• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലീഗിന് വകതിരിവുണ്ടെന്ന് കോഴിക്കോട് LDF കണ്‍വീനര്‍; രാഷ്ട്രീയ എതിരാളികളുടെ പട്ടികയിൽ മുസ്ലിം ലീഗ് ഇല്ല

ലീഗിന് വകതിരിവുണ്ടെന്ന് കോഴിക്കോട് LDF കണ്‍വീനര്‍; രാഷ്ട്രീയ എതിരാളികളുടെ പട്ടികയിൽ മുസ്ലിം ലീഗ് ഇല്ല

കോണ്‍ഗ്രസ്സിനേക്കള്‍ ലീഗിന് വകതിരിവുള്ളതുകൊണ്ടാണ് പേര് പോസ്റ്ററില്‍ പേര് വെക്കാതിരുന്നതെന്ന് കോഴിക്കോട് ജില്ലാ എല്‍.ഡി.എഫ് കണ്‍വീനര്‍ മുക്കം മുഹമ്മദ്

  • Last Updated :
  • Share this:
    കോഴിക്കോട്: രാഷ്ട്രീയ എതിരാളികളില്‍ നിന്ന് മുസ്ലിം ലീഗിനെ ഒഴിവാക്കി കോഴിക്കോട്ട് LDF പോസ്റ്റര്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പറയുന്ന പാര്‍ട്ടികളുടെ കൂട്ടത്തിലാണ് ലീഗിന്റെ പേരില്ലാത്തത്. ഇന്ന് കോഴിക്കോട് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയുടെതാണ് പോസ്റ്റര്‍.

    കോണ്‍ഗ്രസ്സിനേക്കള്‍ ലീഗിന് വകതിരിവുള്ളതുകൊണ്ടാണ് പേര് പോസ്റ്ററില്‍ പേര് വെക്കാതിരുന്നതെന്ന് കോഴിക്കോട് ജില്ലാ എല്‍.ഡി.എഫ് കണ്‍വീനര്‍ മുക്കം മുഹമ്മദ് പറഞ്ഞു. സി.പി.എമ്മും ലീഗും അടുക്കുന്നുവെന്ന പ്രചാരണം ഉണ്ടായിരിക്കെ പേര് ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് ഐ.എന്‍.എല്‍ നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് പറഞ്ഞു.

    കോണ്‍ഗ്രസ്, ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നീ കക്ഷികള്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗുഢാലോചന നടത്തുന്നുവെന്നാണ് പോസ്റ്ററില്‍ പറയുന്നത്. എതിര്‍ പാര്‍ട്ടികളുടെ ലിസ്റ്റില്‍ നിന്ന് മുസ്ലിം ലീഗിനെ ഒഴിവാക്കി. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളുടെയും പേര് പോസ്റ്ററില്‍ വെക്കാനാകില്ലെന്നാണ് ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങിനെയെങ്കില്‍ എന്തുകൊണ്ട് യു.ഡി.എഫ് എന്ന് പ്രയോഗിച്ചില്ലെന്ന മറുചോദ്യവും ഉയരുന്നുണ്ട്.
    Also Read-കറുപ്പണിഞ്ഞ് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

    യു.ഡി.എഫ് എന്ന് ഉപയോഗിക്കാതെ കോണ്‍ഗ്രസ്സിനെ ഒറ്റ തിരിച്ചാണ് ആക്രമണം. അടുത്ത കാലത്തായി മുസ്ലിം ലീഗ് സംസ്ഥാന സര്‍ക്കാറിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കെ പോസ്റ്ററില്‍ നിന്ന് പേര് ഒഴിവാക്കിയതാണ് ശ്രദ്ധേയം. ഈ ആരോപണത്തെ ശരിവെക്കുന്നതായിരുന്നു എല്‍.ഡി.എഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദിന്റെ പ്രിതികരണം.

