കോഴിക്കോട്; സരിതയുടെ പേരിൽ ഉമ്മൻചാണ്ടിക്കെതിരെ എറിഞ്ഞത് സ്വപ്നയുടെ രൂപത്തിൽ ബൂമറാങ് പോലെ പിണറായിയുടെ നെഞ്ചത്തേക്ക് എത്തുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ നിസ്സാരമല്ലെന്നും സത്യാവസ്ഥ തെളിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥാനാണെന്നും മുനീര്‍ പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ പ്രാപ്തമായ അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് വരെ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കാത്തത് കേരളീയരെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്നും മുനീർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:'കൊടുത്താല്‍ കൊല്ലത്തും കിട്ടു'മെന്ന ചൊല്ല് ഇത്രമേല്‍ അന്വര്‍ത്ഥമായ ഒരു രാഷ്ട്രീയ സാഹചര്യം വേറെയുണ്ടായിട്ടില്ല. മുന്‍പ് സരിതയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം ഇപ്പോള്‍ സ്വപ്നയുടെ രൂപത്തില്‍ ബൂമറാങ് പോലെ പിണറായി വിജയന്റെ നെഞ്ചത്ത് കൊണ്ടിരിക്കുകയാണ് !
അതോടെ അദ്ദേഹം ഭയാനകമായ രീതിയില്‍ നിശബ്ദനായിരിക്കുന്നു.ഈ നിശബ്ദതയും നിഷ്ക്രിയത്വവും ഒരു സ്റ്റേറ്റിന്റെ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടേത് കൂടിയാണ് എന്നത് സംസ്ഥാനത്തിന്റെ ഭാവിയെ കുറിച്ചോര്‍ക്കുന്ന കേരളീയരെ ആശങ്കയിലാഴ്ത്തുന്നു.
എന്തൊക്കെയോ എവിടെയൊക്കെയോ പൊരുത്തക്കേടുകള്‍ ഉണ്ട്. എവിടെ നിന്നൊക്കെയോ ദുര്‍ഗന്ധങ്ങള്‍ വമിക്കുന്നുണ്ട്.കാറ്റ് അടിക്കുമ്ബോഴാണ് ഇലകള്‍ അനങ്ങുന്നത്. ഇപ്പോഴത്തെ ഇലയനക്കത്തിന് കാരണമായ കാറ്റ് ഏതാണ് എന്നതാണ് കണ്ടെത്തേണ്ടത്. അതിന് ഏത് അന്വേഷണ ഏജന്‍സിയാണോ പ്രാപ്തമായിട്ടുള്ളത്,ആ അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ചു സത്യം കണ്ടെത്തേണ്ടതുണ്ട്.
ആരോപണത്തിന്റെ ശരി തെറ്റുകളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പക്ഷേ ഗൗരവമായ കാര്യം, ഉന്നയിക്കപ്പെട്ടത് നിസ്സാരമായ ആരോപണങ്ങള്‍ അല്ല എന്നതാണ്. പ്രസ്തുത ആരോപണങ്ങള്‍ക്ക് നടുവില്‍ നില്ക്കുന്ന ഒരു വ്യക്തി താന്‍ ശുദ്ധനാണെന്ന് പറഞ്ഞാല്‍ മാത്രം പോര, തെളിയിക്കുക കൂടി വേണം.
ഈ തത്വമനുസരിച്ചു സംശയത്തിന്റെ നിഴലില്‍ കേരളത്തിന്റെ മുഖ്യമന്ത്രി നില്ക്കുന്ന സന്ദര്‍ഭമാണ്. ഇക്കാര്യത്തില്‍ ഒരു സന്ദേഹത്തിന്റെയും ആവശ്യമില്ല എന്ന അഭിപ്രായമുള്ളവരുണ്ട്. എന്നാലും സംശയത്തിന്റെ ആനുകൂല്യം നല്കിയാല് തന്നെ ഇരുട്ടിന്റെ നിഴലില്‍ നിന്നും വെളിച്ചത്തിലേക്ക് മാറി നിന്ന് താന്‍ കറ പുരളാത്തവനാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഉണ്ട്.
സ്വപ്ന ഉന്നയിച്ചിരിക്കുന്നത് നിസ്സാരമായ ആരോപണങ്ങളല്ല. അവര്‍ പേരെടുത്ത് പറഞ്ഞു പല ആളുകളേയും അതിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. അതില്‍ ഒന്നാം സ്ഥാനത്ത് ഒരു സംസ്ഥാനത്തിന്റെ പ്രഥമ സ്ഥാനത്തുള്ള മുഖ്യമന്ത്രിയുടെ പേരുമുണ്ട്. അപ്പോള്‍ പ്രതിബദ്ധതയുള്ള ഒരു മുഖ്യമന്ത്രിയുടെ പ്രഥമ ചുമതല താനും തനിക്ക് ചുറ്റുമുള്ളവരും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ക്ക് മുന്പില് ബൊധ്യപ്പെടുത്തലാണ്.
ബിരിയാണിയിലടക്കം ദേശവിരുദ്ധമായ കാര്യങ്ങള്‍ കടത്തി എന്ന് ആരോപണത്തിന്റെ മുനയില്‍ നില്ക്കുന്ന ഒരാളാണ് നമ്മുടെ സ്റ്റേറ്റിന്റെ ചീഫ്.അദ്ദേഹമാണ് നമ്മുടെ ഭരണകര്‍ത്താവ്. ഗൂഡാലോചന എന്ന് പറഞ്ഞു പറയുന്നവരെ മുഴുവന്‍ കല്‍ത്തുറുങ്കില്‍ അടയ്ക്കുന്നതിന് പകരം അതില്‍ പറഞ്ഞ കാര്യങ്ങളൊന്നും എന്നെ ബാധിക്കുന്നതല്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
അല്ലാത്ത പക്ഷം കറുത്ത മാസ്കിനെ പോലും പേടിച്ചു ഇനിയെത്ര നാള് ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കും..!
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.