. ഹരിത നേതൃത്വം കടുത്ത അച്ചടക്ക ലംഘനം നടത്തി, നിലവിലെ 'ഹരിത' കമ്മറ്റിയുടെ കാലാവധിയും അവസാനിച്ചു. ഇതിൽ ഇനി വിശദീകരണങ്ങൾ ഇല്ല. "- അദ്ദേഹം പറഞ്ഞു.

  പ്രശ്നം പരിഹരിക്കാൻ  മുന്നോട്ടുവച്ച വ്യവസ്ഥകൾ ഹരിത അംഗീകരിക്കാത്തത് ആണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. എം എസ് എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി ഹരിത പിൻവലിച്ചില്ല. എംഎസ്എഫ് നേതാക്കൾ ലീഗ് നിർദ്ദേശമനുസരിച്ച് പരസ്യ ഖേദ പ്രകടനം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പോഷക സംഘടനാ നേതാക്കളെ പുറത്താക്കാൻ മുസ്ലിംലീഗ് തീരുമാനിക്കുകയായിരുന്നു. എം കെ മുനീർ, ഇ ടി മുഹമ്മദ് ബഷീർ തുടങ്ങിയ മുതിർന്ന നേതാക്കൾ സമവായത്തിനു വേണ്ടി പരമാവധി ശ്രമിച്ചെങ്കിലും സാദിഖലി തങ്ങൾ അടക്കം ഉള്ള നേതാക്കൾ കർശന നിലപാടിൽ ഉറച്ചു നിന്നു.

  എം എസ് എഫ് യോഗത്തില്‍ വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് വനിതാ കമ്മീഷനിൽ ഹരിത നൽകിയ പരാതിയിലെ പ്രധാന ആരോപണം. എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ്  പി. കെ നവാസ് വനിതാ പ്രവർത്തകരെ വേശ്യകളെന്ന് വിളിച്ചതായും  വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു, ഹരിതയുടെ പ്രവർത്തകർ പ്രസവിക്കാത്ത ഫെമിനിസ്റ്റുകളാണെന്ന് പറഞ്ഞ് തങ്ങളെ അപമാനിച്ചു എന്നീ ആക്ഷേപങ്ങൾ ആണ് ഹരിത നേതാക്കൾ ഉയർത്തുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള 10 വനിതാ നേതാക്കളാണ് പരാതിയിൽ ഒപ്പിട്ടത്.

  സംഘടന നടപടിക്രമങ്ങളും അച്ചടക്ക പ്രശ്നവും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് എടുത്ത തീരുമാനത്തെ ന്യായീകരിക്കുമ്പോൾ, സ്ത്രീ വിരുദ്ധ നിലപാടാണ്  ലീഗ് നേതൃത്വത്തിന് എന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നുതുടങ്ങിയിട്ടുണ്ട്..
  Published by:Anuraj GR
  First published:
  )}