    Also Read-'പഴ്സനല്‍ സ്റ്റാഫിനെ ഒഴിവാക്കിയത് ആക്രമണത്തില്‍ പങ്കാളിയായെന്നറിഞ്ഞ ശേഷം'; കോടിയേരി

    മുസ്ലിം ലീഗ് കോണ്‍ഗ്രസ്സിനെപ്പോലെ സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭ രംഗത്തില്ലായിരുന്നു. കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ അവരും വന്നുവെന്നേയുള്ളൂ. മുസ്ലിം ലീഗിന് ഈ അടുത്ത കാലത്തായി കുറച്ച് വകതിരിവ് കണ്ടുതുടങ്ങിയിട്ടുണ്ട്'- മുക്കം മുഹമ്മദ് പറഞ്ഞു. അതേസമയം പോസ്റ്ററില്‍ നിന്ന് മുസ്ലിം ലീഗിന്റെ പേര് ഒഴിവാക്കിയതിന് ഇതുമായി ബന്ധമില്ലെന്നും എല്ലാ പാര്‍ട്ടികളുടെയും പേര് ഉള്‍പ്പെടുത്താന്‍ കഴിയാത്തതുകൊണ്ടാണ് ഇതെന്നും മുക്കം മുഹമ്മദ് വ്യക്തമാക്കി.

    അതേസമയം എതിര്‍ പാര്‍ട്ടികളുടെ ലിസ്റ്റില്‍ നിന്ന് മുസ്ലിം ലീഗിനെ ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഐ.എന്‍.എല്‍ നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് രംഗത്തെത്തി. ' എല്‍.ഡി.എഫ് പോസ്റ്ററില്‍ ലീഗിന്റെ പേര് ഒഴിവാക്കിയതില്‍ പൊതു സമൂഹത്തിനകത്ത് ഒരു ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. അത് ഒഴിവാക്കാമായിരുന്നു. സി.പി.എം മുസ്ലിം ലീഗുമായി അടുക്കുന്നുവെന്ന് ഇടക്കാലത്ത് ചില ചര്‍ച്ചകളുണ്ടായി. എന്നാല്‍ സി.പി.എമ്മും ലീഗും അങ്ങിനെയില്ല എന്ന് വിശദീകരിച്ചിട്ടുണ്ടെങ്കിലും പോസ്റ്ററില്‍ പേര് ഒഴിവാക്കിയതില്‍ പൊതുജനം ദുരൂഹത സംശയിക്കും. കോണ്‍ഗ്രസ് എന്ന് പറയുന്നതിന് പകരം യു.ഡി.എഫ് എന്ന് ഉപയോഗിക്കാമായിരുന്നു.- എന്‍.കെ അസീസ് വ്യക്തമാക്കി. അതേസമയം ലീഗിന് വകതിരിവ് വന്നതിന്റെ ഭാഗമായാണ് പേര് ഒഴിവാക്കിയതെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും. ദേശീയ രാഷ്ട്രീയ സാഹചര്യം കണ്ടുകൊണ്ട് മതേതര കക്ഷികള്‍ ഒന്നിക്കുകയെന്ന ചിന്തയുടെ ഭാഗമായാണ് ലീഗിന്റെ പേര് ഒഴിവാക്കിയതെങ്കില്‍ പ്രശ്‌നമില്ലെന്നും അസസ് വ്യക്തമാക്കി.

    എല്‍.ഡി.എഫ് പോസ്റ്ററില്‍ ബി.ജെ.പിയെ ഒഴിവാക്കി ആര്‍.എസ്.എസിനെ മാത്രം ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമാണ്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് സര്‍ക്കാറിനോട് മൃദുസമീപം സ്വീകരിക്കുന്നുവെന്ന കടുത്ത വിമര്‍ശനം കെ.എം. ഷാജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുണ്ട്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ ബി.ജെ.പി വേണ്ടത്ര സജീവമല്ലെന്ന വിമര്‍ശനവും അന്തരീക്ഷത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍.ഡി.എഫ് പോസ്റ്ററിന്റെ രാഷ്ട്രീയം ചര്‍ച്ചയാകുന്നത്.
    Published by:Naseeba TC
    First published: