'കലോത്സവവേദിയിൽ മുസ്ലീം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചവർക്കെതിരേ നടപടി വേണം'; മുസ്ലീംലീഗ്
'കലോത്സവവേദിയിൽ മുസ്ലീം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചവർക്കെതിരേ നടപടി വേണം'; മുസ്ലീംലീഗ്
മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടതെന്നും കെപിഎ മജീദ് പറഞ്ഞു
കോഴിക്കോട്: 61-ാമത് കേരള സ്കൂള്‍ കലോത്സവ വേദിയില്‍ മുസ്ലീം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചെന്നാരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് രംഗത്ത്. കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സംഗീത ശില്പത്തില് മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാർഹമാണെന്ന് കെപിഎ മജീദ് പറഞ്ഞു. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ല എന്നത് വ്യക്തമാണെന്ന് മജീദ് ആരോപിക്കുന്നു.
ഇസ്ലാമോഫോബിയയുടെ നേർചിത്രമാണിത്. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്ഫോടനം വലുതായിരിക്കുമെന്നും കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.
മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടത്.
ഇത് ജാഗ്രതക്കുറവായി തള്ളിക്കളയേണ്ട വിഷയമല്ല.
സർക്കാരിനും സംഘാടകർക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാവില്ലെന്നും ബന്ധപ്പെട്ടവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും കെപിഎ മജീദ് ആവശ്യപ്പെട്ടു.
61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാന വേദിയായ ക്യാപ്റ്റന്‍ വിക്രം മൈതാനിയിലാണ് നൃത്ത ശില്പം അരങ്ങേറിയത്.പി.കെ ഗോപി രചിച്ച് കെ.സുരേന്ദ്രന് മാസ്റ്റര്‍ സംഗീതം നല്കി ഡോ രചന നൃത്ത സംവിധാനം നിര്‍വഹിച്ച സ്വാഗത ഗാനത്തിന് മലയാളം തിയേറ്ററിക്കല്‍ ആന്‍ഡ് ഹെറിറ്റേജ് ആര്‍ട്സ് മാതാ പേരാമ്പ്രയാണ് ദൃശ്യാവിഷ്കാരം നല്‍കിയത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.