കോഴിക്കോട്: പോപ്പലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുക്കൾ ജപ്തി ചെയ്തതിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ജപ്തി നടപടി നീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഇപ്പോൾ എസ് ഡി പി ഐയുടെ നേതാക്കന്മാർക്കും പ്രവർത്തകർക്കുമെതിരെ എടുക്കുന്ന നടപടി നേരാണെന്ന് കരുതുന്നുണ്ടോ? തീവ്രവാദത്തിന്റെ കനലിൽ വീണ്ടും എണ്ണയൊഴിക്കുകയാണ്. നിങ്ങൾ നീതിയാണോ കാണിക്കുന്നത്? അവരുടെ വീടുകളിൽ കയറി നിരപരാധിയായ അമ്മയും ഭാര്യയും മക്കളും നോക്കിനിൽക്കെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നോട്ടീസ് ഒട്ടിക്കുന്നത് സാർവത്രിക നീതിയാണോ?’- മലപ്പുറത്ത് പൊതുപരിപാടിയിൽ ഷാജി ചോദിച്ചു.
Also Read- പോപ്പുലർ ഫ്രണ്ട് ഹർത്താൽ: 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ
അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമസംഭവങ്ങളിലുണ്ടായ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ വിവിധ ജില്ലകളിലായി സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്തതിന്റെ റിപ്പോർട്ട് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചു. ആകെ 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി ചെയ്തതായാണ് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡി സരിത നൽകിയ റിപ്പോർട്ടിലുള്ളത്. മലപ്പുറം ജില്ലയിൽനിന്നാണ് ഏറ്റവുമധികം സ്വത്ത് ജപ്തി ചെയ്തത്.
ഏറ്റെടുത്ത ഭൂമിയുടെയും സ്വത്തിന്റെയും ജില്ല തിരിച്ചുള്ള കണക്കാണ് സർക്കാർ സമർപ്പിച്ചത്. ഇവരിൽ ചിലർ തങ്ങൾ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളല്ലെന്നും തെറ്റായാണ് തങ്ങളുടെ വസ്തുക്കൾ ജപ്തി ചെയ്തതെന്നും ആരോപിച്ച് പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.